വിയന്ന: ബെന്നി ബെഹനാൻ എം.എ.എയെയും കുടുംബത്തിനെയും പ്രവാസി മലയാളി ഫെഡറേഷൻ (പി.എം.എഫ്) ഓസ്ട്രിയ യൂണിറ്റ് സ്വീകരണം നൽകി ആദരിച്ചു. പി.എം.എഫ് ഓസ്ട്രിയ ബെന്നി ബെഹനാനും കുടുംബത്തിനുമായി പ്രത്യേകം തയ്യാറാക്കിയ അത്താഴവിരുന്നിലാണ് അദ്ദേഹത്തെ ആദരിച്ചത്. തന്റെ ഇറ്റാലിയൻ സന്ദർശനത്തോടനുബന്ധിച്ച് ഹൃസ്വസന്ദർശനത്തിനായി വിയന്നയിൽ എത്തിയതായിരുന്നു ബെന്നി ബെഹനാൻ

രാഷ്ട്രീയസാമൂഹികസാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ ഫാ. പ്രശോബിന്റെ പ്രാർത്ഥനയോടു കൂടി ചടങ്ങ് ആരംഭിച്ചു. ഫാ. പ്രശോബ് ബെന്നി ബെഹനാന്റെ മണ്ഡലത്തിൽ നിന്നുള്ളതും അദ്ദേഹത്തെയും കുടുംബത്തെയും നേരിട്ടറിയുകയും ചെയ്യുന്ന വ്യക്തിയാണ്.

പി.എം.എഫ് ഗ്ലോബൽ ഡയറക്ടർബോർഡ് അംഗം പ്രിൻസ് പള്ളിക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. പി.എം.എഫ് ഓസ്ട്രിയൻ ചാപ്റ്റർ സെക്രട്ടറി ഷിൻഡോ ജോസ് സ്വാഗതം ആശംസിക്കുകയും, പ്രവാസി മലയാളി ഫെഡറേഷന്റെ പ്രവർത്തനങ്ങൾ വിശദീകരിക്കുകയും ചെയ്തു.

പി.എംഫ് യൂറോപ്പ്യൻ റീജിയൻ ചെയർമാൻ കുര്യൻ മനിയാനിപ്പുറത്ത്, പി.എംഫ് യൂറോപ്പ്യൻ റീജിയൻ പ്രസിഡന്റ് ജോഷിമോൻ എർണാകേരിൽ എന്നിവർ ആശംസകൾ നേർന്നു. കുര്യൻ മനിയാനിപ്പുറത്ത് ബെന്നി ബെഹനാന്റെ യൗവനകാലത്തെയും വിദ്യാർത്ഥി ജീവിതത്തിലെയും സ്മരണകൾ പങ്കുവച്ചു. ജോഷിമോൻ എർണാകേരിൽ ഭരണനിർവ്വഹണത്തിൽ സർക്കാരിന്റെ സംശുദ്ധതയുടെ ആവശ്യകതെയെപ്പറ്റി പ്രതിപാദിച്ചു. കൂടാതെ പ്രവാസി മലയാളികൾ ദൈനംദിന ജീവിതത്തിൽ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ വിവരിക്കുകയും ചെയ്തു.

ബെന്നി ബെഹനാൻ തന്റെ മറുപടി പ്രസംഗത്തിൽ കേരള ഗവണ്മെന്റ് ക്യാൻസർ, കിഡ്‌നി രോഗങ്ങൾ, ഓട്ടിസം എന്നീ വിഷയങ്ങളിൽ നടത്തുന്ന പ്രവർത്തനങ്ങൾ വിവരിക്കുകയും കൂടിയിരുന്നവരുമായി സംവദിക്കുകയും ചെയ്തു. പ്രവാസി മലയാളി ഫെഡറേഷൻ അംഗങ്ങൾ ചികിത്സാ സഹായം ആവശ്യമുള്ളവരുടെ അടുത്ത് ഈ കാര്യങ്ങൾ പ്രബോധിപ്പിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. കൂടാതെ രാഷ്ട്രീയ വ്യത്യാസമില്ലാതെ ഏത് എംഎ‍ൽഎയ്ക്കും മുഖ്യമന്ത്രിയുടെ അടുത്ത് പോയി ഈ ആവശ്യങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് സഹായം വാങ്ങി അർഹരായവർക്ക് എത്തിച്ചുകൊടുക്കാമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി മലയാളി ഫെഡറേഷൻ പ്രവാസി മലയാളികൾക്കായി ചെയ്യുന്ന നന്മ പ്രവർത്തനങ്ങൾക്ക് ആശംസകൾ നേരാനും അദ്ദേഹം മറന്നില്ല.

ജോയിന്റ് സെക്രട്ടറി ജോളി കുര്യൻ, ജോയിന്റ് ട്രഷറർ സഞ്ജീവൻ ആണ്ടിവീട്, പി.ആർ.ഒ ടോണി സ്റ്റീഫൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. യാത്രയിലായിരിക്കുന്ന പ്രസിഡന്റ് ജോർജ് പടിക്കക്കുടി ബെന്നി ബെഹനാനും കുടുംബത്തിനും ആശംസാദൂത് അയച്ചു. തുടർന്ന് രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിൽ ചർച്ചകൾ നടന്നു. ഭക്ഷണത്തിനു ശേഷം യോഗം പര്യവസാനിച്ചു.