മലപ്പുറം: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സംസാരിച്ച് വശത്താക്കിയ ശേഷം നഗ്ന ഫോട്ടോകളും വീഡിയോകളും നിർബ്ബന്ധിച്ച് വാങ്ങിയ കേസിൽ മലപ്പുറം ആമയൂർ അബ്ദുൽ റഷീദിന്റെ മൂൻജാമ്യം തള്ളി പോക്സോ കോടതി. മലപ്പുറം ആമയൂർ മണ്ണിശ്ശേർ പൂവത്തിക്കൽ അബ്ദുൽ റഷീദ് (39) ന്റെ മുൻകൂർ ജാമ്യാപേക്ഷയാണ് മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി തള്ളിയത്.

പാണ്ടിക്കാട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ പെൺകുട്ടിയുടെ വീട്ടുകാരുടെ നേതൃത്വത്തിൽ പെൺകുട്ടിതന്നെയാണ് പരാതി നൽകിയത്. പെൺകുട്ടിയുടെ മൊഴി ചൈൽഡ് ലൈൻ രേഖപ്പെടുത്തി. പ്രായപൂർത്തിയാകാത്ത പെൺകുട്ടി പഠന ആവശ്യാർഥമാണ് സോഷ്യൽ മീഡിയ അടക്കം ഉപയോഗിക്കാൻ കൂടുതൽ ആരംഭിച്ചത്.

ഓൺലൈൻ ക്ലാസുകൾ ഉള്ളതിനാൽ തന്നെ പെൺകുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം വീട്ടുകാരും കുടുതൽ ശ്രദ്ധിക്കാത്ത സാഹചര്യമുണ്ടെന്ന് പൊലീസ് പറയുന്നു. ഓൺലൈൻ പഠനത്തിന്റെ ഭാഗമായി കുട്ടികളെല്ലാം വലിയ തോതിൽ ഇന്റർനെറ്റും ഫോണും ഉപയോഗിക്കുന്നതിനാൽ തന്നെ രക്ഷിതാക്കൾ കൂടുതൽ ശ്രദ്ധിക്കേണ്ട സാഹചര്യമൂണ്ടെന്നും പൊലീസ് ചൂണ്ടിക്കാട്ടി. സമാനമായ പലകേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും മാനഹാനി ഭയന്ന് കേസുപോലും നൽകാതെ ഒതുക്കിത്തീർക്കുകയാണു വീട്ടുകാർ ചെയ്യുന്നതെന്നും പൊലീസ് ചൂണ്ടിക്കാട്ടി.