- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹിയിൽ വച്ച് മകളെ പീഡിപ്പിച്ച കേസ്: മലപ്പുറം സ്വദേശിയായ 40 കാരൻ അറസ്റ്റിൽ; പിടിയിലായത് അമ്മയുടെ പരാതിയിൽ; മകളെ ഉപദ്രവിച്ചത് പുറത്തു പറഞ്ഞാൽ വാഹനം ഇടിപ്പിച്ച് വകവരുത്തുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തിയെന്നും കേസ്
മലപ്പുറം: ഡൽഹിയിൽവെച്ച് ആറുവയസ്സുള്ള മകളെ പീഡിപ്പിച്ച കേസിൽ മലപ്പുറം വാഴക്കാട്ടുകാരനായ 40കാരൻ അറസ്റ്റിൽ. മകളെ പിതാവ് പീഡിപ്പിച്ചെന്ന മലയാളി യുവതിയുടെ പരാതിയിലാണ് യുവാവ് അറസ്റ്റിലായത്. മലപ്പുറം ജില്ലയിലെ വാഴക്കാട് സ്വദേശിയായ 40കാരനെയാണ് ഡൽഹിയിൽ വച്ചു ഡൽഹി പൊലീസ് അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. അതിനു മുന്പും ഇയാൾ പീഡിപ്പിച്ചതായും യുവതി നൽകിയ പരാതിയിൽ പറയുന്നു.
ഡൽഹിയിലെ സരിതാവിഹാറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. പുലർച്ചെ നാലുമണിക്കും ആറുമണിക്കും ഇടയിലാണ് പിതാവ് മകളെ പീഡിപ്പിച്ചിരുന്നതെന്നാണ് യുവതിയുടെ പരാതി. ഡെൽഹിയിൽ സ്വന്തമായി നടത്തുന്ന ഹോട്ടലിനു ആവശ്യമായ പച്ചക്കറി വാങ്ങാൻ താൻ മാർക്കറ്റിലേക്കു പോകുന്ന സമയമാണിതെന്നും ഇവർ വെളിപ്പെടുത്തുന്നു. ജനുവരി ആദ്യമാണ് പീഡനവിവരം കുട്ടി അമ്മയെ അറിയിച്ചത്. ഡെൽഹിയിൽ ഗസ്റ്റ് ഹൗസും വയനാട്ടിൽ റിസോർട്സും നടത്തിവരികയാണ് യുവാവ്.
ഏതാനും വർഷങ്ങൾക്കുമുന്പ് ഡെൽഹിയിൽ ജോലി ആവശ്യാർഥം എത്തിയ യുവതിയുമായി യുവാവ് പരിചയത്തിലാവുകയായിരുന്നു. നഴ്സിങ് കഴിഞ്ഞു വിദേശത്തു പോകാനൊരുങ്ങുകയായിരുന്നു യുവതി. ഇതിനിടെ യാത്രസംബന്ധമായ കാര്യങ്ങൾ ശരിയാക്കാമെന്നു അടുത്തുകൂടുകയായിരുന്നു ഇയാൾ. നാട്ടിലെ യഥാർഥപേരുമാറ്റി മറ്റൊരു വിളിപ്പേരിലാണ് പ്രതി ഡെൽഹിയിൽ അറിയപ്പെട്ടത്. ഈ പേരിൽ വ്യാജ ഐഡിയുമുണ്ടാക്കി. യുവതി ക്രിസ്ത്യൻ മതവിഭാഗത്തിൽപ്പെട്ടതാണ്. ഇവർ തമ്മിൽ അടുപ്പത്തിലായതോടെ ഇയാൾ യുവതിയോടൊപ്പം ഡെൽഹിയിലെ ദേവാലയങ്ങളിൽ പോയിരുന്നു.
