ന്യൂഡൽഹി : അഞ്ചു ദിവസമായി വിവിധ മന്ത്രാലയങ്ങളുടെ സെക്രട്ടറിമാർ നടത്തുന്ന പദ്ധതി അവതരണങ്ങളാൽ സജീവമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതി. ഓരോ മന്ത്രാലയവും നടപ്പാക്കിവരുന്ന പദ്ധതികളുടെയും ഇനി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളുടെയും അവതരണമാണ് പ്രധാനമന്ത്രിയുടെ മുൻപാകെ നടത്തുന്നത്. ബജറ്റിൽ ഉൾക്കൊള്ളിക്കേണ്ട നിർദ്ദേശങ്ങളും ഇതോടൊപ്പമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഗൗരവത്തോടെയുള്ള ചർച്ചകളാണ് നടത്തുന്നത്.

ഇതിനിടെയാണ് ഏവരേയും ഞെട്ടിച്ച് പ്രധാനമന്ത്രി യോഗത്തിൽ നിന്ന് ഇറങ്ങി പോയത്. സെക്രട്ടറിമാരുടെ റിപ്പോർട്ടിൽ കടുത്ത അതൃപ്തിയാണ് പ്രധാനമന്ത്രി പ്രകടിപ്പിച്ചത്. ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെയും കാർഷിക മന്ത്രാലയത്തിന്റെയും അവതരണങ്ങൾ തൃപ്തികരമല്ലെന്നു പറഞ്ഞാണു മോദി ഇറങ്ങിപ്പോയത്. നിങ്ങൾ വേണ്ടത്ര ചിന്തിക്കാതെയും ഗൃഹപാഠം ചെയ്യാതെയുമാണ് അവതരണം തയാറാക്കിയതെന്ന് ഉദ്യോഗസ്ഥരോടു തുറന്നടിച്ചു പറയാനും മോദി മടിച്ചില്ല. അവതരണങ്ങൾ പുതുക്കിക്കൊണ്ടുവരാനും അദ്ദേഹം നിർദ്ദേശിച്ചു.

നിതി ആയോഗിലെ ഉന്നത ഉദ്യോഗസ്ഥരും ഈ യോഗത്തിൽ പങ്കെടുത്തിരുന്നു. വിവധ സെക്രട്ടറിമാരുടെ അവതരണത്തിൽ ആദ്യം മോദി അതൃപ്തി പ്രകടിപ്പിച്ചു. അതിന് ശേഷവും പ്രധാനമന്ത്രി പ്രതീക്ഷ തലത്തിലേക്ക് ചിലർ എത്തിയില്ല. ഇതോടെയായിരുന്നു പ്രതിഷേധം അറിയിച്ച് ഇറങ്ങി പോയത്. ബജറ്റിന് മുമ്പ് ഓരോ മന്ത്രാലായങ്ങളുടേയും നിർദ്ദേശങ്ങൾ നേരിട്ട് കേൾക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന പതിവ് സാധാരണ പ്രധാനമന്ത്രിമാർക്കുണ്ടായിരുന്നില്ല. ഇതിന് മാറ്റം വരുത്താനും എല്ലാ ഉദ്യോഗസ്ഥരുമായും കൂടുതൽ അടുക്കാനുമാണ് പ്രധാനമന്ത്രി ശ്രമിച്ചത്.

എന്നാൽ പ്രധാനമന്ത്രി ആഗ്രഹിച്ച തലത്തിലെ മുന്നൊരുക്കങ്ങൾ സെക്രട്ടറി മാർ നടത്തിയില്ല. ചിലരെല്ലാം ഒരു ഗൃഹപാഠം പോലും നടത്താതെയാണ് യോഗത്തിനെത്തിയതെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് സൂചന നൽകുന്നു