- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹ വാഗ്ദാനം നൽകി പീഡനം: താമരശ്ശേരിയിൽ രണ്ടു പേർ പോക്‌സോ കേസിൽ അറസ്റ്റിൽ; തിരുവമ്പാടിയിൽ 13 കാരിയെ പീഡിപ്പിച്ച 25 കാരൻ അറസ്റ്റിൽ; മുക്കത്ത് വിട്ടയച്ച മാനഭംഗ കേസിലെ പ്രതിയെ പിടിക്കാൻ പൊലീസ് പരക്കം പായുന്നു
കോഴിക്കോട്: താമരശ്ശേരിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കഞ്ചാവ് നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കി എന്ന പരാതിയിൽ രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു. തിരുവമ്പാടിയിൽ പതിമൂന്നുകാരിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായ പീഡിപ്പിച്ച കേസിൽ ഒരാളും അറസ്റ്റിലായിട്ടുണ്ട്. ഇതേ സമയം മുക്കത്ത് മാനഭംഗ കേസിലെ പ്രതിയെ കയ്യിൽ കിട്ടിയിട്ടും വിട്ടയച്ച പൊലീസ് പ്രതിയെയും തേടി നെട്ടോട്ടമോടുകയാണ്.
താമരശ്ശേരി പുതുപ്പാടി കൊട്ടാരക്കോത്ത് സ്വദേശിനിയായ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതിനാണ് കൊട്ടരക്കോത്ത് സ്വദേശി ജാസിൽ (24 ) കൊട്ടരക്കോത്ത് വള്ളിപ്പറ്റ മൂസ (60) എന്നിവരെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിക്ക് ലഹരി വസ്തുക്കൾ നൽകുകയും മറ്റൊരാളെ കൊണ്ട് രഹസ്യമായി വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചുവെന്നും പരാതിയുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമന്റിൽ ചെയ്ത് ജയിലിൽ അടച്ചു.
പോക്‌സോയടക്കമുള്ള വകുപ്പുകൾ ചേർത്താണ് അറസ്റ്റ്. കൂടുതൽ ആളുകൾ കേസിൽ പ്രതിയാകുമെന്നാണ് സൂചന, ചിലരുടെ പേരുകൾ പുറത്തു പറയാതിരിക്കാൻ വേണ്ടി സാമ്പത്തിക വാഗ്ദാനങ്ങളുമായി യുവതിയെ ചിലർ സമീപിച്ചതായുള്ള വിവരങ്ങളും പുറത്ത് വരുന്നുണ്ട്. യുവതിക്ക് പ്രായപൂർത്തിയാവുന്നതിനു മുമ്പു തന്നെ നിരവധി പേർ ചേർന്ന് നിരന്തരമായി പീഡിപ്പിച്ചിരുന്നതായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കൂടരഞ്ഞി പെരുമ്പൂള മഞ്ഞക്കടവ് കോളനിയിൽ പനഞ്ചോട്ടിൽ ബിബിൻ (25) ആണ് അറസ്റ്റിലായത്. തിരുവമ്പാടി സി. ഐ. സുമിത് കുമാർ അറസ്റ്റ് ചെയ്ത പ്രതിയെ കോഴിക്കോട് പോക്‌സോ കോടതി റിമാന്റ് ചെയ്തു.
ഇതേ സമയം വിട്ടയച്ച പ്രതിയെ തേടി മുക്കം പൊലീസ് നെട്ടോട്ടമോടുകയാണ്. മാനഭംഗ കേസിലെ പ്രതിയെയാണ് മുക്കം പൊലീസ് കയ്യിൽ കിട്ടിയപ്പോൾ വിട്ടയയ്ക്കുകയും സംഭവം വിവാദമായപ്പോൾ തേടി നടക്കുകയും ചെയ്യുന്നത്.
ഇക്കഴിഞ്ഞ 30 നാണ് പൊലീസ് സ്റ്റേഷന്റെ പിൻവശത്തെ വീട്ടിൽ പട്ടാപകൽ അതിക്രമിച്ചു കയറിയ പ്രതി വിധവയായ വീട്ടമ്മയെ മാനഭംഗപ്പെടുത്തിയതായി പരാതി ഉയർന്നത്. മാനഭംഗത്തിനിരയായ വീട്ടമ്മ അന്നു രാത്രി ഏഴു മണിക്കു തന്നെ മകനോടൊപ്പം തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. ഇവരെയും കൂട്ടി പ്രതിയുടെ മണാശ്ശേരിയിലെ വീട്ടിലെത്തിയ പൊലീസ് പ്രതിയെ കണ്ടെത്തുകയും പരാതിക്കാരി തിരിച്ചറിയുകയും ചെയ്തു. പ്രതിയുടെ ഫോണിൽ നിന്ന് വീട്ടമ്മയുടെ ഫോട്ടോകളും മറ്റു തെളിവുകളും പൊലിസിനു ലഭിക്കുകയും ചെയ്തു.
എന്നാൽ പ്രതിയെ കസ്റ്റഡിയിലെടുക്കാതെ അടുത്ത ദിവസം സ്റ്റേഷനിൽ ഹാജരാവാൻ നിർദ്ദേശിച്ച് മടങ്ങുകയാണ് പൊലീസ് ചെയ്തതെന്ന് പരാതിക്കാരി പറയുന്നു. സംഭവം നടന്ന് 10 ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാത്തതിൽ പ്രതിഷേധം വ്യാപകമായി. റസിഡന്റ്‌സ് അസോസിയേഷനും മറ്റു സംഘടനകളും സമരത്തിനൊരു ങ്ങുകയും ചെയ്തു. ഗത്യന്തരമില്ലാതെ പൊലീസ് തിരയാനാരംഭിച്ചപ്പോൾ പ്രതി സംസ്ഥാനം വിട്ടതായാണ് സൂചന.
സമാനമായ നിരവധി കേസുകളിൽ ഉൾപ്പെട്ട പ്രതിക്ക് കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം ലഭിക്കാൻ അവസരമൊരുക്കുകയാണ് പൊലീസ് ചെയ്യുന്നതെന്ന് വീട്ടമ്മ ആരോപിക്കുന്നു. പൊലീസിൽ പ്രതീക്ഷ നഷ്ടപ്പെട്ട വീട്ടമ്മ വനിത കമീഷനെ സമീപിക്കാനാണ് നീക്കം. തനിക്കുണ്ടായ ദുരനുഭവം മറ്റൊരു സ്ത്രീക്കും ഉണ്ടാവാൻ പാടില്ലെന്നും അക്കാര്യം ഉറപ്പാക്കാൻ ഏതറ്റം വരെയും പോകുമെന്നും പരാതിക്കാരി പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