- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായ കായികാദ്ധ്യാപകൻ മുമ്പേ പീഡനവീരൻ; നേരത്തെ ജോലി ചെയ്ത സ്കൂളിലും പീഡന പരാതി; മനീഷിന് വീണ്ടും നിയമനം നൽകിയത് താമരശ്ശേരി രൂപതക്ക് കീഴിലെ സ്‌കൂളിൽ; രക്ഷിതാക്കളുടെ പ്രതിഷേധം മറികടന്നും ജോലി നൽകിയ അദ്ധ്യാപകന് എതിരെ കൂടുതൽ പരാതികൾ
കോഴിക്കോട്: വിദ്യാർത്ഥിനിയെ ശാരീരികമായി ഉപദ്രവിക്കുകയും ഫോണിൽ അസഭ്യം പറയുകയും ചെയ്തതിന് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്ത അദ്ധ്യാപകൻ നേരത്തെയും വിദ്യാർത്ഥികളെ പീഡിപ്പിച്ചിരുന്നതായി വെളിപ്പെടുത്തലുകൾ. താമരശ്ശേരി കട്ടിപ്പാറയിൽ പ്രവർത്തിക്കുന്ന താമരശ്ശേരി രൂപതക്ക് കീഴിലെ ഹോളി ഫാമിലി സ്‌കൂളിലെ കായികാദ്ധ്യാപകനും കോടഞ്ചേരി സ്വദേശിയുമായ വിടി മനീഷിനെതിരെയാണ് കൂടുതൽ വിദ്യാർത്ഥികൾ പരാതികളുമായി രംഗത്തെത്തിയിരിക്കുന്നത്.
മനീഷ് നേരത്തെ ജോലി ചെയ്തിരുന്ന നെല്ലിപ്പൊയിൽ സെന്റ് ജോൺസ് സ്‌കൂളിൽ വെച്ച് ഇയാൾ വിദ്യാർത്ഥികളെ പീഡിപ്പിച്ചിരുന്നതായാണ് വിവരം. നെല്ലിപ്പൊയിൽ സ്‌കൂളിൽ വെച്ച് വിദ്യാർത്ഥിയെ പീഡിപ്പിച്ചതിന് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നെങ്കിലും കൂടുതൽ നടപടികളുണ്ടായിരുന്നില്ല. കേസ് രജിസ്റ്റർ ചെയ്തതോടെ ഇയാളെ നെല്ലിപ്പൊയിൽ സ്‌കൂളിൽ നിന്ന് പുറത്താക്കുകയും മനീഷ് ഒളിവിൽ പോവുകയുമായിരുന്നു. തിരിച്ചെത്തിയ ഇയാൾക്കെതിരെ പിന്നീട് കൂടുതൽ നടപടികളുമുണ്ടായില്ല.
മാസങ്ങൾക്ക് ശേഷം തിരിച്ചെത്തിയ ഇയാൾക്ക് പിന്നീട് താമരശ്ശേരി രൂപതക്ക് കീഴിലുള്ള കട്ടിപ്പാറ ഹോളി ഫാമിലി സ്‌കൂളിൽ നിയമനം നൽകുകയായിരുന്നു. മനീഷിന് സ്‌കൂളിൽ നിയമനം നൽകുന്നത് സംബന്ധിച്ച് രക്ഷിതാക്കൾക്കിടയിൽ പ്രതിഷേധമുണ്ടായിരുന്നെങ്കിലും പീഡന വീരനായ അദ്ധ്യാപകനെ സംരക്ഷിക്കുന്ന നിലപാടാണ് സ്‌കൂൾ അധികാരികളായ താമരശ്ശേരി രൂപത കൈകൊണ്ടത്. ഇയാൾക്കെതിരെ നേരത്തെ ജോലി ചെയ്ത സ്‌കൂളിൽ പരാതികളുണ്ടെന്ന് മനസ്സിലാക്കി തന്നെയാണ് പുതിയ സ്‌കൂളിൽ ജോലി നൽകിയത്.
