തിരുവനന്തപുരം : സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതിന്റെ വീഡിയോ ദ്യശ്യങ്ങളുടെ പകർപ്പ് നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതി നൽകിയ ഹർജി തിരുവനന്തപുരം പോക്‌സോ കോടതി ജഡ്ജി ആർ.ജയകൃഷ്ണൻ തള്ളി.

സ്‌ക്കൂളിൽ നിന്ന് വീട്ടിലേക്ക് പോകവെ വിദ്യാർത്ഥിനിയെ മാനഭംഗപ്പെടുത്തിയ ശേഷം പ്രതി കടന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്. പ്രദേശത്തെ റസിഡൻസ് അസോസിയേഷൻ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പീഡന ദ്യശ്യങ്ങൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഈ ദ്യശ്യങ്ങളുടെ പകർപ്പ് വേണമെന്നാവശ്യപ്പെട്ടാണ് പ്രതിഭാഗം കോടതിയിൽ ഹർജി നൽകിയത്.

ഈ ഹർജി പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. ദൃശ്യങ്ങൾ പ്രതിയുടെ പക്കൽ കിട്ടിയാൽ ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ളതിനാൽ ഹർജി തള്ളണമെന്ന പൊലീസിന്റെ റിപ്പോർട്ടും പ്രോസിക്യൂഷന്റെ വാദവും പരിഗണിച്ചാണ് ഹർജി തള്ളിയത്. ഇത്തരം കേസുകളിൽ പീഡന ദ്യശ്യങ്ങൾ പ്രതിക്ക് നൽകരുതെന്ന് സിനിമാ നടൻ ദിലീപിന്റെ കേസിൽ സുപ്രീം കോടതി വിധിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷൻ പറഞ്ഞു. ഇരുഭാഗത്തിന്റേയും വാദം കേട്ട ശേഷം കോടതി ഹർജി തള്ളി.