- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേദാർനാഥ് സന്ദർശനത്തിന് പ്രധാനമന്ത്രി; വെള്ളിയാഴ് രാവിലെ ഉത്തരാഖണ്ഡിലെത്തും; ശങ്കരാചാര്യരുടെ പ്രതിമ അനാച്ഛാദനം ചെയ്യും; സംസ്ഥാനത്ത് 130 കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യും
ഡെറാഡൂൺ: പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ഉത്തരഖണ്ഡ് സന്ദർശിക്കും. രാവിലെ 6.30ന് പ്രധാനമന്ത്രി ഉത്തരാഖണ്ഡിലെത്തുമെന്നു മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി അറിയിച്ചു. ആദി ഗുരു ശങ്കരാചാര്യരുടെ സമാധിയുടെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. ഇതു പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. കേദാർനാഥ് ക്ഷേത്രത്തിലും പ്രധാനമന്ത്രി മോദിയെത്തുമെന്നു മുഖ്യമന്ത്രി അറിയിച്ചു.
രാവിലെ എട്ട് മണിക്ക് കേദാർനാഥ് ക്ഷേത്രത്തിൽ പ്രധാനമന്ത്രി പ്രാർത്ഥന നടത്തും. രാവിലെ 8.35ന് ശ്രീ ആദിശങ്കരാചാര്യ സമാധി ഉദ്ഘാടനം ചെയ്യുന്ന പ്രധാനമന്ത്രി ഉത്തരാഖണ്ഡിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന 130 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. പ്രളയക്കെടുതിയിൽ നിന്ന് കരകയറുന്ന ഉത്തരാഖണ്ഡിലെ നിർമ്മാണ പ്രവർത്തനങ്ങൾ പ്രധാനമന്ത്രി വിലയിരുത്തും.
പ്രധാനമന്ത്രിയുടെ സന്ദർശനത്തിനു മുന്നോടിയായി കേദാർനാഥിലെ ഒരുക്കങ്ങൾ പൂർത്തിയായി. 2013ലെ ഉത്തരാഖണ്ഡ് പ്രളയത്തിൽ തകർന്ന ആദി ശങ്കരാചാര്യരുടെ സമാധിയാണ് ഇപ്പോൾ വീണ്ടും പുനർനിർമ്മിച്ചിരിക്കുന്നത്. പ്രധാനമന്ത്രി മഹാരുദ്ര അഭിഷേകം നടത്തി രാജ്യത്തിനായി പ്രാർത്ഥിക്കുമെന്ന് കേദാർനാഥ് ക്ഷേത്രത്തിലെ പൂജാരി ബാഗിഷ് ലിങ് പ്രതികരിച്ചു.
പ്രധാനമന്ത്രി ശങ്കരാചാര്യരുടെ പ്രതിമ അനാച്ഛാദനം ചെയ്യും. ക്ഷേത്രം പൂക്കളാൽ അലങ്കരിച്ചിരിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു. 130 കോടിയുടെ വികസന പദ്ധതികളാണു പ്രധാനമന്ത്രി വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യുക.
പതിവ് മുടക്കാതെ പ്രധാനമന്ത്രി ദീപാവലി ദിനത്തിൽ സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കാനായി വ്യാഴാഴ്ച ജമ്മു കാശ്മീരിലെത്തിയിരുന്നു. രജൗറിയിലെ നൗഷേര സെക്ടറിലെ നിയന്ത്രണ രേഖയ്ക്ക് സമീപം നിലയുറപ്പിച്ച സായുധ സേനാംഗങ്ങൾക്കൊപ്പമാണ് പ്രധാനമന്ത്രി ദീപാവലി ആഘോഷിച്ചത്. ബ്രിഗേഡിയർ ഉസ്മാൻ, നായിക് ജദുനാഥ് സിങ്, ലഫ്റ്റനന്റ് ആർ ആർ റാണെ എന്നീ ധീരസൈനികർക്ക് ആദരാഞ്ജലി അർപ്പിച്ചു.
