മലപ്പുറം: ബിജെപിയുടെ വോട്ടും ആവശ്യമാണെന്ന തന്റെ ശബ്ദരേഖക്ക് മറുപടിയുമായി മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി .എം.എ സലാം. തന്റെ ഫോൺ സംഭാഷണത്തിന്റെ ചെറിയ ഭാഗം മാത്രം മാധ്യമങ്ങൾക്ക് അയച്ചുകൊടുത്തവർ അതിന്റെ പൂർണ്ണഭാഗം പുറത്തുവിടാനുള്ള മാന്യത കാണിക്കണമെന്ന് പി.എം.എ സലാം മലപ്പുറത്ത് പ്രതികരിച്ചു.

ബിജെപിക്കാർ മുസ്ലിം ലീഗിന് വോട്ട് ചെയ്യാൻ തയ്യാറാണെങ്കിൽ അവരെയും പോയി കാണുമെന്ന തരത്തിൽ പി.എം.എസലാമിന്റെ ഫോൺ സംഭാഷണം വൻതോതിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പാർട്ടിയിൽ ഗ്രൂപ്പുകളും ഉപഗ്രൂപ്പുകളുമുണ്ടാക്കി സംഘടനയെ നശിപ്പിക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി വരുമ്പോൾ അസ്വസ്ഥതകൾ സ്വാഭാവികമാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് സൗത്തിൽ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ചില പ്രാദേശികനേതാക്കൾ മാറിനിന്നിരുന്നു. അവരോട് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാകണമെന്ന് അഭ്യർത്ഥിച്ചിരുന്നു. ഇക്കാര്യം വിളിച്ചന്വേഷിച്ച പ്രാദേശിക ലീഗ് പ്രവർത്തകനോട് ഫോണിൽ സംസാരിക്കുന്നതിന്റെ ചെറിയ ഭാഗമാണിപ്പോൾ പ്രചരിപ്പിക്കപ്പെടുന്നത്.

പാർട്ടി സ്ഥാനാർത്ഥിക്ക് വോട്ട് കിട്ടണം, അവരെ വിജയിപ്പിക്കുന്നതിന് ആരെ വേണമെങ്കിലും പോയി കാണുമെന്നതായിരുന്നു തന്റെ സംസാരത്തിന്റെ സാരാംശം. ബിജെപിക്കാരുമായി പോലും സംസാരിക്കുമെന്നത് ആലങ്കാരിക പ്രയോഗമാണെന്നത് ശബ്ദത്തിൽ തന്നെ വ്യക്തമാണ്. അച്ചടക്ക നടപടി നേരിട്ട ശേഷം പാർട്ടിക്കെതിരെ പ്രവർത്തിക്കാൻ ചെലവഴിക്കുന്ന ഊർജ്ജത്തിന്റെ നൂറിലൊരംശം നേതൃത്വത്തിൽ ഇരിക്കുമ്പോൾ സംഘടനയ്ക്ക് വേണ്ടി ചെലവഴിച്ചിരുന്നെങ്കിൽ പഴയ ഫോൺ സംഭാഷണങ്ങൾ തിരഞ്ഞ് നടക്കേണ്ടിയിരുന്നില്ലെന്നും പി.എം.എ. സലാം പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പ് സമയത്തെ സംഭാഷണമാണിപ്പോൾ പുറത്തുവന്നത്. തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ട് വാങ്ങുമെന്നും ഇതിന് വേണ്ടി ബിജെപിക്കാരെ നേരിട്ട് പോയിക്കാണാൻ തയാറാണെന്നും പി.എം.എ സലാം പറയുന്നതായി ഓഡിയോയിലുണ്ട്.
'നമുക്ക് വോട്ടാണ് വേണ്ടത്. അത് ബൂത്ത് കമ്മിറ്റി അറിഞ്ഞോ, മണ്ഡലം കമ്മിറ്റി അറിഞ്ഞോ, എന്നുള്ളത് പ്രശ്നമല്ല. നമുക്ക് വോട്ട് വേണം.അതിന് ആളുകളൊക്കെ വോട്ട് ചെയ്യണം. ബിജെപിക്കാർ നമുക്ക് വോട്ട് ചെയ്യാൻ തയാറാണെങ്കിൽ, ആ ബിജെപിക്കാരനെ ഞാൻ പോയിക്കാണാൻ തയാറാണ്. നമുക്ക് നമ്മുടെ സ്ഥാനാർത്ഥി ജയിക്കണം,'' ഓഡിയോയിൽ പറയുന്നു.

സംസ്ഥാനത്ത് കോ-ലീ-ബി സഖ്യമുണ്ടെന്ന ആരോപണം നേരത്തെ നിരവധി തവണ സിപിഎം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിൽ ലീഗിനെ കൂടുതൽ പ്രതിരോധത്തിലാക്കുന്നതാണ് പുറത്തുവന്ന ശബ്ദരേഖ. അതിനാൽ പുതിയ വിവാദങ്ങളിൽ ലീഗ് സംസ്ഥാന നേതൃത്വത്തിന് വിശദീകരണം നൽകേണ്ടി വരും.

അതേസമയം, കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന ഐ.എൻ.എൽ നേതാവ് അഹമ്മദ് ദേവർകോവിലിനെ പരാജയപ്പെടുത്താൻ ബിജെപി വോട്ട് തരപ്പെടുത്തുന്നതിന് ലീഗ് ജന. സെക്രട്ടറി പി.എം.എ. സലാം നടത്തിയ ശ്രമങ്ങൾ പുറത്തായതിൽ അദ്ഭുതപ്പെടാനില്ലെന്നും ലീഗ്-ബിജെപി ബന്ധം ഒരു തുടർക്കഥയാണെന്നും ഐ.എൻ.എൽ സംസ്ഥാന ജന. സെക്രട്ടറി കാസിം ഇരിക്കൂർ അഭിപ്രായപ്പെട്ടു.

ലീഗിന്റെ സംഘ്പരിവാർ വിരോധം കാപട്യമാണ്. മുഖ്യ ശത്രുവായി സിപിഎമ്മിനെ പ്രതിഷ്ഠിച്ച് ബിജെപി വോട്ട് ഉറപ്പാക്കാൻ ലീഗ് സെക്രട്ടറി നടത്തിയ ലജ്ജാവഹമായ കഥയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ബിജെപിക്കെതിരെ ഒരക്ഷരം മിണ്ടാൻ ലീഗിന് അവകാശമില്ലെന്നും കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.