ബംഗളൂരു: പതിനായിരക്കണക്കിന് പ്രവാസികളുമായി താൻ ഇതിനകം സംവദിച്ചുകഴിഞ്ഞതായും പ്രവാസികളുടെ ക്ഷേമത്തിന് തന്റെ സർക്കാർ സാധ്യമാവുന്നതെല്ലാം ചെയ്യുമെന്നും നരേന്ദ്ര മോദി. പ്രവാസി ഭാരതീയ ദിവസിനോടനുബന്ധിച്ച് ബംഗളൂരുവിൽ നടക്കുന്ന മൂന്നുദിവസത്തെ പ്രവാസി ഭാരതീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

അധികാരമേറ്റതിനുശേഷം താൻ സന്ദർശിച്ച വിദേശരാജ്യങ്ങളുടെ പേരുകളെല്ലാം എണ്ണിയെണ്ണി പറഞ്ഞുകൊണ്ടാണ് പ്രവാസികളുടെ ക്ഷേമത്തിനായി സർക്കാർ ആവുന്നതെല്ലാം ചെയ്യുമെന്ന് മോദി വ്യക്തമാക്കിയത്. പ്രവാസികൾ രാജ്യപുരോഗതിയിൽ നടത്തുന്ന ഇടപെടലുകൾ അഭിനന്ദനാർഹമാണ്. പ്രവാസികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മന്ത്രി സുഷമാ സ്വരാജ് സോഷ്യൽ മീഡിയയിലൂടെ ഉൾപ്പെടെ ഇടപെടലുകൾ നടത്തുന്നു. 

നിങ്ങൾ ഏതുരാജ്യത്തിന്റെ പാസ്‌പോർട്ടാണ് കൈവശം വച്ചിരിക്കുന്നതെങ്കിലും നിങ്ങൾ ഇന്ത്യക്കാരാണ്. ഞങ്ങൾ നിങ്ങൾക്ക് ഇന്ത്യയുമായുള്ള രക്തബന്ധം മാത്രമാണ് കാണുന്നത്. വിദേശങ്ങളിൽ ജോലി തേടുന്ന ഇന്ത്യൻ യുവാക്കളുടെ കഴിവും കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതിന് പ്രവാസി കൗശൽ വികാസ് യോജന നടപ്പാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. നിലവിൽ പ്രവാസികളിൽ പിഐഒ (പഴ്‌സൺസ് ഓഫ് ഇന്ത്യൻ ഒറിജിൻ) കാർഡ് ഉള്ളവർ അത് ഒസിഐ (ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ) കാർഡ് ആക്കി മാറ്റണമെന്ന് പ്രധാനമന്ത്രി സമ്മേളനത്തിൽ ആഹ്വാനം ചെയ്തു. ഇതിനായുള്ള കാലാവധി ഈ വർഷം ജൂൺ 30 വരെ നീട്ടിയെന്നും ഇതിനു പിഴ ഈടാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആയിരങ്ങൾ ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നു. ദശലക്ഷങ്ങൾ ഇന്റർനെറ്റിലൂടെ സമ്മേളനവുമായി ബന്ധപ്പെടുന്നു. സർക്കാർ പ്രവാസികളുടെ പ്രശ്‌നങ്ങൾക്ക് മുന്തിയ പരിഗണനയാണ് നൽകുന്നത്. ഏതാണ്ട് 30 ദശലക്ഷം ഇന്ത്യക്കാർ വിദേശങ്ങളിലുണ്ട്. അവരുടെ എണ്ണത്തിലല്ല, മറിച്ച് അവർ രാജ്യത്തിന് നൽകുന്ന സംഭാവനകളെയാണ് രാജ്യം പരിഗണിക്കുന്നത്. അവരിൽ തന്നെ റോൾ മോഡലുകളായ നിരവധി പേരുണ്ട്.

