ന്യൂഡൽഹി: മലയാളം അടക്കമുള്ള 22 ഇന്ത്യൻ ഭാഷകളിലെ യുവ എഴുത്തുകാരെ പ്രോൽസാഹിപ്പിക്കുന്നതിന് ആവിഷ്‌കരിച്ച പ്രധാനമന്ത്രി യുവ പദ്ധതിക്ക് (pime Minister's Scheme For Mentoring Young Authors)തുടക്കമായി. 30 വയസ്സിനു താഴെയുള്ള പ്രതിഭാശാലികളായ ചെറുപ്പക്കാരെ പരിശീലനവും മാർഗനിർദേശവും നൽകി ഉയർത്തിക്കൊണ്ടുവരികയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വാർത്താ കുറിപ്പിൽ അറിയിച്ചു.

നാഷനൽ ബുക്ട്രസ്റ്റിനാണ് നിർവഹണ ചുമതല. 75 യുവ എഴുത്തുകാരെയാണ് പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കുക. ഇവർക്ക് നാലാഴ്ച നീളുന്ന ഓൺലൈൻ, ഓഫ് ലൈൻ പരിശീലനം ലഭിക്കും. പദ്ധതിയുടെ ഭാഗമായി തയ്യാറാക്കുന്ന പുസ്തകം നാഷനൽ ബുക് ട്രസ്റ്റ് പ്രസിദ്ധീകരിക്കും. മെന്റർഷിപ്പ് പരിപാടിയുടെ അവസാന ഘട്ടത്തിൽ മൂന്ന് ലക്ഷം രൂപയുടെ സ്റ്റൈപ്പന്റ് ലഭിക്കും. പദ്ധതിയുടെ ഭാഗമായി ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന ആശയം പ്രോത്സാഹിപ്പിക്കുന്നതിന് ഈ കൃതികൾ ഇതര ഇന്ത്യൻ ഭാഷകളിലേയ്ക്കു പരിഭാഷപ്പെടുത്തുകയും ചെയ്യും. തെരഞ്ഞെടുക്കപ്പെടുന്ന യുവ എഴുത്തുകാർക്ക് മികച്ച എഴുത്തുകാരുമായി സംവദിക്കുന്നതിനും സാഹിത്യ ഉത്സവങ്ങളിൽ പങ്കെടുക്കുന്നതിനും അവസരം ലഭിക്കും.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുമ്പോൾ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട സംഭവങ്ങളെയും സ്വന്തം മേഖലകളിൽ ആ കാലഘട്ടത്തിലുണ്ടായ വീരേതിഹാസങ്ങളെയും രേഖപ്പെടുത്താൻ 2021 ജനുവരി 31 ലെ മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു. അതിന്റെ തുടർച്ചയായാണ് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ഈ പദ്ധതി നിലവിൽ വന്നത്. 'ആസാദി കാ അമൃത് മഹോത്സവ്' എന്ന പദ്ധതിയുടെ ഭാഗമാണ് യുവ പദ്ധതി. ഇത്തരത്തിൽ ഇന്ത്യൻ പൈതൃകവും സംസ്‌കാരവും വൈജ്ഞാനിക സമ്പ്രദായവും പ്രോത്സാഹിപ്പിക്കുന്ന എഴുത്തുകാരുടെ ഒരു നിരയെ വികസിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.


എങ്ങനെ അപേക്ഷിക്കാം?

1. മുപ്പതു വയസ്സാണ് പ്രായപരിധി. 2021 ജൂൺ ഒന്നിന് മുപ്പതു വയസ്സ് തികഞ്ഞതോ അതിനു താഴെയുള്ളതോ ആയ ഇന്ത്യൻ പൗരന്മാർക്ക് അപേക്ഷിക്കാം.

2. അപേക്ഷാ ഫോമും അയ്യായിരം വാക്കിൽ കൂടാത്ത ടൈപ്പ് ചെയ്ത കുറിപ്പും nboungwriters@gmail.com എന്ന വിലാസത്തിൽ ഇമെയിൽ അയക്കണം. അപേക്ഷാ ഫോം കിട്ടാൻ ഇവിടെ ക്ലിക്ക് ചെയ്യണം.

3. കുറിപ്പിനുള്ള വിഷയങ്ങൾ ഇവയാണ്: സ്വാതന്ത്ര്യ സമരത്തിലെ വാഴ്‌ത്തപ്പെടാത്ത വീരനായകർ, ദേശീയ പ്രസ്ഥാനത്തെക്കുറിച്ചുള്ള അറിയപ്പെടാത്ത വിസ്തുതകൾ, സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിൽ വിവിധ ദേശങ്ങളുടെ പങ്ക്. ദേശീയ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ, സാംസ്‌കാരിക, സാമ്പത്തിക, ശാസ്ത്ര വശങ്ങളെക്കുറിച്ച് പുതിയ സമീപനമുള്ളതായിരിക്കണം കുറിപ്പ്.

4. 2021 ജൂൺ ഒന്നു മുതൽ 2021 ജുലൈ 31 വരെയാണ് മൽസര കാലയളവ്.

5. അപേക്ഷയും കുറിപ്പും ലഭിക്കേണ്ട അവസാന തീയതി: 2021 ജുലൈ 31 രാത്രി 11. 59.

6. മലയാളം അടക്കം 22 ഇന്ത്യൻ ഭാഷകളിൽ കുറിപ്പുകൾ അയക്കാം.

 

എങ്ങനെയാവും തെരഞ്ഞെടുപ്പ്?

1. നാഷനൽ ബുക് ട്രസ്റ്റ് (എൻ ബി ടി) വെബ്സൈറ്റ് വഴി (htps://www.nbtindia.gov.in/)ദശീയ തലത്തിൽ നടത്തുന്ന മൽസരത്തിലൂടെയാവും യുവ എഴുത്തുകാരെ തെരഞ്ഞെടുക്കുക.

2. എൻ ബി ടി ഏർപ്പെടുത്തുന്ന വിദഗ്ധ സമിതിയായിരിക്കും തെരഞ്ഞെടുപ്പ് നടത്തുക.

3. 2021 മെയ് 29-നാണ് പദ്ധതി നിലവിൽ വന്നത്.

4. ഇ-മെയിലിൽ ലഭിക്കുന്ന കുറിപ്പുകളും അപേക്ഷാ ഫോമും വിദഗ്ധ സമിതി പരിശോധിച്ച് അർഹരായവരെ തെരഞ്ഞെടുക്കും.

5. 2021 ഓഗസ്ത് 15-ന് സ്വാതന്ത്ര്യ ദിനത്തിൽ തെരഞ്ഞെടുക്കപ്പെട്ടവരുടെ പേരു വിവരങ്ങൾ പ്രഖ്യാപിക്കും.

6. തെരഞ്ഞെടുക്കപ്പെട്ടവർ, തങ്ങളുടെ മെന്റർമാരുടെ മാർഗനിർദേശ പ്രകാരം പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കാനുള്ള എഴുത്ത് 2021 ഡിസംബർ 15നു മുമ്പ് സമർപ്പിക്കണം.

7. 2022 ജനുവരി 12-ന് ദേശീയ യുവജന ദിനത്തിൽ പുസ്തകങ്ങൾ പ്രകാശനം ചെയ്യും.

8. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ആറുമാസത്തേയ്ക്ക് പ്രതിമാസം 50,000 രൂപയുടെ സ്റ്റൈപ്പന്റ് (ആകെ മൂന്നു ലക്ഷം രൂപ) അനുവദിക്കും.