ൻഷുറൻസ്, പെൻഷൻ മേഖലകളുമായി ബന്ധപ്പെട്ട മൂന്ന് സുപ്രധാന സാമൂഹ്യ സുരക്ഷാ പദ്ധതികൾക്ക് ശനിയാഴ്ച (മെയ് 9, 2015) തുടക്കമാകും. പദ്ധതികളുടെ ദേശീയതല ഉദ്ഘാടനം പ്രധാനമന്ത്രി  നരേന്ദ്ര മോദി കൊൽക്കത്തയിൽ നിർവഹിക്കും. പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം ഗവർണ്ണർ പി. സദാശിവം നിർവ്വഹിക്കും. തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാരത്തിൽ വൈകിട്ട് 5.30-ന് നടക്കുന്ന ചടങ്ങിൽ കേന്ദ്ര, സംസ്ഥാന മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും സാന്നിദ്ധ്യത്തിലായിരിക്കും ഉദ്ഘാടനം.

ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് സ്വമേധയാ വരിസംഖ്യ അടയ്ക്കുന്നതിലൂടെ സാമൂഹ്യ സുരക്ഷ പരിരക്ഷ ലഭ്യമാക്കുന്ന മൂന്ന് പദ്ധതികൾക്കാണ് തുടക്കം കുറിക്കുന്നത്. അപകടം മൂലം മരണമോ അംഗവൈകല്യമോ സംഭവിച്ചാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്ന പദ്ധതികളാണ് പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജനയും, പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമയും. വാർദ്ധക്യ കാലത്തെ ആവശ്യങ്ങൾ നേരിടുന്നതിന് വേണ്ടിയുള്ളതാണ് അടൽ പെൻഷൻ യോജന. ദേശസാൽകൃത സ്വകാര്യ ബാങ്കുകളിൽ അക്കൗണ്ടുള്ളവർക്ക് ഈ പദ്ധതികളിൽ ചേരാം. ബഹുഭൂരിപക്ഷം ജനങ്ങളെ ഇൻഷുറൻസ് പരിരക്ഷയുടെ കീഴിൽ കൊണ്ടുവരുന്നതിന് ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതികളാണ് ഇവ.

പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന  അപകട മരണ, അംഗവൈകല്യ ഇൻഷുറൻസ് പരിരക്ഷയുള്ള പദ്ധതിയാണ്. സേവിങ്‌സ് ബാങ്ക് അക്കൗണ്ടുള്ള 18 നും 70 നും മദ്ധ്യേ പ്രായമുള്ള ഏതൊരു വ്യക്തിക്കും ഈ പദ്ധതിയിൽ ചേരാം. പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളുമായി ചേർന്ന് നടപ്പാക്കുന്ന പദ്ധതിയുടെ വാർഷിക പ്രീമിയം 12 രൂപ മാത്രമാണ്.

അപകട മരണം, ഇരു കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെടൽ, ഇരു കൈകാലുകളും നഷ്ടപ്പെടൽ എന്നിവയ്ക്ക് രണ്ട് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ഭാഗിക നഷ്ടങ്ങൾക്ക് ഒരുലക്ഷം രൂപയാണ് ഇൻഷുറൻസ് പരിരക്ഷ.

പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ യോജന ഒരു ലൈഫ് ഇൻഷുറൻസ് പദ്ധതിയാണ്. സേവിങ്‌സ് ബാങ്ക് അക്കൗണ്ടുള്ള 18 നും 50 നും മദ്ധ്യേ പ്രായമുള്ള ഏതൊരു വ്യക്തിക്കും ഇതിൽ ചേരാം. വാർഷിക പ്രീമിയം തുക 330 രൂപയാണ്. സ്വാഭാവിക - അസ്വാഭാവിക മരണം, ആത്മഹത്യ എന്നിവയ്ക്ക് പദ്ധതി പ്രകാരം രണ്ട് ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കും. ഉപഭോക്താക്കൾക്ക് രണ്ട് പദ്ധതിയിലും ചേരാവുന്നതാണ്. ഇൻഷുറൻസ് കാലാവധിക്കുള്ളിൽ മരണം സംഭവിച്ചാൽ നാല് ലക്ഷം രൂപ ലഭിക്കും. മെയ്‌ 31 ന് മുമ്പ് പദ്ധതിയിൽ ചേരുന്നവർക്ക് ആരോഗ്യ പരിശോധനകൾ ഒഴിവാക്കിയിട്ടുണ്ട്. മെയ്‌ 31 ന് ശേഷം ചേരുന്നവർ ആരോഗ്യ പരിശോധന ഡിക്ലറേഷൻ നൽകണം.

മൂന്നാമത്തെ പദ്ധതിയായ അടൽ പെൻഷൻ യോജന  അസംഘടിത മേഖലയെ കേന്ദ്രീകരിച്ചുള്ളതാണ്. ഇതിലെ വരിക്കാർക്ക് 1000 രൂപ മുതൽ 5000 രൂപ വരെ നിശ്ചിത തുക 60 വയസ്സിനുമേൽ പ്രതിമാസം പെൻഷനായി ലഭിക്കും. 18 വയസ്സിനും 40 വയസ്സിനുമിടയിൽ പദ്ധതിയിൽ ചേരുമ്പോൾ നൽകുന്ന സംഭാവന തുകയുടെ അടിസ്ഥാനത്തിലായിരിക്കും പെൻഷൻ. 20 വർഷമോ അതിലധികമോ ആയിരിക്കും ഏത് വരിക്കാരന്റെയും സംഭാവന കാലവധി. മിനിമം പെൻഷൻ എത്രയെന്ന് ഗവൺമെന്റ് നിശ്ചയിക്കും. മൊത്തം സംഭാവനയുടെ 50 ശതമാനമോ 1000 രൂപയോ ഏതാണോ കുറവ്, ആ തുക എല്ലാ വർഷവും കേന്ദ്ര ഗവൺമെന്റ് നല്കും. ഇക്കൊല്ലം ഡിസംബർ 31 നകം പദ്ധതിയിൽ ചേരുന്നവർക്ക് അഞ്ച് വർഷത്തേക്കാണ് ഈ ആനുകൂല്യം ലഭ്യമാവുക.