തിരുവനന്തപുരം: മൈനർ പെൺകുട്ടിയെ അമ്മയുടെ ഒത്താശയോടെ പീഡിപ്പിക്കാൻ ശ്രമിച്ച പോക്‌സോ കേസിൽ പൊലീസ് ഓഫിസർക്ക് ജാമ്യമില്ല. പ്രതിക്ക് ജാമ്യം നിരസിച്ച തിരുവനന്തപുരം പോക്‌സോ കോടതി പ്രതിയെ 14 ദിവസം റിമാന്റ് ചെയ്ത് ജില്ലാ ജയിലിലടച്ചു. കേസിൽ ഒന്നാം പ്രതിയും വിതുര പൊലീസ് സ്റ്റേഷൻ സിവിൽ പൊലീസ് ഓഫീസറുമായ പാലോട് പച്ച കളിപ്പാറ റോസ് ഹില്ലിൽ ശശിധരൻ മകൻ അനൂപിനെ (39) യാണ് റിമാന്റ് ചെയ്തത്. പരിഷ്‌കൃത സമൂഹത്തിന് അപമാനമായ കാടത്ത പ്രകൃതക്കാരനായ പ്രതിക്ക് ഈ ഘട്ടത്തിൽ ജാമ്യത്തിനർഹതയില്ല. ഗൗരവമേറിയ കൃത്യം ചെയ്ത സ്വാധീനമുള്ള പൊലീസുകാരനായ പ്രതിയെ ജാമ്യം നൽകി സ്വതന്ത്രനാക്കിയാൽ തെളിവു നശിപ്പിക്കുമെന്നും സാക്ഷികളെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും മൊഴി തിരുത്തിക്കുമെന്നും നിരീക്ഷിച്ചാണ് ജഡ്ജി വി.അർ.രജനീഷ് പ്രതിക്ക് ജാമ്യം നിഷേധിച്ചത്.

ഇരയുടെ പിതാവും മാതാവും തമ്മിലുള്ള കുടുംബ പ്രശ്‌നങ്ങൾ സംബന്ധിച്ച് വിതുര സ്റ്റേഷനിൽ കേസ് എടുത്തിരുന്നു. സ്റ്റേഷനിൽ എത്തിയ കുട്ടിയുടെ മാതാവിന് സഹായ വാഗ്ദാനങ്ങൾ നൽകി അനൂപ് സ്ത്രീകരിച്ച് അടുപ്പത്തിലായി. തുടർന്ന് ആ വീട്ടിൽ നിത്യസന്ദർശകനായി മാറിയ പ്രതി പല പ്രാവശ്യം കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. കുട്ടി വിവരം അമ്മയെ ധരിപ്പിച്ചെങ്കിലും അമ്മ പ്രതിക്ക് ഒത്താശ നൽകുകയായിരുന്നു.

കുട്ടിയുടെ മാതാവ് കേസിൽ രണ്ടാം പ്രതിയാണ്. ഒന്നാം പ്രതിയായ അനൂപ് തിരുവനന്തപുരം പോക്‌സോ കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി കോടതി തള്ളിയിരുന്നു. ഹൈക്കോടതിയിൽ രണ്ടാം ജാമ്യഹർജി സമർപ്പിച്ചെങ്കിലും പ്രതി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനും അറസ്റ്റ് രേഖപ്പെടുത്തി വിചാരണ കോടതിയായ പോക്‌സോ കോടതിയിൽ ഹാജരാക്കാനും അന്ന് തന്നെ ജാമ്യഹർജി തീർപ്പാക്കാനും ഹൈക്കോടതി നിർദ്ദേശിച്ചു. അപ്രകാരം അറസ്റ്റ് ചെയ്ത് വിതുര പൊലീസ് സർക്കിൾ ഇൻസ്പെക്ടർ ഹാജരാക്കിയ പൊലീസ് ഓഫീസറെയാണ് ജാമ്യം നിരസിച്ച് ജയിലിലടച്ചത്.