'130 കോടി ഇന്ത്യക്കാരുടെ ആശംസകളുമായാണ് ഞാൻ നിങ്ങളെ കാണാനെത്തിയിരിക്കുന്നതെന്ന് മോദി സൈനികരോട് പറഞ്ഞു.നവീന സാങ്കേതികവിദ്യകളും അടിസ്ഥാനസൗകര്യങ്ങളും ഉപയോഗിച്ച് അതിർത്തിപ്രദേശങ്ങളായ ലഡാക്കിൽ നിന്ന് അരുണാചൽ പ്രദേശ് വരെയും ജയ്സാൽമർ മുതൽ ആൻഡമാൻ നിക്കോബാർ വരെയും സമ്പർക്കം സൃഷ്ടിച്ചത് സൈനികർക്ക് ഇതുവരെയുണ്ടാകാത്തവിധത്തിലുള്ള സൗകര്യങ്ങളും അടിസ്ഥാനവികസനവും പ്രാപ്തമാക്കി.
'രാജ്യത്തിന്റെ പ്രതിരോധത്തിൽ വനിതകളുടെ കൂടുതൽ പങ്കാളിത്തം പുതിയ ഉയരങ്ങൾ തൊടുകയാണ്. 'ലോക രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യൻ സായുധ സേന അവർക്കൊപ്പം തന്നെ പ്രൊഫഷണലാകുമ്പോഴും അതിന്റെ മാനുഷിക മൂല്യങ്ങൾ അതിനെ വൈവിധ്യമുള്ളതും അനിതര സാധാരണവുമാക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
'ഞങ്ങൾ രാജ്യം എന്നതിനെ ഗവൺമെന്റ്, അധികാരം അല്ലെങ്കിൽ സാമ്രാജ്യം എന്നിവയായി കണക്കാക്കുന്നില്ല. ഞങ്ങളെ സംബന്ധിച്ചിടത്തോളം അത് ജീവനുള്ളതും ആത്മാവുമാണ്. അതിനെ പ്രതിരോധിക്കുന്നത് ഭൂമിശാസ്ത്രപരമായ അതിരുകൾ സംരക്ഷിക്കുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല. ഞങ്ങളെ സംബന്ധിച്ചിടത്തോളം ദേശീയ പ്രതിരോധം എന്നാൽ ദേശീയ കരുത്ത്, ദേശീയ ഐക്യം, ദേശീയ സംയോജനം എന്നിവയെ സംരക്ഷിക്കുക എന്നാണ്- മോദി പറഞ്ഞു.
സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കുക എന്നത് തന്നെ സംബന്ധിച്ച് കുടുംബത്തിനൊപ്പം ദീപാവലി ആഘോഷിക്കുന്നതു പോലെയാണെന്ന് സൈനികരെ അഭിസംബോധന ചെയ്യവേ അദ്ദേഹം പറഞ്ഞു. ഇക്കാരണത്താലാണ് അധികാര സ്ഥാനത്തെത്തിയ ശേഷം എല്ലാ വർഷവും അതിർത്തിയിൽ സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കാറുള്ളത്. താൻ തനിച്ചല്ല വന്നതെന്നും 130 കോടി ജനങ്ങളുടെ ആശംസകൾ ഒപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ധീരസൈനികർക്ക് ഐക്യദാർഢ്യമെന്ന നിലയിൽ ദീപാവലി ദിവസം വൈകിട്ട് എല്ലാവരും 'ദിവ്യ' ദീപം തെളിയിക്കുമെന്നും രാജ്യത്തിന് സുരക്ഷയായി നിലകൊള്ളുന്നവരാണ് സൈനികരെന്ന് മോദി പറഞ്ഞു. രാജ്യത്തിന്റെ ധീര സന്തതികളായി രാജ്യത്തെ സേവിക്കുക എന്നത് എല്ലാവർക്കും ലഭിക്കുന്ന ബഹുമതിയല്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
