ഇസ്ലാമാബാദ്: മാധ്യമങ്ങൾക്ക് രഹസ്യങ്ങൾ ചോർത്തി നൽകിയതിന്റ പേരിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വിശ്വസ്തനെ പുറത്താക്കി. നവാസ് ഷെരീഫിന്റെ വിദേശകാര്യ ഉപദേഷ്ടാവ് താരിഖ് ഫത്തേമിയെയാണ് സ്ഥാനത്തുനിന്ന് നീക്കിയത്. പാക്കിസ്ഥാന്റെ രാഷ്ട്രീയ-സൈനിക നേതൃത്വങ്ങളിലുള്ളവർ പങ്കെടുത്ത ഉന്നതതല സുരക്ഷാ യോഗത്തിന്റെ രഹസ്യ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയതിന്റെ പേരിലാണ് നടപടി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച പ്രത്യേക സമിതിയുടെ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ അംഗീകരിച്ചാണ് ഫത്തേമിക്കെതിരെ നടപടി സ്വീകരിച്ചത്.

ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് അതീവ പ്രാധാന്യമുള്ള യോഗത്തിൽ ചർച്ച ചെയ്യപ്പെട്ട കാര്യങ്ങൾ കഴിഞ്ഞ വർഷം ഒക്ടോബറിൽ ഡോൺ പത്രത്തിൽ വാർത്തയായിരുന്നു. യോഗത്തിൽ രാഷ്ട്രീയ-സൈനിക നേതൃത്വങ്ങൾ തമ്മിൽ കടുത്ത അഭിപ്രായഭിന്നത ഉടലെടുത്തതായി ആയിരുന്നു റിപ്പോർട്ട്. ഇന്ത്യയ്ക്കും അഫ്ഗാനിസ്ഥാനും എതിരെ നിഴൽയുദ്ധങ്ങൾ നടത്തുന്ന പാക്കിസ്ഥാനിലെ തീവ്രവാദ വിഭാഗങ്ങളെ സംബന്ധിച്ചായിരുന്നു തർക്കം ഉടലെടുത്തതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

പാക്കിസ്ഥാൻ കേന്ദ്രീകരിച്ചുള്ള തീവ്രവാദ പ്രവർത്തനങ്ങൾ അന്തർദേശീയ രംഗത്ത് രാജ്യം ഒറ്റപ്പെടുന്നതിന് കാരണമാകുന്നതായും ഇക്കാര്യത്തിൽ സൈനിക നേതൃത്വത്തിന്റെ ഇടപെടൽ ഉണ്ടാകണമെന്നും സർക്കാർ ആവശ്യപ്പെട്ടിരുന്നു. നിരോധിക്കപ്പെട്ട തീവ്രവാദ സംഘങ്ങളുടെ പ്രവർത്തനങ്ങളിൽ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള രഹസ്യാന്വേഷണ ഏജൻസികൾ ഇടപെടുന്നില്ലെന്ന് സർക്കാർ ചൂണ്ടിക്കാട്ടിയതായും വാർത്തയിൽ വ്യക്തമാക്കിയിരുന്നു.

ഈ വാർത്തയെക്കുറിച്ച് സൈന്യത്തിന്റെ ഭാഗത്തുനിന്ന് കടുത്ത പ്രതിഷേധം ഉയർന്നു. വാർത്ത പുറത്തായതിന്റെ പേരിൽ വാർത്താവിനിമയ വകുപ്പ് മന്ത്രി പർവേസ് റഷീദിനെ പുറത്താക്കണമെന്നും ആവശ്യമുയർന്നു. തുടർന്നാണ് സംഭവത്തിന്റെ ഉത്തരവാദിയെ കണ്ടെത്തുന്നതിന് സൈന്യത്തിന്റെ ആവശ്യപ്രകാരം അന്വേഷണത്തിന് ഉത്തരവിട്ടത്. വാർത്ത ചോർത്തിയതിന്റെ പ്രാഥമിക ഉത്തരവാദിത്വം ഫത്തേമിക്കാണെന്ന് വ്യക്തമാക്കുന്നതായിരുന്നു റിപ്പോർട്ട്. തുടർന്നാണ് ഫത്തേമിയെ പുറത്താക്കിക്കൊണ്ട് പ്രധാനമന്ത്രി നവാസ് ഷെരീഫ് ഉത്തരവ് പുറപ്പെടുവിച്ചത്.