ലോകമെമ്പാടുമുള്ള മലയാളികൾക്ക് മലയാളത്തിൽ തിരുവോണ ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് മോദി മലയാളത്തിൽ ആശംസകൾ അറിയിച്ചത്. എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന പ്രധാനമന്ത്രി, സൗഹാർദ്ദത്തിന്റെയും ഐക്യത്തിന്റെയും ആഘോഷമാണ് ഓണമെന്നും കുറിച്ചു. കഠിനാധ്വാനികളായ നമ്മുടെ കർഷകരോട് നന്ദി പ്രകടപ്പിക്കാനുള്ള അവസരം കൂടിയാണ് ഈ ഉത്സവമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഓണത്തെ കുറിച്ച് വിശദീകരിക്കുന്ന ഒരു വീഡിയോയും മോദി പങ്കുവച്ചിട്ടുണ്ട്. ഓണം ലോകത്തിന്റെ ആഘോഷമായി മാറിക്കഴിഞ്ഞതായി അദ്ദേഹം വീഡിയോയിൽ പറയുന്നു.

മോദിയുടെ മലയാളത്തിലുള്ള ആശംസാ കുറിപ്പ്

എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു. ഓണം സൗഹാർദത്തിന്റെയും ഐക്യത്തിന്റെയും ആഘോഷമാണ്. കഠിനാധ്വാനികളായ നമ്മുടെ കർഷകരോട് നന്ദി പ്രകടിപ്പിക്കാനുള്ള ഒരു അവസരം കൂടിയാണ് ഈ ഉത്സവം. ഈ ഓണക്കാലത്ത് എല്ലാവർക്കും ആയുരാരോഗ്യസൗഖ്യവും സന്തോഷവും നേരുന്നു.

 

മലയാളികൾക്ക് ഓർമ്മകളുടെ വസന്തകാലമാണ് ഓണം. മനം നിറയെ തുമ്പയും മുക്കൂറ്റിയും കാക്കപ്പൂവും വിരിയുന്നകാലം. അതിരാവിലെ കുളിച്ച് കോടിയുടുപ്പിട്ട് പൂവിറുത്ത് പൂവട്ടിനിറച്ച് മുറ്റത്ത് പൂക്കളം തീർക്കണം. അത്തം മുതൽ തീർത്ത കളങ്ങളെക്കാൾ വലിയ കളം തീർത്ത് മാവേലിയെ വരവേൽക്കണം.ആർത്തുമദിക്കുന്ന കുട്ടിക്കൂട്ടങ്ങൾക്ക് അന്നത്തെ കളികളെല്ലാം ഓണക്കളികളാണ്. മൂളുന്നതെല്ലാം ഓണപ്പാട്ടുകളാണ്. നാക്കിലയിൽ വിഭവങ്ങൾ വിളമ്പി ഒരുപിടി സദ്യയും കൂടി വേണം ഓണത്തിന്റെ രുചിയറിയാൻ.

കാലമെത്ര തന്നെ മാറിയാലും ഓണമുള്ളിടത്തോളം മലയാളി മലയാണ്മ മറക്കില്ല, കെട്ടുകാഴ്ചകളെത്ര മാറിയാലും ഒരു മുണ്ടും നേരിയതും ചുറ്റിയുടുത്ത് മലയാളിക്ക് ഓർമ്മകളിലേക്കിറങ്ങി വരാൻ ഓണമിങ്ങനെ വന്നുകൊണ്ടിരിക്കും ഒപ്പം മാവേലി തമ്പുരാനും.
തിരുവോണദിവസമായ ഇന്ന് കേരളത്തിലെ ഏക വാമനമൂർത്തി ക്ഷേത്രമായ തൃക്കാക്കരയിലും ആഘോഷം ചടങ്ങുകളിൽ ഒതുങ്ങും. രാവിലെ ഏഴരയ്ക്ക് മഹാബലിയെ എതിരേൽക്കുന്നതാണ് പ്രധാന ചടങ്ങ്. വൈകിട്ട് അഞ്ചിന് കൊടിയിറക്കൽ. അഞ്ച് മുപ്പതിന് ആറാട്ടെഴുന്നള്ളത്തോടെ ചടങ്ങുകൾക്ക് സമാപനമാകും. കോവിഡ് പശ്ചാത്തലത്തിൽ പ്രസിദ്ധമായ തൃക്കാക്കര തിരുവോണ സദ്യ ഒഴിവാക്കിയിട്ടുണ്ട്.

ഓണപ്പൊട്ടനില്ലാതെ ഓണക്കാലമാണ് ഇക്കുറി മലബാറിൽ. കോവിഡ് വ്യാപനം കണക്കിലെടുത്ത് വീടുകളിൽ പോകേണ്ടെന്നാണ് പതിറ്റാണ്ടുകളായി കോലം കെട്ടുന്ന തെയ്യം കലാകാരന്മാരുടെ തീരുമാനം മണികിലുക്കിയെത്തുന്ന ഓണേശ്വരന് നേർച്ചയായി അരിയും പണവും. ഓരോണം കഴിഞ്ഞാൽ അടുത്ത കൊല്ലത്തേക്ക് ഓണപ്പൊട്ടനായി കരുതുന്ന നേർച്ച. മലബാറുകാരുടെ ജീവിതത്തോട് അത്രയേറെ ചേർന്നു നിൽക്കുന്നു ഓണേശ്വരൻ അഥവാ ഓണപ്പൊട്ടൻ

വെള്ളൊലിപ്പിൽ തറവാട്ടിലെ കാരണവർ. കേളപ്പേട്ടന് ഓണക്കാലത്ത് ഇത് പോലെ ഒരിക്കലും ഇരിക്കേണ്ടി വന്നിട്ടില്ല. പ്രായത്തെ തോൽപ്പിച്ച് ഓണപ്പൊട്ടനായി എത്രയെത്ര വീടുകളിലെത്തിയേനെ ഓണം ഓർമ്മകളിൽ തന്നെ ആദ്യമായി ഓലക്കുടയും മണിയുമെല്ലാം തെയ്യം കലാകാരന്മാരുടെ വീട്ടകങ്ങളിലാണ്. തൃശൂരിൽ ഇക്കുറി ഓൺലൈൻ വഴിയാണ് പുലികളി നടക്കുക. അയ്യന്തോൾ ദേശമാണ് ഓൺലൈൻ വഴി പുലികളി സംഘടിപ്പിച്ചിരിക്കുന്നത് . ശക്തമായ കോവിഡ് മാദണ്ഡങ്ങൾ പാലിച്ചാണ് സർക്കാരും രംഗത്തെത്തിയിരക്കുന്നത്. പൊതു ഇടങ്ങളിൽ ഓണ സദ്യയ്ക്ക് വിലക്കാണ്. സാമൂഹിക അകലം പാലിച്ച് വേണം ഓണ സദ്യ കഴിക്കാൻ. ബന്ധുവീടുകളുടെ സന്ദർശനം, ആഘോഷ പരിപാടികൾ എന്നി ഒഴിവാക്കാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.