- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയാക്കി മാറ്റും; സ്വന്തമായി അത്യന്താധുനിക സൈനിക സംവിധാനങ്ങൾ നിർമ്മിക്കും; ഏഴ് പ്രതിരോധ കമ്പനികൾ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയാക്കി ഇന്ത്യയെ മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓർഡ്നൻസ് ഫാക്ടറി ബോർഡ് വിഭജിച്ച് രൂപം നൽകിയ ഏഴ് പ്രതിരോധ കമ്പനികൾ രാജ്യത്തിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്പനികൾ പ്രതിരോധ മേഖലയുടെ മുഖച്ഛായ മാറ്റുമെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.
പ്രതിരോധ വകുപ്പിൽ സ്വാശ്രയത്വം മെച്ചപ്പെടുത്തുന്നതിനാണ് ഓർഡ്നൻസ് ഫാക്ടറി ബോർഡ് വിഭജിച്ച് സർക്കാർ ഉടമസ്ഥതയിലുള്ള ഏഴ് കോർപ്പറേറ്റ് സ്ഥാപനങ്ങളാക്കി മാറ്റാൻ തീരുമാനിച്ചത്.
ഇന്ത്യയെ ലോകത്തിലെ തന്നെ ഏറ്റവും വലിയ സൈനിക ശക്തിയാക്കി മാറ്റുക എന്നതാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യം സ്വന്തമായി അത്യന്താധുനിക ശേഷിയുള്ള സൈനിക സംവിധാനങ്ങൾ ഉണ്ടാക്കാൻ പ്രാപ്തമാകും. പുതിയ കമ്പനികൾക്ക് ഇപ്പോൾ തന്നെ 65,000 കോടി രൂപയുടെ ഓർഡറുകൾ ലഭിച്ചതായും പ്രധാനമന്ത്രി വ്യക്തമാക്കി.
പതിറ്റാണ്ടുകളായി മുടങ്ങിക്കിടക്കുന്ന നിരവധി പദ്ധതികൾ പുനരാരംഭിക്കും. ഗവേഷണത്തിനും നവീകരണത്തിനുമായിരിക്കും ഈ കമ്പനികൾ മുൻഗണന നൽകുന്നതെന്നും മോദി പറഞ്ഞു. പ്രതിരോധ രംഗത്ത് തന്റെ സർക്കാർ സുതാര്യത കൊണ്ടുവന്നതായി പ്രധാനമന്ത്രി അവകാശപ്പെട്ടു.
തോക്കുകൾ, ആയുധങ്ങൾ, യുദ്ധവാഹനങ്ങൾ തുടങ്ങിയവ ആഗോള ബ്രാൻഡായി ഇവിടെ നിന്ന് വിതരണം ചെയ്യും. പ്രതിരോധ മേഖലയിൽ പുതിയ കണ്ടുപിടുത്തങ്ങൾ നടത്തേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ' പുതിയ കണ്ടുപിടുത്തങ്ങളും അതിന്മേലുള്ള ഗവേഷണവുമാണ് ഒരു രാജ്യത്തെ നിർവചിക്കുന്നത്. ഇന്ത്യയുടെ കാര്യം തന്നെ നോക്കുക. പുതിയ കണ്ടുപിടുത്തങ്ങൾ നടത്തുന്നവർക്ക് പൂർണ സ്വാതന്ത്ര്യമുണ്ട്.
നിങ്ങൾക്ക് പൂർണ സുരക്ഷയോടെയുള്ള ആവിഷ്കാര സ്വാതന്ത്ര്യം ലഭിക്കും. മറ്റ് രാജ്യങ്ങളുടെ ഒപ്പം നിൽക്കുക എന്നതല്ല ലക്ഷ്യം. ആഗോളതലത്തിൽ തന്നെ മികച്ച സ്ഥാനം നേടുക എന്നതാണ് ലക്ഷ്യം. പ്രതിരോധ സംവിധാനങ്ങളുടെ കയറ്റുമതിയിൽ കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് 315 ശതമാനം അധിക വളർച്ചയാണ് ഉണ്ടായത്. പുതിയ ഭാവിക്കായുള്ള കണ്ടുപിടുത്തങ്ങളാണ് നമ്മുടെ രാജ്യം നടത്തുന്നത്.
കര, നാവിക, വ്യോമ സേനകൾക്കാവശ്യമായ സാമഗ്രികൾ നിർമ്മിക്കുന്ന ഫാക്ടറികൾ ആണ് ഓർഡനൻസ് ഫാക്ടറികൾ. ആയുധങ്ങൾ, സേനാ വാഹനങ്ങൾ, യന്ത്രത്തോക്കുകൾ, വെടിയുണ്ടകൾ, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ, പാരച്ചൂട്ട്,കൊടും തണുപ്പിൽ സേനാംഗങ്ങൾക്കാവശ്യമായ വസ്ത്രങ്ങൾ, ഷൂസ്, സ്ഫോടകവസ്തുക്കൾ തുടങ്ങിയവയാണ് ഫാക്ടറികളിൽ പ്രധാനമായും നിർമ്മിക്കുന്നത്.
41 ഫാക്ടറികളെ ഏഴായി തരംതിരിച്ചാണ് കോർപറേറ്റ് മാനേജ്മെന്റുകൾക്കു രൂപം നൽകിയത്. 246 വർഷം പഴക്കമുള്ള ഓർഡനൻസ് ഫാക്ടറി ബോർഡ് കേന്ദ്രസർക്കാർ പിരിച്ചുവിട്ടിരുന്നു. 1775ൽ ബ്രിട്ടിഷുകാരാണ് ഓർഡനൻസ് ഫാക്ടറി ബോർഡ് (ഒഎഫ്ബി)ക്കു രൂപം നൽകിയത്.
മ്യൂണിഷൻസ് ഇന്ത്യ ലിമിറ്റഡ്, ആർമേർഡ് വെഹിക്കിൾസ് നിഗം ലിമിറ്റഡ്, അഡ്വാൻസ്ഡ് വെപൺസ് ആൻഡ് എക്വിപ്മെന്റ് ഇന്ത്യ ലിമിറ്റഡ്, ട്രൂപ് കംഫർട്സ് ലിമിറ്റഡ്, യന്ത്ര ഇന്ത്യ ലിമിറ്റഡ്, ഇന്ത്യ ഓപ്റ്റൽ ലിമിറ്റഡ്, ഗ്ലൈഡേർസ് ഇന്ത്യ ലിമിറ്റഡ് എന്നിവയാണ് പുതുതായി രാജ്യത്തിന് സമർപ്പിക്കപ്പെട്ട കമ്പനികൾ. രാജ്യത്തെ കര-വ്യോമ-നാവികാ സേനാ വിഭാഗങ്ങളിൽ നിന്നും പാരാമിലിറ്ററി ഫോഴ്സുകളിൽ നിന്നുമായുള്ള 65000 കോടി രൂപയുടെ 66 പുതിയ കരാറുകളാണ് ഈ കമ്പനികൾക്ക് ആദ്യം ലഭിച്ചത്.
ന്യൂസ് ഡെസ്ക്