രാജ്യത്തിന്റെ മൂല്യങ്ങളും സംസ്‌കാരവും വിദേശങ്ങളിൽ പ്രചരിക്കപ്പെടുന്നത് അവരിലൂടെയാണ്. രാജ്യത്തിന്റെ ക്ഷേമത്തിനായി പ്രവാസികൾ നൽകിയ സംഭാവനകൾ നിസ്തുലമാണ്. വർഷംതോറും ഏതാണ്ട് 69 ബില്യൺ ഡോളറാണ് പ്രവാസികൾ ഇന്ത്യയിലെത്തിക്കുന്നത്. ഇത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണെന്നും മോദി പറഞ്ഞു.

മൂന്നുദിവസത്തെ സംഗമത്തിന്റെ ഭാഗമായി ശനിയാഴ്ച ചേർന്ന യുവപ്രവാസി സമ്മേളനം കേന്ദ്ര യുവജനകാര്യ സഹമന്ത്രി വിജയ് ഗോയൽ, പ്രവാസികാര്യ സഹമന്ത്രി ജനറൽ വി കെ സിങ് എന്നിവർ സംയുക്തമായാണ് ഉദ്ഘാടനംചെയ്തത്. സുരിനാം ഉപരാഷ്ട്രപതി മൈക്കിൾ അശ്വിൻ അധിൻ മുഖ്യാതിഥിയായിരുന്നു. ഇന്റർനാഷണൽ എക്‌സിബിഷൻ സെന്ററിൽ ചേർന്ന ചടങ്ങിൽ കർണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ സംബന്ധിച്ചു.

ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പ്രവാസി ഭാരതീയ സമ്മേളനത്തിൽ പോർച്ചുഗൽ പ്രധാനമന്ത്രി ഡോ. അന്റോണിയോ കോസ്റ്റയാണ് മുഖ്യാതിഥി. മലേഷ്യന്മന്ത്രി എസ് സ്വാമിവേലു, മലേഷ്യൻ സർക്കാരിന്റെ പ്രത്യേക പ്രതിനിധി ഡോ. എസ് സുബ്രഹ്മണ്യം, മൗറീഷ്യസ് ആരോഗ്യമന്ത്രി പൃഥ്വിരാജ്‌സിങ് രൂപൻ എന്നിവർ വിശിഷ്ടാതിഥികളാകും. മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിൽ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പങ്കെടുക്കുന്നുണ്ട്.

തിങ്കളാഴ്ച വിവിധ വിഷയങ്ങളിൽ സമ്മേളനങ്ങൾ നടക്കും. സമാപനസമ്മേളനത്തിൽ രാഷ്ട്രപതി പ്രണബ് മുഖർജി സംബന്ധിക്കും. പ്രവാസി ഭാരതീയ സമ്മാൻ ഇന്ത്യൻ അമേരിക്കൻ വംശജനായ ഡോ. ഭാരത് ബാറായിക്കും ഡോ. സമ്പത് ഷിവാഗിക്കും രാഷ്ട്രപതി സമ്മാനിക്കും. പ്രധാനമന്ത്രി നരേന്ദമോദിയുടെ മാഡിസൺ ചത്വര സമ്മേളനത്തിനു ചുക്കാൻ പിടിച്ചവരിൽ പ്രമുഖനാണ് ഡോ. ബറായി. ഇന്ത്യഅമേരിക്ക ബന്ധം ശക്തമാക്കുന്നതിനുള്ള ഇടനിലക്കാരനായി പ്രവർത്തിച്ച ആളാണ് ഡോ. ഷിവാഗി. ഏഴായിരം പ്രതിനിധികൾ സമ്മേളനത്തിൽ സംബന്ധിക്കുന്നുണ്ട്. സംഗമത്തിൽ പങ്കെടുക്കുന്നവർക്ക് നോട്ട് പ്രതിസന്ധിയുണ്ടാകാതിരിക്കാൻ പ്രത്യേക സംവിധാനമൊരുക്കിയിട്ടുണ്ട്.