ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി ഇന്ത്യൻ പ്രധാനമന്ത്രി ഫലസ്തീൻ സന്ദർശിക്കാൻ ഒരുങ്ങുന്നു. ഫെബ്രുവരി 10നാണ് നരേന്ദ്ര മോദിയുടെ ഫലസ്തീൻ സന്ദർശനം. റാമല്ലയിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനം എ്ന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.പത്തിന് വൈകിട്ട് അദ്ദേഹം യുഎഇയിലേക്കു തിരിക്കും.

12 വരെ യുഎഇയിലും ഒമാനിലുമാണു സന്ദർശനം. ഒമാനിലേക്കും ഇതാദ്യമായാണ് മോദി സന്ദർശനത്തിനെത്തുന്നത്. യുഎഇയിലേക്ക് രണ്ടാം തവണയും. യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ ക്ഷണപ്രകാരമാണ് ഇത്തവണത്തെ സന്ദർശനം. ഫലസ്തീനിലെയും യുഎഇയിലെയും ഒമാനിലെയും ഭരണാധികാരികളുമായി വിവിധ വിഷയങ്ങളിൽ മോദി ചർച്ച നടത്തും.

ദുബായിൽ നടക്കുന്ന ആറാമത് ലോക സർക്കാർ ഉച്ചകോടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ഉച്ചകോടിയിൽ ഇന്ത്യയ്ക്ക് 'ഗസ്റ്റ് ഓഫ് ഓണർ' പദവി നൽകിയിട്ടുണ്ട്. യുഎഇയിലെയും ഒമാനിലെയും ഇന്ത്യക്കാരുമായി മോദി കൂടിക്കാഴ്ച നടത്തുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.