മോസ്‌കോ: തെറ്റുകളും അബദ്ധങ്ങളും ആർക്കും സംഭവിക്കുന്ന കാര്യമാണ്. ദേശീയപതാകയെയും ഗാനത്തെയും മനപ്പൂർവ്വം അപമാനിക്കുന്നത് ശിക്ഷ അർഹിക്കുന്ന കുറ്റമാണ് താനും. എന്നാൽ, ഈ രണ്ട് കാര്യങ്ങളും അവിചാരിതമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവിൽ സംഭവിച്ചത് ദേശീയ ഗാനത്തിനിടെ പ്രധാനമന്ത്രി നടന്ന സംഭവമാണ്. റഷ്യയിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയപ്പോഴാണ് പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്നും വീഴ്‌ച്ചയുണ്ടായത്.

വിമാനത്താവളത്തിൽ ഇറങ്ങി ചുവന്ന പരവതാനിയിലൂടെ നടന്ന് തുടങ്ങുമ്പോഴേക്ക് ബാൻഡ് വാദകർ ദേശീയ ഗാനം ആരംഭിക്കുകയായിരുന്നു. വിമാനത്താവളത്തിൽ സ്വീകരിച്ച റഷ്യൻ ഉദ്യോഗസ്ഥൻ ആനയിച്ചതിനെ തുടർന്ന് മോദി നടന്നു തുടങ്ങിയെങ്കിലും മറ്റൊരു ഉദ്യോഗസ്ഥൻ പിന്തിരിപ്പിക്കുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥൻ പ്രധാനമന്ത്രിയെ തിരികെ സ്ഥാനത്തേക്ക് നയിച്ചു.

രാജ്യത്തിന്റെ ദേശീയ ഗാനം കേൾക്കെ ചലിക്കാതെ നിൽക്കണമെന്ന പ്രോട്ടോക്കോൾ പ്രധാനമന്ത്രി ലംഘിച്ചതായാണ് വിലയിരുത്തപ്പെടുന്നത്. ദേശീയ ഗാനത്തിന് ശേഷം മാത്രമേ ആതിഥേയ രാജ്യപ്രതിനിധി അതിഥിയെ ആനയിക്കാൻ പാടുള്ളൂ എന്നതാണ് പ്രോട്ടോക്കോൾ. സംഭവം ദേശീയ മാദ്ധ്യമങ്ങളിലടക്കം വാർത്തയായിട്ടുണ്ട്.

നേരത്തെ അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമയ്ക്ക് നൽകാൻ ദേശീയ പതാകയിൽ സ്വന്തം കയ്യൊപ്പ് ചാർത്തിയതും വിവാദത്തിലായിരുന്നു. ഒബാമ നൽകാൻ വേണ്ടി മോദി കൊണ്ടുവന്ന പതാക വിദേശകാര്യ വക്താവ് വികാസ് ഖന്നയുടെ കയ്യിലാണ് കണ്ടത്. സംഭവം വിവാദമായതോടെ ഉദ്യോഗസ്ഥർ വികാസ് ഖന്നയുടെ കയ്യിൽ നിന്നും പതാക തിരിച്ചു വാങ്ങുകയുമായിരുന്നു. ഇത് സോഷ്യൽ മീഡിയയിലും ഏറെ ചർച്ചയ്ക്ക് ഇടയാക്കി. ദേശീയ പതാകയെ അപമാനിച്ചെന്നും നിയമങ്ങൾ തെറ്റിച്ചെന്നുമാണ് പ്രധാന ആക്ഷേപം. നമ്മുടെ ദേശീയ പതാകയാണ്. വെറുതെ ഒപ്പുവെക്കാനുള്ള മൂല്യമല്ല ദേശീയ പതാകക്കുള്ളതെന്നാണ് ട്വിറ്ററിൽ ഒരാളുടെ പ്രതികരിച്ചത്.

ഈത് കൂടാതെ മോദി ദേശീയപതാകാ വിവാദത്തിൽ പെട്ടത് ആസിയാൻ ഉച്ചകോടിക്കിടെയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ അബേയുമൊത്തുള്ള ഇന്ത്യൻ ദേശീയ പതാകയ്ക്ക് മുന്നിലുള്ള ചിത്രമാണ് അന്ന് വിവാദത്തിലായത്. പതാകയുടെ മുന്നിൽ നിന്ന് ഫോട്ടോ എടുത്തത് മാത്രമല്ല വിവാദത്തിന് കാരണമായിരിക്കുന്നത്.

ഫോട്ടോയിൽ ദേശീയ പതാകയെ തലതിരിച്ചാണ് കെട്ടിയിരിക്കുന്നത്. പതാകയിൽ പച്ചനിറമുള്ള അടിഭാഗം മുകളിൽ വരുന്ന രീതിയിലായിരുന്നു ഇപ്പാൻ പതാകയ്‌ക്കൊപ്പം ഇന്ത്യൻ പതാക സ്ഥാപിച്ചിരുന്നത്. ചിത്രത്തിൽ തല തിരിഞ്ഞ ഇന്ത്യൻ പതാക വ്യക്തമായി കാണാൻ കഴിയുമായിരുന്നു. ചിത്രം പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ദേശീയ പതാക തലതിരിച്ച് കെട്ടുന്നത് അനാദരായാണ് കാണുന്നത്. സംഭവത്തിൽ തെറ്റ് മനസിലായ അധികൃതർ ദേശീയ പതാക നേരെ വച്ച് ചിത്രം വീണ്ടുമെടുക്കുകയായിരുന്നു.