മൂവാറ്റുപുഴ: പോക്‌സോ കേസിൽ പ്ലസ് ടു വിദ്യാർത്ഥികളും. സഹപാഠിയെ പ്രലോഭിപ്പിച്ച് സിനിമാ തിയറ്ററിലെത്തിച്ച ശേഷം ശുചിമുറിയിൽ പൂട്ടിയിട്ടു പീഡിപ്പിച്ചുവെന്ന ആരോപണമാണ് കേസിന് ആധാരം. പരാതിയിൽ രണ്ടു വിദ്യാർത്ഥികളും തിയറ്റർ ജീവനക്കാരനും പൊലീസ് പിടിയിലായി. പ്ലസ് വൺ വിദ്യാർത്ഥിനിയെ പ്ലസ് ടു വിദ്യാർത്ഥികളായ രണ്ടുപേർ ചേർന്നു കോതമംഗലത്തെ തിയറ്ററിൽ വച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്.

സിനിമ കണാൻ വിളിച്ചു കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സിനിമയ്ക്കു ടിക്കറ്റെടുത്തതിനു പിന്നാലെ വിദ്യാർത്ഥിനിയുമായി കൂടുതൽ അടുപ്പമുണ്ടായിരുന്ന വിദ്യാർത്ഥി രഹസ്യം പങ്കുവയ്ക്കാനുണ്ടെന്നു പറഞ്ഞു തിയറ്ററിലെ ശുചിമുറിയിലേക്കു കയറ്റുകയായിരുന്നു. പുറത്തു നിന്ന വിദ്യാർത്ഥി വാതിൽ കുറ്റിയിട്ടു കാവൽ നിന്നു. ഇതിനു തിയറ്റർ ജീവനക്കാരൻ സഹായം ചെയ്യുകയും ചെയ്തു. വിവരം പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്നായിരുന്നു വിദ്യാർത്ഥികളുടെ ഭീഷണി.

വിദ്യാർത്ഥിനി സ്‌കൂളിലെ കൗൺസലിങ്ങിനിടെ പീഡനവിവരം പറയുകയായിരുന്നു. തുടർന്നു ചൈൽഡ് ലൈൻ വഴിയാണു പൊലീസിനു പരാതി നൽകിയത്. മൂവാറ്റുപുഴ പൊലീസ് നടത്തിയ അന്വേഷണത്തിലാണു പരീക്കണ്ണി സ്വദേശികളായ മൂന്നു പേരും പിടിയിലായത്. വിദ്യാർത്ഥികൾക്കെതിരെ പോക്‌സോ നിയമ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ സ്‌കൂൾ അധികൃതർക്കെതിരെയും രക്ഷിതാക്കൾ ആരോപണം ഉന്നയിച്ചിട്ടുണ്ട്.

സ്‌കൂളിലെത്തുന്ന വിദ്യാർത്ഥികൾ ക്ലാസുകൾ നടക്കുമ്പോൾപോലും പുറത്തു പോയാൽ അധികൃതർ ശ്രദ്ധിക്കുന്നില്ലെന്നും, സമാനമായ സംഭവങ്ങൾ ഇതിനു മുൻപും നടന്നിട്ടുണ്ടെന്നും ആരോപണമുണ്ട്. വിദ്യാർത്ഥികൾ ക്ലാസിൽ ലഹരി ഉപയോഗിച്ച ശേഷം എത്തുന്നതായി വിദ്യാർത്ഥിനികൾ പരാതിപ്പെടുന്നുണ്ടെന്നും രക്ഷിതാക്കൾ പറയുന്നു. എന്നാൽ അദ്ധ്യാപകർ ഇതു ചോദ്യം ചെയ്യാറില്ല.