- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് വാക്സിൻ കുപ്പിയുടെ പുറത്ത് 'അഭിനന്ദനം ഇന്ത്യ';100 കോടി ഡോസ് വാക്സിൻ കുത്തിവെപ്പിന് പിന്നാലെ ട്വിറ്ററിലെ പ്രൊഫൈൽ ചിത്രം മാറ്റി പ്രധാനമന്ത്രി; ഇന്ത്യ ചരിത്രം രചിച്ചിരിക്കുന്നു എന്ന് ട്വീറ്റും
ന്യൂഡൽഹി: രാജ്യത്ത് 100 കോടി ഡോസ് കോവിഡ് വാക്സിൻ കുത്തിവെപ്പ് പൂർത്തിയായതിന് പിന്നാലെ ട്വിറ്ററിലെ പ്രൊഫൈൽ ചിത്രം മാറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് വാക്സിൻ കുപ്പിയുടെ പുറത്ത് 'അഭിനന്ദനം ഇന്ത്യ' എന്ന് രേഖപ്പെടുത്തിയ പുതിയ ചിത്രമാണ് പ്രൊഫൈലിൽ ഉൾപ്പെടുത്തിയത്. രാജ്യത്ത് 100 കോഡി ഡോസ് കോവിഡ് വാക്സിൻ ഡോസുകൾ കുത്തിവച്ചുവെന്നും അതിൽ വ്യക്തമാക്കിയിട്ടുണ്ട്.
''ഇന്ത്യ ചരിത്രം രചിച്ചിരിക്കുന്നു. ഇന്ത്യൻ ശാസ്ത്ര രംഗത്തിന്റെയും സംരംഭകരുടെയും 130 കോടി ഇന്ത്യക്കാരുടെയും വിജയമാണിത്'' - പ്രധാനമന്ത്രി വ്യാഴാഴ്ച ട്വീറ്റ് ചെയ്തു. രാജ്യം 100 കോടി ഡോസ് വാക്സിൻ കുത്തിവെപ്പ് പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെ ആയിരുന്നു ട്വീറ്റ്. കഴിഞ്ഞ ഏപ്രിലിലും പ്രധാനമന്ത്രി തന്റെ പ്രൊഫൈൽ ചിത്രം മാറ്റിയിരുന്നു.
കോവിഡ് ലോക്ഡൗൺ മെയ് മൂന്നുവരെ നീട്ടുന്നതായി പ്രഖ്യാപിച്ചുകൊണ്ട് രാജ്യത്തെ അഭിസംബോധന ചെയ്തതിന് പിന്നാലെ ആയിരുന്നു ഇത്. കോവിഡിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ വായും മൂക്കും തൂവാലകൊണ്ട് മറച്ച നിലയിലുള്ളതായിരുന്നു പുതിയ ചിത്രം.
2021 ജനുവരി 16-ന് ആരോഗ്യപ്രവർത്തകർക്ക് കുത്തിവെപ്പ് നൽകിക്കൊണ്ടാണ് ഇന്ത്യയിൽ വാക്സിനേഷൻ യജ്ഞം ആരംഭിച്ചത്. 3006 കുത്തിവെപ്പ് കേന്ദ്രങ്ങളിലൂടെ 165714 പേരാണ് ആദ്യദിനം വാക്സിനെടുത്തത്. ഫെബ്രുവരി 2 മുതൽ മറ്റ് മുന്നണിപ്പോരാളികൾക്കും കുത്തിവെപ്പ് നൽകി. തൊട്ടടുത്ത മാസം ഒന്നാം തീയതി മുതലായിരുന്നു മുതിർന്ന പൗരന്മാർക്കും 45 വയസ്സിന് മുകളിൽ പ്രായമുള്ള അസുഖബാധിതർക്കും മുൻഗണനാക്രമത്തിൽ പ്രതിരോധ കുത്തിവയ്പ്പ് നൽകിയത്. കഴിഞ്ഞ മെയ് ഒന്ന് മുതൽ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും പ്രതിരോധ കുത്തിവയ്പ്പ് ലഭിച്ചു തുടങ്ങി.
കഴിഞ്ഞ 10 മാസം കൊണ്ടാണ് ഇന്ത്യ നൂറുകോടി ഡോസ് തികയ്ക്കുന്നത്. 85 ദിവസംകൊണ്ട് 10 കോടി ജനങ്ങൾക്ക് വാക്സിൻ കുത്തിവച്ചു. 45 ദിവസങ്ങൾകൂടി പിന്നിട്ടപ്പോൾ വാക്സിൻ കുത്തിവെ്പ്പ് എടുത്തവരുടെ എണ്ണം 20 കോടി കടന്നു. 29 ദിവസങ്ങൾകൂടി കഴിഞ്ഞപ്പോൾ 30 കോടി പിന്നിട്ടു. 24 ദിവസം കൊണ്ടാണ് വാക്സിൻ കുത്തിവെപ്പ് 30 കോടിയിൽനിന്ന് 40 കോടിയിലെത്തിയത്. 50 കോടി കടക്കാൻ വീണ്ടും 20 ദിവസംകൂടി വേണ്ടിവന്നു. 76 ദിവസങ്ങൾകൂടി കഴിഞ്ഞാണ് 100 കോടി ജനങ്ങൾക്ക് വാക്സിൻ കുത്തിവെപ്പ് നൽകാൻ കഴിഞ്ഞത്. വാക്സിൻ നൂറുകോടി ക്ലബ്ബിലേക്ക് ഇന്ത്യയെത്തുന്നത് ചൈനയ്ക്ക് തൊട്ടുപിറകെയാണ്. മറ്റുള്ള രാജ്യങ്ങളിലെ ജനംസംഖ്യ നൂറു കോടിക്ക് മുകളിൽ ഇല്ലാത്തതിനാൽ ഇന്ത്യയ്ക്കും ചൈനയ്ക്കും പുറമെ മറ്റാരും ഇതിലേക്ക് കടന്നുവരികയുമില്ല.
വാക്സസിൻ സംഭരണം, വിതരണം തുടങ്ങി എല്ലാ മേഖലകളിലും രാജ്യം നേരിട്ട വെല്ലുവിളികൾ ചെറുതല്ല. ആരോഗ്യ സംവിധാനങ്ങളുടെ പരിമിതി നേരിടുന്ന രാജ്യത്തെ ഉൾഗ്രാമങ്ങളിൽ വരെ വാക്സിനേഷൻ കേന്ദ്രങ്ങളാരംഭിച്ചു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ മലനിരകളിലെ ജനവാസ കേന്ദ്രങ്ങളിൽ ഡ്രോൺ സംവിധാനം ഉപയോഗിച്ചാണ് വാക്സിനെത്തിച്ചത്.
ഒക്ടോബർ 5-ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ഐ ഡ്രോൺ ക്യാമ്പയിൻ ലോഞ്ച് ചെയ്തു. മേക്ക് ഇന്ത്യ പദ്ധതിയിൽ നിർമ്മിച്ച ഡ്രോണുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. മണിപ്പൂരിലെ ബിഷ്ണുപൂർ ജില്ലാ ആശുപത്രിയിൽ നിന്നും, കാരങ്ക് ദ്വീപിലേക്ക് ആദ്യമായി ഡ്രോണിൽ വാക്സിനെത്തി. രാജ്യത്ത് നിലവിൽ 74,583 വാക്സിൻ വിതരണ കേന്ദ്രങ്ങളാണുള്ളത്. ഇതിൽ 72,396 എണ്ണം സർക്കാർ തലത്തിലും 2,187 എണ്ണം സ്വകാര്യ മേഖലയിലുമാണ്.