എടപ്പാൾ: എടപ്പാളിൽ തീയറ്ററിൽ വെച്ച് ബാലികയെ പീഡിപ്പിച്ച സംഭവത്തൽ കേസെടുക്കാതെ അലംഭാവം കാണിച്ച എസ്‌ഐക്ക് സസ്‌പെൻഷൻ. ചങ്ങരംകുളം എസ്‌ഐ ബേബിയെ ആണ് സസ്‌പെന്റ് ചെയ്തത്. ഇത് കൂടാതെ ഡിജിപിയുടെ നിർദേശ പ്രകാരം ഇദ്ദേഹത്തിനിതെരി പോക്‌സോ കേസും ചുമത്തിയേക്കും. ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ് ഇതു സംബന്ധിച്ച നിർദ്ദേശം നൽകി. . ബാലപീഡനത്തിനെതിരെ തെളിവ് സഹിതം പരാതി നൽകിയിട്ടും കേസെടുക്കാതെ പൂഴ്‌ത്തിവച്ചതിനെതിരെയാണ് നടപടി.

പ്രതിയെ സംരക്ഷിച്ച പൊലീസുകാർക്കെതിരെയും കർശന നടപടികളുണ്ടാവണമെന്ന ആവശ്യം ശക്തമായതിനെ തുടർന്നാണ് ഡിജിപിയുടെ നിർദ്ദേശം. കുറ്റക്കാരായ പൊലീസുകാർക്കെതിരെയും പോക്‌സോ ചുമത്തണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡിജിപിക്ക് കത്ത് നൽകിയിരുന്നു. കൂടാതെ സ്പീക്കർ പി ശ്രീരാമകൃഷ്ണനും ആരോഗ്യമന്ത്രി കെ ക ഷൈലജയും പൊലീസുകാര്‌ക്കെതിരെ രംഗത്തെത്തി. ഇതോടെയാണ് പൊലീസ് നടപടികൾ വേഗത്തിലായത്.

കുട്ടിയെ തിയറ്ററിൽ എത്തിച്ച് പീഡനത്തിന് കൂട്ടുനിന്ന അമ്മയെ രാവിലെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. അമ്മയുടെ അറിവോടെയാണ് പീഡനമെന്ന് വ്യക്തമായതിനെ തുടർന്നായിരുന്നു ഇത്. തൃത്താല സ്വദേശിയായ പ്രതി മൊയ്തീൻകുട്ടിയെ ഇന്നലെയാണ് പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറായത്. കേസിൽ പ്രതിയെ സഹായിക്കാനാണ് പരാതി ലഭിച്ചിട്ടും ഇതുവരെ കേസെടുക്കാനോ അന്വേഷണം നടത്താനോ പൊലീസ് തയ്യാറാവാതിരുന്നത്.

ഏപ്രിൽ 18നായിരുന്നു എടപ്പാളിലെ ശാരദാ തിയറ്ററിൽ പ്രതി പത്തുവയസ്സുകാരിയായ പെൺകുട്ടി പീഡനത്തിന് ഇരയായത്. രണ്ടര മണിക്കൂറോളം തുടർന്ന പീഡനത്തിന് അമ്മ അനുവാദം നൽകുകയായിരുന്നു. പ്രതിയുടെ വലതു വശത്തിരുന്ന് ഇയാളുടെ ലൈംഗികകേളികൾക്ക് ഇരുന്നുകൊടുത്തായിരുന്നു മകളെ പീഡിപ്പിക്കാൻ ഇവർ അനുവാദം നൽകിയത്. പീഡനത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ മറച്ചുവയ്ക്കാതെ തിയേറ്റർ അധികൃതർ ചൈൽഡ് ലൈൻ അധികൃതർക്കു കൈമാറുകയായിരുന്നു. ഈ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയുള്ള പരാതി ചൈൽഡ് ലൈൻ അധികൃതർ ഏപ്രിൽ 26ന് പൊലീസിനു നൽകിയെങ്കിലും ഇവർ ഇത് പൂഴ്‌ത്തിവയ്ക്കുകയായിരുന്നു.