പെരുമ്പാവൂർ: പോക്സോ കേസിൽ പിടിയിലായ 74 കാരൻ പാസ്റ്റർ 13 കാരിയോട് ചെയ്തതുകൊടുംക്രൂരതയെന്ന് പൊലീസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇടുക്കി കൊന്നത്തടി, മുക്കടം മലങ്കര ചർച്ചിന് സമീപം മാത്യു(74)വിനെയാണ് കുന്നത്തുനാട് പൊലീസ് ഇന്ന് പുലർച്ചെ അറസ്റ്റ് ചെയ്തത്. മാത്യൂ സ്ഥിരമായി എത്തിയിരുന്ന വീടിനടുത്ത് താമസിച്ചിരുന്ന കൂടുംബത്തിലെ അംഗമായ 13 കാരിയാണ് ഇയാളുടെ ലൈംഗിക വൈകൃതത്തിനിരയായത്.

വീട്ടിലെത്തിയിരുന്ന അവസരത്തിലെല്ലാം പെൺകുട്ടിയുമായി മാത്യൂ സൗഹൃദ സംഭാഷണം നടത്തുകയും അടുപ്പം പ്രകടിപ്പിക്കുകയും ചെയ്യുക പതിവായിരുന്നു. കൈയിൽപ്പിടിച്ചും മുഖത്തുനുള്ളിയും മറ്റും മാത്യൂ സംസാരിച്ചത് കുട്ടിയോടുള്ള വാത്സല്യമായിട്ടാണ് വീട്ടുകാർ കരുതിയിരുന്നത്.

കൃത്യം നടന്ന ദിവസം പതിവുപോല മാത്യൂ കുട്ടിയെ വിളിച്ച് കുശലാന്വേഷണം നടത്തി. ഈയവസരത്തിൽ വീട്ടിൽ താൻ തനിച്ചാണെന്ന് പെൺകുട്ടി ഇയാളോട് പറഞ്ഞപ്പോൾ നല്ല അവസരമായി കണ്ട് ഇയാൾ കുട്ടിയെ കടന്നാക്രമിക്കുകയുമായിരുന്നു. ക്രൂരമായ ലൈംഗിക പീഡനമാണ് കുട്ടിക്കുമേൽ ഇയാൾ നടത്തിയതെന്ന് ഡോക്ടറുടെ പരിശോധയിൽ വ്യക്തമായിരുന്നു.

കഴിഞ്ഞ ജനുവരിയിലായിരുന്നു സംഭവം. കുറച്ചുദിവസത്തേയ്ക്ക് പീഡനവിവരം കുട്ടി എല്ലാവരിൽ നിന്നും മറച്ചുവച്ചു. പരുക്കുകൾ മൂലമുണ്ടായ അസ്വസ്ഥതകളെത്തുടർന്നാണ് കൂട്ടി വിവരം അമ്മയെ അറിയിച്ചത്. തുടർന്ന് മാതാവ് പൊലീസിൽ പരാതിപ്പെടുകയായിരുന്നു. അന്വേഷണത്തിൽ കൊന്നത്തടി ഭാഗത്ത് ഇയാളുണ്ടെന്ന് പൊലീസിന് വിവരം കിട്ടി. ഇന്ന് പുുലർച്ചയോടെയാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.

പെരുമ്പാവൂർ ഡിവൈ.എസ്‌പി. എൻ.ആർ. ജയരാജിന്റെ നേതൃത്വത്തിൽ കുന്നത്തുനാട് പൊലീസ് ഇൻസ്പെക്ടർ സി. ബിനുകുമാർ, സബ്ബ് ഇൻസ്പെക്ടർ എബി ജോർജ്ജ്, എഎസ്ഐ വേണുഗോപാലൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അബ്ദുൾ മനാഫ്, എ.ഒ.പ്രമോദ്, കെ.ആർ. പ്രിയ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.പ്രതിയെ കോലഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.