നൗഷെറയിൽ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം രാജ്യത്തെ എല്ലാ ജനങ്ങൾക്കും ദീപാവലി, ഗോവർദ്ധൻ പൂജ, ഭയ്യ ദൂജ്ചാത്ത് ആശംസകൾ നേർന്നു. ഗുജറാത്തിലെ ജനങ്ങൾക്ക് അദ്ദേഹം പുതുവൽസരാശംസകളും നേർന്നു. നൗഷെറയുടെ ചരിത്രം ഇന്ത്യയുടെ ധീരത ആഘോഷിക്കുന്നതായി പറഞ്ഞ നരേന്ദ്ര മോദി സൈനികരുടെ ധീരതയേയും ദൃഢനിശ്ചയത്തേയും പ്രശംസിച്ചു. നൗഷെറയിൽ രാജ്യത്തിനായി ജീവത്യാഗം ചെയ്ത ബ്രിഗേഡിയർ ഉസ്മാൻ, നായിക് ജദുനാഥ് എന്നിവർക്ക് അദ്ദേഹം ആദരാഞ്ജലികൾ അർപ്പിച്ചു.
ധീരതയ്ക്കും ദേശസ്നേഹത്തിനും സമാനതകളില്ലാത്ത മാതൃകയാണ് ലഫ്റ്റനന്റ് ആർ ആർ റാണെയും മറ്റ് സൈനികരും സൃഷ്ടിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സായുധ സേനയ്ക്ക് പിന്തുണ നൽകിയ ബാൽദേവ് സിങ്, ബസന്ത് സിങ് എന്നിവരുടെ അനുഗ്രഹം തേടുന്നതിൽ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സർജിക്കൽ സ്ട്രൈക്കിൽ പങ്കെടുത്ത സൈനികരെ അഭിനന്ദിച്ച പ്രധാനമന്ത്രി സർജിക്കൽ സ്ട്രൈക്കിന് ശേഷം ധീര സൈനികർ സുരക്ഷിതരായി മടങ്ങി വന്നപ്പോഴുണ്ടായ നിമിഷം ഓർത്തെടുത്തു.
രാജ്യത്തിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കാൻ എല്ലാവർക്കും ഉത്തരവാദിത്വമുണ്ട്. ''ഇന്നത്തെ ഇന്ത്യ, സ്വാതന്ത്ര്യത്തിന്റെ 'അമൃത കാലത്തിൽ' രാജ്യത്തിന്റെ ശേഷിയേയും വിഭവങ്ങളേയും കുറിച്ചു ജാഗ്രത പുലർത്തുന്നു''വെന്ന് പ്രധാനമന്ത്രി പറഞ്ഞു. മുൻ കാലങ്ങളിൽ വിദേശ രാജ്യങ്ങളെ ആശ്രയിക്കേണ്ടിയിരുന്ന സ്ഥാനത്ത് ഇന്ന് രാജ്യം സൈനിക രംഗത്തും സ്വയംപര്യാപ്തമായിരിക്കുന്നു. പ്രതിരോധ ബജറ്റിലെ 65 ശതമാനവും രാജ്യത്തിനുള്ളിൽ തന്നെ ഉപയോഗിക്കുന്നു. 200 തദ്ദേശീയ ഉൽപ്പന്നങ്ങളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്.
