ന്യൂഡൽഹി: ഡൽഹിയിൽ മുഖ്യഎതിരാളികൾ അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാർട്ടിയാണെന്ന് വ്യക്തമായതോടെ ആപ്പിനെ ആക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് പ്രചരണം. ആം ആദ്മിയെ പരിഹസിച്ചും കടന്നാക്രമിച്ചുകൊണ്ടായിരുന്നു ഡൽഹിയിലെ തെരഞ്ഞെടുപ്പ് റാലിയിൽ മോദി പ്രസംഗിച്ചത്.

ഒരു വർഷം മുൻപ് അധികാരത്തിലേറി ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് അധികാരം വിട്ട് ഒളിച്ചോടിയവരാണ് അവർ. അവർ നിങ്ങളുടെ സ്വപ്നങ്ങൾ നശിപ്പിച്ചു, ഡൽഹിയേയും. ജനങ്ങളെ പിന്നിൽ നിന്നു കുത്തിയവരാണവർ. വിശ്വാസ വഞ്ചകർക്ക് വീണ്ടും വോട്ട് നൽകരുത്. വീണ്ടും വീണ്ടും വഞ്ചിക്കപ്പെട്ട് മണ്ടന്മാരാവാൻ ജനം തയ്യാറാവില്ല മോദി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം ആദ്യമായി കിഴക്കൻ ഡൽഹിയിലെ വോട്ടർമാരോട് സംസാരിക്കുകയായിരുന്നു മോദി.

ഏറ്റവും കൂടുതൽ സീറ്റുകളിൽ കെട്ടിവച്ച പണം നഷ്ടപ്പെട്ട പാർട്ടിയെന്ന ലോക റെക്കാഡ് ആർക്ക് അവകാശപ്പെട്ടതാണെന്ന് എല്ലാവർക്കും അറിയാമല്ലോ എന്നു മോദി പരിഹാസത്തോടെ ചോദിച്ചു. അര മണിക്കൂർ നീണ്ട പ്രസംഗത്തിനിടെ ഡൽഹിയിലെ ബിജെപി സ്ഥാർത്ഥികളെയും മോദി പരിചയപ്പെടുത്തി. കോൺഗ്രസും ആം ആദ്മിയും തമ്മിൽ പിന്നണിയിൽ രഹസ്യ ധാരണയുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.