- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോക്സോ കേസിൽ തടവുശിക്ഷ: തെറ്റായി പ്രതിചേർത്തത് മനുഷ്യാവകാശ കമ്മീഷൻ അന്വേഷിക്കും; മലപ്പുറം ജില്ലാ പൊലീസ് മേധാവി രണ്ടാഴ്ചക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം
മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ തെറ്റായി പ്രതിചേർക്കപ്പെട്ടത് വഴി യുവാവ് 35 ദിവസം ജയിലിൽ കിടക്കേണ്ടി വന്ന സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു.
മലപ്പുറം ജില്ലാ പൊലീസ് മേധാവി സംഭവത്തെ കുറിച്ച് അന്വേഷിച്ച് രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജു നാഥ് ആവശ്യപ്പെട്ടു. യുവാവ് ജയിലിൽ കിടക്കേണ്ടി വന്ന സാഹചര്യം വിശദമായി അന്വേഷിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
യുവാവിന്റെ ഡിഎൻഎ ഫലം നെഗറ്റീവായ പശ്ചാത്തലത്തിലാണ് കമ്മീഷൻ അന്വേഷണത്തിന് തീരുമാനിച്ചത്. 35 ദിവസം യുവാവ് തിരൂർ സബ് ജയിലിൽ തടവിൽ കഴിഞ്ഞു.സ്‌കൂളിൽ നിന്നും മടങ്ങിയ പെൺകുട്ടിയെ സ്വന്തം വീട്ടിൽ കൊണ്ടുപോയി യുവാവ് പീഡിപ്പിച്ചെന്നായിരുന്നു കേസ്.
കൽപ്പകഞ്ചേരി പൊലീസാണ് യുവാവിനെതിരെ കേസെടുത്തത്. തിരൂരങ്ങാടി പൊലീസാണ് തുടരന്വേഷണം നടത്തിയത്. യുവാവിന്റെ ആവശ്യപ്രകാരമാണ് ഡി എൻ എ ടെസ്റ്റ് നടത്തിയത്. കഴിഞ്ഞ ദിവസം ഫലം വന്നപ്പോൾ ടെസ്റ്റ് നെഗറ്റീവായി. തുടർന്ന് കോടതിയുടെ നിർദ്ദേശാനുസരണം യുവാവിനെ ജയിൽ മോചിതനാക്കി.തിരൂരങ്ങാടി തെന്നല സ്വദേശിയാണ് യുവാവ്.
മറുനാടന് മലയാളി ബ്യൂറോ