ഈ പട്ടിക സമീപഭാവിയിൽ തന്നെ വിപുലീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പഴയ ഓർഡനൻസ് ഫാക്ടറികളുടെ സ്ഥാനത്ത് വിജയദശമി ദിനത്തിൽ ഏഴ് പുതിയ പ്രതിരോധ കമ്പനികൾ ഉദ്ഘാടനം ചെയ്ത കാര്യം അദ്ദേഹം ഓർമിപ്പിച്ചു. ഈ കമ്പനികൾ ഇപ്പോൾ പ്രത്യേക ഉപകരണങ്ങളും സ്ഫോടക വസ്തുക്കളും നിർമ്മിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഇക്കാര്യങ്ങളെല്ലാം പ്രതിരോധ ഉപകരണങ്ങൾ കയറ്റുമതി ചെയ്യുന്ന രാജ്യം എന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഇന്ത്യൻ സൈനികശക്തി കാലാനുസൃതമായി വിപുലീകരിക്കേണ്ടതും മാറേണ്ടതുമാണെന്ന കാര്യം നരേന്ദ്ര മോദി ആവർത്തിച്ച് വ്യക്തമാക്കി. അതിവേഗത്തിൽ മാറുന്ന സാങ്കേതിക വിദ്യ പുതിയ മാറ്റങ്ങൾ ആവശ്യപ്പെടുന്നതിനാൽ സൈനിക നേതൃത്വത്തിൽ സഹകരിച്ചുള്ള പ്രവർത്തനം നിർണായകമാണ്. സിഡിഎസുകളും സൈനികകാര്യ വകുപ്പും ഈ മേഖലയിലുള്ള പ്രവർത്തനത്തിലാണ്. അതിർത്തിയിലെ ആധുനിക അടിസ്ഥാന സൗകര്യങ്ങൾ സൈനിക ശക്തി വർദ്ധിപ്പിക്കും.
നവീന സാങ്കേതിക വിദ്യകളും അടിസ്ഥാന സൗകര്യങ്ങളും ഉപയോഗിച്ച് അതിർത്തി പ്രദേശങ്ങളായ ലഡാക്കിൽ നിന്ന് അരുണാചൽ പ്രദേശ് വരെയും ജയ്സാൽമർ മുതൽ ആൻഡമാൻ നിക്കോബാർ വരെ സമ്പർക്കം സൃഷ്ടിച്ചത് സൈനികർക്ക് ഇതുവരെയുണ്ടാകാത്ത വിധത്തിലുള്ള സൗകര്യങ്ങളും അടിസ്ഥാന വികസനവും പ്രാപ്തമാക്കിയതായി അദ്ദേഹം വ്യക്തമാക്കി.
സൈന്യത്തിലെ വനിതകളുടെ എണ്ണം വർദ്ധിക്കുന്നത് പുതിയ നേട്ടങ്ങൾക്ക് വഴി വയ്ക്കുന്നതായി പറഞ്ഞ പ്രധാനമന്ത്രി അക്കാര്യത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചു. വ്യോമ-നാവിക സേനകളുടെ മുൻനിരകളിൽ സ്ഥാനമുറപ്പിച്ച ശേഷം വനിതകൾ ഇപ്പോൾ കരസേനയിലും തങ്ങളുടെ പ്രാതിനിധ്യം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്. പെർമനന്റ് കമ്മീഷൻ ആരംഭിച്ചതിനൊപ്പം എൻഡിഎ, ദേശീയ സൈനിക സ്കൂൾ, നാഷണൽ ഇന്ത്യൻ മിലിറ്ററി കോളേജ് ഫോർ വിമൻ എന്നിവ കൂടാതെ പെൺകുട്ടികൾക്കായി സൈനിക് സ്കൂൾ ആരംഭിക്കുമെന്ന തന്റെ സ്വാതന്ത്ര്യദിന പ്രഖ്യാപനവും പ്രധാനമന്ത്രി പരാമർശിച്ചു.
