കണ്ണൂർ: വിദ്യാർത്ഥികളോട് നഗ്‌നതാ പ്രദർശനം നടത്തി പ്രകൃതിവിരുദ്ധ പീഡനത്തിന് ശ്രമിച്ച കാർ ഡ്രൈവർക്കെതിരെ പൊലീസ് പോക്സോ ചുമത്തി അന്വേഷണമാരംഭിച്ചു. തളിപ്പറമ്പ് ഓലയമ്പാടി പെരുവാമ്പയിലെ മുഹമ്മദ് റാഫി (44)ക്കെതിരെയാണ് പെരിങ്ങോം പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തത്.

പ്രായപൂർത്തിയാകാത്ത 13 വയസുകാരായ വിദ്യാർത്ഥികളെയാണ് ഇയാൾ പീഡനത്തിന് ഇരയാക്കാൻ ശ്രമം നടത്തിയത്. കാറിൽ കയറ്റിയശേഷം കുട്ടികളെ നഗ്‌നതാപ്രദർശനം നടത്തി പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ കുട്ടികൾ ബഹളം വച്ച് ഇറങ്ങി ഓടുകയായിരുന്നു. തുടർന്ന് ഈ മാസം 18ന് റോഡിലൂടെ പോകുമ്പോൾ വീണ്ടും നഗ്‌നതാപ്രദർശനം നടത്തിയതോടെ കുട്ടികൾ ബന്ധുക്കളോട് വിവരം പറയുകയായിരുന്നു.

ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്സോ നിയമപ്രകാരം രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തു. പരാതി നൽകിയ വിവരമറിഞ്ഞ് പൊലീസ് എത്തുമ്പോഴേക്കും പ്രതി ഒളിവിൽ പോയി. രക്ഷിതാക്കൾ ചൈൽഡ് ലൈനിനും വിവരം കൈമാറിയിരുന്നു. കേസെടുത്ത് പ്രതിയെ പിടികൂടാൻ അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്ന് പെരിങ്ങോം പൊലിസ് അറിയിച്ചു.