പിന്നീട് യുവതിയെ ഇസ്ലാം മതത്തിൽ ചേർക്കുകയായിരുന്നു. തുടർന്നു വിവാഹിതരുമായി. ഇവർക്കു രണ്ടു കുഞ്ഞുണ്ട്. രണ്ടര വയസുള്ളതാണ് ഇളയകുട്ടി. ആറുവയസുകാരിയെ പീഡിപ്പിച്ച വിവരം മാതാവ് അറിഞ്ഞതോടെ സംഭവം പുറത്തറിഞ്ഞാൽ വാഹനമിടിച്ചു കൊലപ്പെടുത്തുമെന്നു ഇയാൾ യുവതിയെ ഭീഷണിപ്പെടുത്തി. ഇതോടെ ഡെൽഹിയിലെ സരിതാവിഹാർ സൗത്ത് ഈസ്റ്റ് പൊലീസിൽ യുവതി പരാതി നൽകി.
എന്നാൽ ആദ്യം പൊലീസ് പരാതി മുഖവിലയ്ക്കെടുത്തില്ലെന്നും യുവതി പറഞ്ഞു. വീണ്ടും യുവതി പരാതി നൽകി. ഇയാൾക്കു സൗത്ത് ഈസ്റ്റ് പൊലീസിൽ സ്വാധീനമുള്ളതിനാൽ പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ല. തുടർന്നാണ് കുട്ടിയുടെ മാതാവ് ചൈൽഡ് ലൈനിന്റെ സഹായത്തോടെ സാകേത് കോടതിയെ സമീപിച്ചത്. പിന്നീട് ഡെൽഹി സാകേത് കോടതിയിൽ പരാതി നൽകി. കോടതി ഇടപെടലിനെ തുടർന്ന് പോക്സോ ചുമത്തി പൊലീസ് കേസെടുത്തെങ്കിലും തുടർ നടപടിയുണ്ടായില്ലെന്ന് കുട്ടിയുടെ അമ്മ പറയുന്നു.
ഇതിനിടെ യൂസഫ് ജനുവരി 28നു നാട്ടിലേക്കു കടന്നു കളഞ്ഞു. ഇയാൾ കേരളത്തിൽ വിവിധ ഭാഗങ്ങളിൽ ഒളിച്ചു താമസിക്കുകയായിരുന്നു. ഇതേസമയം ഡെൽഹി പൊലീസ് ഇയാളെ തേടി കേരളത്തിലെത്തി. കേരളാ പൊലീസിന്റെ സഹകരണത്തോടെയായിരുന്നു അന്വേഷണം. ഇതോടെ തനിക്കു നേരെ അന്വേഷണം നടക്കുന്നുണ്ടെന്നറിഞ്ഞു യൂസഫ്് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും തള്ളി.
തുടർന്നു ഇയാളുടെ നാട്ടിലെ സുഹൃത്തുക്കളെ പൊലീസ് പിടികൂടി ചോദ്യം ചെയ്തതോടെയും തനിക്കെതിരേ അന്വേഷണം ശക്തമായി നടക്കുന്നതിനാലും കീഴടങ്ങാനെന്ന മട്ടിൽ യൂസഫ് ഡെൽഹിയിലെത്തുകയായിരുന്നു. ഇവിടെ വെച്ചു പിടികൂടുകയും ചെയ്തു. ആറുവയസുകാരിയായ മകൾ ആര്യോഗനില വീണ്ടെടുത്തിട്ടില്ല. യുസഫിനെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യാനും വൈദ്യപരിശോധനയ്ക്കും കോടതി ഉത്തരവിട്ടു. യുവാവിനെ റിമാൻഡിലാണ്. കേസെടുക്കാൻ വൈകിയ അന്വേഷണ ഉദ്യോഗസ്ഥന് കാരണം കാണിക്കൽ നോട്ടിസും കോടതി നൽകി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ബലാത്സംഗം ഉൾപ്പെടെ കുറ്റങ്ങൾക്ക് പുറമേ പോക്സോ നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് കേസ്.