- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറത്ത് പതിനേഴുകാരി 32 തവണ പീഡിപ്പിക്കപ്പെട്ട കേസിൽ മൂന്നുപേർകൂടി അറസ്റ്റിൽ; ഇതുവരെ പിടിയിലായത് 24പേർ; ഇനി പിടികൂടാനുള്ളത് ഇരുപതിൽ അധികം പേരെ; അഞ്ച് വർഷത്തിനിടെ പീഡനത്തിന് ഇരയായത് പോക്സോ കേസിലെ ഇര
മലപ്പുറം: മലപ്പുറം പാണ്ടിക്കാട് 17കാരി 32തവണ ലൈംഗിക പീഡനത്തിനിരയായകേസിൽ മൂന്ന് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കീഴാറ്റൂർ സ്വദേശിയായ മുഹമ്മദ് അൻസാർ (21) ,ഷഫീഖ് (21) അബ്ദുറഹീം എന്നീ മൂന്ന് പ്രതികളാണ് അന്വേഷണ സംഘത്തിന്റെ പിടിയിലായത് ഇതോടെ കേസിൽ 24 പേരെയാണ് പൊലീസ് പിടികൂടിയത്. ഇനിയും 20 പ്രതികളെ പിടികൂടാനുണ്ട്.
44കൂടുതൽ പ്രതികൾ ഉണ്ട് എന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസവും കേസിൽ ഒരു പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. പാണ്ടിക്കാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം ഏറെ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. ഇതിനുപിന്നാലെയാണ് കേസിലെ പ്രതികളെ ഓരോരുത്തരെയായി പൊലീസ് പിടികൂടുന്നത്. ഇരകളെ നിരീക്ഷിക്കുന്നതിലും തുടർകൗൺസിലിങ് നൽകുന്നതിലും ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ, ഷെൽട്ടർ ഹോമിലെ ഫീൽഡ് വർക്കർ, പൊലീസ് എന്നിവർക്ക് വീഴ്‌ച്ച പറ്റിയതോടെയാണ് നിരവധി തവണ പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായത്.
2016 ൽ പതിമൂന്നാം വയസ്സിലാണ് പെൺകുട്ടി ആദ്യമായി നാല് പേരാൽ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത്. പോക്സോ കേസെടുത്ത പാണ്ടിക്കാട് പൊലീസ് കുട്ടിയെ മഞ്ചേരിയിലെ നിർഭയ ഹോമിലാക്കി. പിന്നാലെ ആറ് മാസത്തിനുള്ളിൽ കുട്ടിയെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. എന്നാൽ ഒരുവർഷത്തിനകം ശിശുക്ഷേമ സമിതിയുടെ കൗൺസിലിംഗിൽ കുട്ടിയെ ഒരാൾ ഉപദ്രവിച്ചെന്ന വിവരം പുറത്തുവന്നതോടെ വീണ്ടും നിർഭയ ഹോമിലാക്കി.
വീട്ടിൽ കുട്ടിയെ താമസിപ്പിക്കുന്നത് സുരക്ഷിതമല്ലെന്ന ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ റിപ്പോർട്ടിനെ തുടർന്നായിരുന്നു നടപടി. ഇതു പരിഗണിക്കാതെ മാസങ്ങൾക്കകം കുട്ടിയെ സഹോദരനും ഭാര്യയ്ക്കുമൊപ്പം വീണ്ടും പറഞ്ഞയച്ചു.2020 ഡിസംബറിൽ കുട്ടിയെ കാണാതായെന്ന പരാതിയിൽ പൊലീസ് പാലക്കാട് നിന്നും പെൺകുട്ടിയെ സുഹൃത്തിനൊപ്പം കണ്ടെത്തി നിർഭയ ഹോമിലേക്ക് മാറ്റി. ശിശുക്ഷേമ സമിതിയുടെ തുടർകൗൺസിലിംഗിലാണ് അഞ്ച് വർഷത്തിനിടെ 32 തവണ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായി വെളിപ്പെടുത്തിയത്.
32 കേസുകളിലായി 44 പ്രതികളുണ്ട്. ഇതിൽ ഏഴ് ബലാത്സംഗ കേസുകളും 15 സൈബർ കേസുകളുമുണ്ട്. വീട്ടിൽ നിന്നോ അടുത്ത ബന്ധുക്കളിൽ നിന്നോ പീഡനമുണ്ടായിട്ടില്ലെന്നും പെൺകുട്ടിയെ അറിയുന്നവരാണ് പ്രതികളിൽ കൂടുതലുമെന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവി യു. അബ്ദുൽ കരീം പറഞ്ഞു. ഡി.വൈ.എസ്‌പി ടി.പി.ശംസിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്.