മികച്ച കായികാദ്ധ്യാപകനാണെന്ന് കാരണം പറഞ്ഞാണ് രക്ഷിതാക്കളുടെ എതിർപ്പ് മറികടന്ന് മനീഷിന് ജോലി നൽകിയത്. കായികതാരവും വയനാട് സ്വദേശിനിയും കട്ടിപ്പാറ ഹോളിഫാമില സ്‌കൂളിലെ വിദ്യാർത്ഥിയുമായ പെൺകുട്ടിയുടെ പരാതിയിലാണ് മനീഷിനെ ഇന്ന് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കോടഞ്ചേരി നെല്ലിപ്പൊയിൽ മീന്മുട്ടി സ്വദേശിയാണ് മനീഷ്. പോക്സോ വകുപ്പുകൾ പ്രകാരമാണ് മനീഷിനെ പൊലീസ് അറസ്റ്റ് ചെയതിട്ടുള്ളത്.
പരാതിക്കാരിയായ വിദ്യാർത്ഥിനി പ്രായപൂർത്തി ആവുന്നതിന് മുമ്പ് 2019 ഡിസംബർ 26ന് വിദ്യാർത്ഥിനി താമസിക്കുന്ന കട്ടിപ്പാറ സ്‌കൂളിന് അടുത്തുള്ള വാടകമുറിയിൽ നിന്നും നെല്ലിപ്പൊയിൽ ഉള്ള മനീഷിന്റെ ബന്ധുവീട്ടിൽ എത്തിച്ച് പീഡിപ്പിച്ചു എന്നാണ് പരാതി. പ്രതി പലതവണ വിദ്യാർത്ഥിനിയെ കടന്നുപിടിക്കുകയും, ലൈംഗിക അതിക്രമത്തിന് വിധേയമാക്കുകയും, മാനഹാനി വരുത്തുകയും ചെയ്തതായും, സ്‌കൂളിലെ കായിക മുറിയിൽ നിന്നു പോലും കടന്ന് പിടിച്ചതായും പരാതിയിൽ പറയുന്നു.
പ്രതിക്കെതിരെ ഐ പി സി 363,354, പോക്സോ 10 (ആർ ഡബ്ല്യൂ ), 9 ( എഫ്), 9 (എൽ), വകുപ്പുകൾ ചുമത്തിയാണ് താമരശ്ശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. താമരശ്ശേരി ഡി വൈ എസ് പി അഷറഫിന്റെ മേൽനോട്ടത്തിൽ എസ് ഐ ലളിതക്കാണ് അന്വേഷണ ചുമതല. പ്രതി സമാനമായി രീതിയിൽ മറ്റു വിദ്യാത്ഥികളോടും പെരുമാറിയതായുള്ള വിവരങ്ങൾ പുറത്തു വരുന്നുണ്ട്.
മനീഷ് ഉപദ്രവിക്കുന്നതായി മറ്റു വിദ്യാർത്ഥികളും സ്‌കൂളിൽ പരാതിപ്പെട്ടിരുന്നെങ്കിലും സ്‌കൂൾ അധികൃതർ നടപടിയെടുത്തിരുന്നില്ല. എന്നാൽ ഇതുവരെയും ആരും പൊലീസിൽ പരാതിപ്പെടാനും തയ്യാറായിരുന്നില്ല. പൊലീസിലോ സ്‌കൂളിലോ പരാതിപ്പെടരുതെന്ന് മനീഷ് വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. നിരന്തരമായി വിദ്യാർത്ഥികളെ ഉപദ്രവിച്ചു കൊണ്ടിരുന്ന അദ്ധ്യാപകനെ സംരക്ഷിക്കുന്ന നിലപാടാണ് ഇത്രയും കാലം സ്‌കൂൾ കൈകൊണ്ടിരുന്നത്. വിദ്യാർത്ഥികളെ ഉപദ്രവിക്കുന്ന വിവരം അറിഞ്ഞിട്ടും അദ്ധ്യാപകനെ സംരക്ഷിച്ച സ്‌കൂൾ അധികൃതരുടെ നിലപാടിനെതിരെയും പ്രതിഷേധമുയരുന്നുണ്ട്.