അതിരുകൾക്കതീതമായ കഴിവുകൾ മാത്രമല്ല, അചഞ്ചലമായ സേവന മനോഭാവവും ശക്തമായ നിശ്ചയദാർഢ്യവും സമാനതകളില്ലാത്ത സംവേദനക്ഷമതയും സായുധ സേനയിൽ കാണുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത് ലോകത്തിലെ സായുധസേനകളിലെ മികച്ച ഒന്നായി ഇന്ത്യയുടെ സായുധസൈന്യത്തെ മാറ്റുന്നു. ലോക രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യൻ സായുധ സേന അവർക്കൊപ്പം തന്നെ പ്രൊഫഷണലാകുമ്പോഴും അതിന്റെ മാനുഷിക മൂല്യങ്ങൾ അതിനെ വൈവിധ്യമുള്ളതും അനിതര സാധാരണവുമാക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ''നിങ്ങൾക്ക് ഇത് ശമ്പളത്തിനായുള്ള ജോലി മാത്രമല്ല, നിങ്ങൾക്ക് ഇത് ഒരു ഉൾവിളിയും ആരാധനയുമാണ്, 130 കോടി ജനങ്ങളുടെ ചേതനയെ നയിക്കുന്ന ഒരു ആരാധനയാണ്.
''സാമ്രാജ്യങ്ങൾ വരുന്നു, പോകുന്നു. എന്നാൽ ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഇന്ത്യ ശാശ്വതമായിരുന്നു. ഇന്നും അങ്ങനെ തന്നെ തുടരുന്നു, ആയിരക്കണക്കിന് വർഷങ്ങൾക്ക് ശേഷവും ശാശ്വതമായി നിലനിൽക്കും. ഞങ്ങൾ രാജ്യം എന്നതിനെ ഗവൺമെന്റ്, അധികാരം അല്ലെങ്കിൽ സാമ്രാജ്യം എന്നിവയായി കണക്കാക്കുന്നില്ല. ഞങ്ങളെ സംബന്ധിച്ചിടത്തോളം അത് ജീവനുള്ളതും ആത്മാവുമാണ്. അതിനെ പ്രതിരോധിക്കുന്നത് ഭൂമിശാസ്ത്രപരമായ അതിരുകൾ സംരക്ഷിക്കുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല. ഞങ്ങളെ സംബന്ധിച്ചിടത്തോളം ദേശീയ പ്രതിരോധം എന്നാൽ ദേശീയ കരുത്ത്, ദേശീയ ഐക്യം, ദേശീയ സംയോജനം എന്നിവയെ സംരക്ഷിക്കുക എന്നാണ്.''- പ്രധാനമന്ത്രി പറഞ്ഞു.
''ആകാശത്തെ സ്പർശിക്കുന്ന വീര്യത്താൽ നമ്മുടെ സായുധ സേനകൾ അനുഗൃഹീതമാണെങ്കിൽ, അവരുടെ ഹൃദയങ്ങൾ കാരുണ്യത്തിന്റെ സമുദ്രമാണ്. അതുകൊണ്ടാണ് നമ്മുടെ സായുധ സേന അതിർത്തികൾ സംരക്ഷണത്തിൽ മാത്രമല്ല, ദുരന്തങ്ങളിലും പ്രകൃതിദുരന്തങ്ങളിലും എപ്പോഴും സഹായിക്കാൻ സജ്ജരാകുന്നത്. ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിൽ ശക്തമായ വിശ്വാസമായി അതുവളർന്നു. നിങ്ങൾ ഇന്ത്യയുടെ ഐക്യത്തിന്റെയും അഖണ്ഡതയുടെയും 'ഏക ഭാരതം ശ്രേഷ്ഠ ഭാരതം' എന്ന വികാരത്തിന്റെയും സംരക്ഷകരാണ്. നിങ്ങളുടെ ധീരതയുടെ പ്രചോദനം ഉൾക്കൊണ്ട് നാം ഇന്ത്യയെ വളർച്ചയുടെയും പുരോഗതിയുടെയും പരകോടിയിലേക്ക് കൊണ്ടുപോകുമെന്ന് എനിക്ക് പൂർണ വിശ്വാസമുണ്ട്.''- പ്രധാനമന്ത്രി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