വിയന്ന: പ്രവർത്തനമികവിലൂടെ ഇതിനോടകം ആഗോള പ്രവാസി മലയാളികളുടെ ആത്മാവും ആവേശവുമായി മാറിക്കഴിഞ്ഞ പ്രവാസി മലയാളി ഫെഡറേഷന്റെ ഓസ്ട്രിയ യൂണിറ്റിലേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തതായി ഗ്ലോബൽ കോഓർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ അറിയിച്ചു. മാർച്ച് 26 വ്യാഴാഴ്ച വൈകിട്ട് ഫ്രാൻസ് ജോസഫ് കീയിലുള്ള ഇന്ത്യാഗേറ്റ് റെസ്‌റ്റോറന്റിൽ വച്ച് തോമസ് പാരുകണ്ണിക്കലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിണ് തെരഞ്ഞെടുപ്പു നടന്നതു്.

മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുത്ത ഇന്ത്യൻ എംബസ്സി കൗൺസിലർ അലോക് രാജ് ഭദ്രദീപം തെളിയിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജോർജ് പടിക്കക്കുടി സ്വാഗതം ആശംസിച്ചു. തോമസ് പാരുകണ്ണിക്കൽ (ചെയർമാൻ), ജോർജ് പടിക്കക്കുടി (പ്രസിഡന്റ്), അസീസ് പി. (വൈസ് പ്രസിഡന്റ്), ഷിൻഡോ ജോസ് (സെക്രട്ടറി), ജോളി തുരുത്തുമേൽ (ജോ. സെക്രട്ടറി), സോജാ ചേലപ്പുറത്ത് (ട്രഷറാർ), സജീവൻ അണ്ടിവീട് (ജോ. ട്രഷറർ), ടോണി സ്റ്റീഫൻ (പി.ആർ.ഒ) എന്നിവരെ 201517 വർഷത്തെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും, കുര്യൻ മനിയാനിപ്പുറത്ത്, റെജി കാരെക്കാട്ട്, പ്രിൻസ് പള്ളിക്കുന്നേൽ, ജോഷിമോൻ എർണാകരിയിൽ, ഷിജി ചീരംവേലിൽ, ബിജു കരിയംപള്ളി, ജേക്കബ് കീക്കാട്ടിൽ എന്നിവരെ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.  

പ്രവാസി ഭാരതീയർ ലോകത്തിന്റെ നാനാഭാഗങ്ങളിൽ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും അതിനായി ഇന്ത്യൻ ഗവണ്മെന്റ് നടത്തുന്ന വിവിധ പ്രവർത്തനങ്ങളെക്കുറിച്ചും അലോക് രാജ് വിവരിച്ചു. ഇന്ത്യയുടെയും കേരളത്തിന്റെയും സാമൂഹികസാംസ്‌കാരിക പൈതൃകം കാത്തുസൂക്ഷിക്കുന്നതിനു പ്രവാസി മലയാളി ഫെഡറേഷൻ ചെയ്യുന്ന പ്രവർത്തി അനുമോദനം അർഹിക്കുന്നതാണെന്നും അലോക് രാജ് പറഞ്ഞു. തന്റെ സ്വാഗത പ്രസംഗത്തിൽ ജോർജ് പടിക്കക്കുടി വിശിഷ്ടാതിഥിയെ സഭയ്ക്ക് പരിചയപ്പെടുത്തുകയും നടപടിക്രമങ്ങൾ വിവരിക്കുകയും ചെയ്തു. ജാതിമതരാഷ്ട്രീയ വേർതിരിവുകളില്ലാതെ എല്ലാ വിദേശമലയാളികൾക്കും അവരുടെ ആവശ്യങ്ങളിൽ സഹായ ഹസ്തമായി നിലകൊള്ളുക എന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

തോമസ് പാരുകണ്ണിക്കൽ തന്റെ അധ്യക്ഷപ്രസംഗത്തിൽ സംഘടയുടെ പ്രവർത്തനങ്ങൾ വിവരിച്ചു. ഇതിനോടകം പ്രവാസി മലയാളികളുടെ നീറുന്ന നിരവധി പ്രശ്‌നങ്ങൾക്ക് പോംവഴി കാണാൻ സംഘടനയ്ക്ക് സാധിച്ചിട്ടുണ്ടെന്നും അതിന്റെ തെളിവാണ് സംഘടനയ്ക്ക് ആഗോളപരമായി ലഭിക്കുന്ന ജനപിന്തുണയെന്നും പാരുകണ്ണിക്കൽ പറഞ്ഞു. ഗ്ലോബൽ കോഓർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ, ഗ്ലോബൽ ഡയറക്ടർബോർഡ് മെംബർ പ്രിൻസ് പള്ളിക്കുന്നേൽ, കുര്യൻ മനിയാനിപ്പുറത്ത്  എന്നിവർ സ്വാഗം ആശംസിച്ചു. ഷിൻഡോ ജോസ് കൃതജ്ഞത രേഖപ്പെടുത്തി.