ന്യൂഡൽഹി: രാജ്യത്തെ കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട് നിർണ്ണായക പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.രാജ്യത്തെ കോവിഡ് വാക്‌സിൻ നയത്തിൽ കേന്ദ്രസർക്കാർ മാറ്റം വരുത്തി. ഇനി മുതൽ 18 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും വാക്‌സീൻ സൗജന്യമായി നൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചു. സൗജന്യ വാക്‌സിന്റെ വിതരണം ജൂൺ 21 മുതൽ ആരംഭിക്കുമെന്നുംപ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് വ്യക്തമാക്കി. വാക്‌സീന്റെ സംഭരണം പൂർണമായി ഇനി കേന്ദ്ര സർക്കാരിനു കീഴിലായിരിക്കും. വിദേശത്ത് നിന്ന് കേന്ദ്രസർക്കാർ നേരിട്ട് വാക്സിൻ വാങ്ങി സംസ്ഥാനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

വാക്‌സീൻ സംഭരണത്തിനുള്ള മാർഗരേഖ രണ്ടാഴ്ചയ്ക്കുള്ളിൽ പുറത്തിറക്കും. സ്വകാര്യ ആശുപത്രികളിൽനിന്ന് പണം നൽകി വാക്‌സീൻ സ്വീകരിക്കാം. ഒരു ഡോസിന് പരമാവധി 150 രൂപ വരെ ഈടാക്കാം. രാജ്യത്ത് പുതുതായി രണ്ട് വാക്‌സീൻ കൂടി വരുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. നിലവിൽ ഏഴ് കമ്പനികൾ വാക്‌സീനുകൾ നിർമ്മിക്കുന്നുണ്ട്. നേസൽ വാക്‌സീൻ - മൂക്കിലൂടെ നൽകുന്ന വാക്‌സീനും വികസിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. കോവിഡ് രണ്ടാം തരംഗത്തിൽ രാജ്യത്ത് മെഡിക്കൽ ഓക്സിജന്റെ ആവശ്യം മറ്റെങ്ങുമില്ലാത്ത വിധം വർധിച്ചു. ഓക്സിജൻ എത്തിക്കാൻ അടിയന്തര നടപടികളാണ് സ്വീകരിച്ചത്. രണ്ടാം തരംഗത്തിൽ ഓക്സിജൻ ഉത്പാദനം പത്തിരിട്ടായാക്കി വർധിപ്പിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.

ദീപാവലി വരെ 80 കോടി ആളുകൾക്ക് സൗജന്യ റേഷൻ നൽകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു.കഴിഞ്ഞ നൂറ് വർഷത്തിനിടെ രാജ്യം നേരിട്ട ഏറ്റവും വിനാശകാരിയായ മഹാമാരിയാണ് കോവിഡ്. നമ്മുടെ രാജ്യം അതിനെ അതിശക്തമായി ഒറ്റക്കെട്ടായി നേരിടുകയാണ്. കഴിഞ്ഞ ഒന്നരവർഷത്തിനിടെ രാജ്യത്തിന്റെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ വികസിച്ചു. കോവിഡിനെ നേരിടുന്നതിൽ ഇന്ത്യ മറ്റു രാജ്യങ്ങൾക്ക് പുറകിലല്ലെന്ന് തെളിയിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യം കടുത്ത് പ്രതിസന്ധിയിലൂടെയാണ് കടന്നു പോയത്. നിരവധി പേർക്ക് പ്രിയപ്പെട്ടവരെ നഷ്ടമായി. കോവിഡ് രണ്ടാം തരംഗത്തിനെതിരെ രാജ്യത്ത് പോരാട്ടം തുടരുകയാണ്. ഇത്തരത്തിലൊരു മഹാമാരി ആധുനിക ലോകം ഇതിനു മുൻപ് കണ്ടിട്ടുമില്ല, അനുഭവിച്ചിട്ടുമില്ല. ഇതിനെ നമ്മൾ ഒരുമിച്ചാണു നേരിട്ടത്. കോവിഡിനെ നേരിടാൻ രാജ്യത്ത് ഒരു പ്രത്യേക ആരോഗ്യ സംവിധാനംതന്നെ തയാറാക്കി. ഇത്രയേറെ ഓക്‌സിജൻ ഇന്ത്യയ്ക്ക് ഒരിക്കലും ആവശ്യം വന്നിട്ടില്ല. എല്ലാം യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കി. ഓക്‌സിജൻ ട്രെയിൻ വന്നു, സൈനികരുടെ സേവനം ഉപയോഗപ്പെടുത്തി.

കൊറോണ പോലെ അദൃശ്യനായ ഒരു ശത്രുവിനെ നേരിടാൻ ഏറ്റവും വലിയ ആയുധം കോവിഡ് പ്രോട്ടോക്കോൾ പാലിക്കുകയെന്നതാണ്. ആറടി അകലം പാലിക്കുക, മാസ്‌ക് ഉറപ്പായും ധരിക്കുക. വാക്‌സീൻ എടുക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിൽ നിർമ്മിച്ച രണ്ടു വാക്‌സീനുകളാണുള്ളത്. ഇക്കാര്യത്തിൽ മറ്റു രാജ്യങ്ങളേക്കാൾ ഒട്ടും പിന്നിലല്ല ഇന്ത്യ. രാജ്യത്തെ വിദഗ്ദ്ധർ എത്രയും പെട്ടെന്ന് വാക്‌സീൻ തയാറാക്കുമെന്നതിൽ വിശ്വാസമുണ്ട്. അതിനാലാണ് അവർക്കാവശ്യമായ സൗകര്യങ്ങളെല്ലാം തയാറാക്കി നൽകിയത്.

ലോകത്ത് വാക്സിൻ നിർമ്മാണം കുറവാണ്. ഒരു വർഷത്തിനിടെയാണ് ഇന്ത്യ 2 വാക്സിൻ പുറത്തിറക്കിയത്. ഇന്ത്യൻ കമ്പനികൾ ഇല്ലായിരുന്നെങ്കിൽ ലോകത്തിന്റെ സ്ഥിതി എന്താവുമായിരുന്നു.? വാക്സിനേഷൻ 60 ശതമാനത്തിൽ നിന്ന് 90 ശതമാനമാക്കി. ഇന്ത്യ മറ്റ് രാജ്യങ്ങളിൽ നിന്ന് പുറകിലല്ലെന്ന് തെളിയിച്ചു. 23 കോടി വാക്സിൻ ഇതിനോടകം നൽകിക്കഴിഞ്ഞുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ വാക്സിൻ വിതരണം വർധിപ്പിക്കണമെങ്കിൽ വിദേശത്ത് നിന്ന് വാക്സിൻ സംഭരിക്കുന്നത് വർധിപ്പിക്കണം. കുട്ടികൾക്കുള്ള വാക്സിൻ സംബന്ധിച്ച് വിദഗ്ദ്ധർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ കുട്ടികൾക്കായി നേസൽ വാക്സിനും ഗവേഷണ ഘട്ടത്തിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു.