- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹരിതയിലെ പ്രശ്നം ലീഗ് പരിഹരിക്കും, മാധ്യമങ്ങൾ വിഷമിക്കേണ്ട; നേതാക്കൾക്കെതിരെ ഗുരുതര ആരോപണം എന്നത് മാധ്യമങ്ങളുടെ ആരോപണം; വനിതാ കമ്മീഷനിൽ പരാതി നൽകിയതിനെക്കുറിച്ച് പരാതി നൽകിയവരോട് ചോദിക്കണം; ക്ഷുഭിതനായി പിഎംഎ സലാം
കോഴിക്കോട്: എംഎസ്എഫുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇപ്പോഴും പുകഞ്ഞു നിൽക്കുമ്പോൾ മാധ്യമങ്ങൾക്കെതിരെ ക്ഷുഭിതനായി മുസ്ലിംലീഗ് ജനറൽ സെക്രട്ടറി പി എംഎ സലാം. ഹരിതയിലെ പ്രശ്നം ലീഗ് പരിഹരിക്കുമെന്നും അക്കാര്യത്തിൽ മാധ്യമങ്ങൾ വിഷമിക്കേണ്ടെന്നും സലാം പറഞ്ഞു. ഇന്ന് ചേരുന്ന മുസ്ലിം ലീഗ് ഉപസമിതി യോഗത്തിൽ പങ്കെടുക്കാനെത്തുമ്പോൾ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഹരിതയിലെ പ്രശ്നം പാർട്ടിയുടേതാണ്. അത് പാർട്ടി പരിഹരിക്കും. അക്കാര്യത്തിൽ മാധ്യമങ്ങൾ വിഷമിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. എം.എസ്.എഫ് നേതാക്കൾക്കെതിരെയുള്ളത് ഗുരുതര ആരോപണമാണെന്ന് മാധ്യമപ്രവർത്തകർ പറഞ്ഞപ്പോൾ, അത് നിങ്ങളുടെ ആരോപണമാണെന്നായിരുന്നു മറുപടി. മുസ്ലിം ലീഗിന്റെ സംഘടനാ കാര്യങ്ങൾ മുസ്ലിം ലീഗ് തീരുമാനിക്കുമെന്നും സമയോചിതമായി തീരുമാനമെടുക്കാൻ പാർട്ടിക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. വനിതാ കമ്മീഷനിൽ പരാതി നൽകിയതിനെക്കുറിച്ച് പരാതി നൽകിയവരോട് ചോദിക്കണം. ഉപസമിതി യോഗത്തിൽ ഹരിത വിഷയം ചർച്ച ചെയ്യുന്നില്ലെന്നും പ്രവർത്തന രൂപരേഖ ഉണ്ടാക്കാനാണ് യോഗം ചേരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ ഹരിത പരാതി ഉന്നയിച്ച എം.എസ്.എഫ് നേതാക്കൾക്കെതിരെ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് വിവിധ കോളേജ് യൂനിറ്റുകൾ മുസ്ലിം ലീഗ് നേതൃത്വത്തിന് നൽകിയ കത്ത് പുറത്തു വന്നിരുന്നു. കോഴിക്കോട് ഫാറൂഖ് കോളേജ്, കണ്ണൂർ സർ സയ്യിദ് കോളേജ് എം.എസ്.എഫ് യൂനിറ്റുകൾ മുസ്ലിം ലീഗ് നേതൃത്വത്തിന് ഈ മാസം 20ന് നൽകിയ കത്താണ് പുറത്തുവന്നത്.
ഈ വിഷയം കാമ്പസിൽ സംഘടനാ സംവിധാനം തകരാൻ കാരണമാകുമെന്ന് കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. വിദ്യാർത്ഥികൾക്കും മറ്റു സംഘടനകൾക്ക് മുന്നിലും മറുപടിയില്ലാതെ തല താഴ്ത്തി നടക്കേണ്ട അവസ്ഥയിലാണെന്നും കത്തിലൂടെ നേതൃത്വത്തെ അറിയിച്ചിരുന്നു.
എം.എസ്.എഫ് നേതാക്കൾക്കെതിരെ വനിതാ കമ്മീഷനിൽ നൽകിയ പരാതി പിൻവലിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഹരിത. സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ്, ജനറൽ സെക്രട്ടറി വി.എ വഹാബ് പരസ്യമായി ഖേദം പ്രകടിപ്പിക്കുമെന്നും ഹരിത പരാതി പിൻവലിക്കുമെന്നുമായിരുന്നു മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഔദ്യോഗികമായി അറിയിച്ചിരുന്നത്.
മറുനാടന് മലയാളി ബ്യൂറോ