- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിഎൻഎ ടെസ്റ്റിൽ നിരപരാധിത്വം തെളിയിച്ച മലപ്പുറത്തുകാരൻ; 64കാരന്റെ ആത്മഹത്യ വ്യാജ കേസിൽ മനംനൊന്ത്; നിരപാധിയെന്ന് എഫ് ബിയിൽ കുറിച്ച് ചാമക്കാലയിലെ 26കാരനും ജീവനൊടുക്കി; കിളിമാനൂരിലെ അമ്മയും പോക്സോ കേസ് ദുരുപയോഗത്തിന് തെളിവ്; കുട്ടി പീഡന കേസ് കൂടുമ്പോൾ നിയമ ദുരുപയോഗവും ചർച്ചകളിൽ
തിരുവനന്തപുരം : കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ തടയൽ നിയമം ദുരുപയോഗം ചെയ്യുന്നത് സംസ്ഥാനത്ത് വർദ്ധിച്ചുവരുന്നതായി കണക്കുകൾ. വിവാഹ മോചനക്കേസുകളിൽ കുട്ടിയെ തനിക്കൊപ്പം കിട്ടുന്നതിന് മുതൽ സാമ്പത്തിക വിഷയത്തിലെ പകപോക്കുന്നതിനുവേണ്ടി എതിരാളിക്കെതിരെ പോക്സോ കേസ് നൽകുന്നതുവരെയുള്ള കാര്യങ്ങൾ സംസ്ഥാനത്ത് അരങ്ങേറുകയാണ്. വ്യാജ പോക്സോ കേസുകൾക്ക് അറുതിയില്ലാതായതോടെ നിരപരാധിത്വം തെളിയിക്കാനാകാത്ത പുരുഷന്മാരുടെ എണ്ണവും കൂടുന്നുണ്ട്. പോക്സോ നിയമം ദുരുപയോഗം ചെയ്യുന്നത് തടയാൻ ഇടപെടൽ ആവശ്യമാണെന്ന് മദ്രാസ് ഹൈക്കോടതിയുൾപ്പെടെ വിവിധ കോടതികൾ ആവശ്യപ്പെട്ടിരുന്നു.
2021 ൽ മലപ്പുറത്ത് 21 വയസ്സുകാരനായ യുവാവിന് ജാമ്യം ലഭിച്ചത് ഡി.എൻ.എ ടെസ്റ്റിൽ അയാൾ ഗർഭത്തിന് ഉത്തരവാദിയല്ല എന്ന് തെളിയിക്കപ്പെട്ടതിന് ശേഷം മാത്രമായിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരം കിളിമാനൂരിൽ പോക്സോ കേസിൽ പ്രതിയായ 64 വയസ്സുകാരൻ ആത്മഹത്യ ചെയ്തിരുന്നു. എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ വിചാരണ നേരിട്ട് ജാമ്യത്തിലിറങ്ങിയ അടുത്ത ദിവസമായിരുന്നു മണിരാജൻ ആത്മഹത്യ ചെയ്തത്.
26 വയസ്സുകാരനായ യുവാവ് തൃശൂർ ചാമക്കാലയിൽ ആത്മഹത്യ ചെയ്തതും പോക്സോ കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ അടുത്ത ദിവസമായിരുന്നു. കൊടുങ്ങൂക്കാരൻ സഹദാണ് മാസങ്ങളോളം തടവിൽ കഴിഞ്ഞ് പുറത്തിറങ്ങിയതിന് ശേഷം ആത്മഹത്യ ചെയ്തത്. താൻ നിരപരാധിയാണെന്ന് ഫേസ്‌ബുക്കിൽ കുറിച്ചതിന് ശേഷമായിരുന്നു ഇയാളുടെ കടുംകൈ. കിളിമാനൂരിലെ അമ്മയും പോക്‌സോ കേസിന്റെ ഇരയാണ്. മകളെ അമ്മയ്ക്ക് നൽകാതിരിക്കാൻ അച്ഛൻ സൃഷ്ടിച്ചെടുത്തതായിരുന്നു ആ വ്യാജ പരാതി.
കഴിഞ്ഞവർഷം കേരളത്തിൽ രജിസ്റ്റർ ചെയ്തത് 3549 പോക്സോ കേസുകളാണ്. 2020 ൽ 3019 കേസുകൾ ആയിരുന്നു. ഏറ്റവും കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് മലപ്പുറത്താണ് (457). രണ്ടാമത് തിരുവനനന്തപുരം (318), പാലക്കാട് (251), കുറവ് കേസുകൾ കണ്ണൂരിലാണ് (കണ്ണൂർ സിറ്റി -93, കണ്ണൂർ റൂറൽ 97). 2016 മുതൽ പോക്സോ കേസുകളുടെ എണ്ണത്തിൽ വർദ്ധനവാണ് ഉണ്ടാകുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
വിവാഹ മോചനക്കേസുകളിൽ കുട്ടിയെ പിതാവിന് വിട്ടുകൊടുക്കാതിരിക്കാനുള്ള വജ്രായുധമായി വ്യാജ പോക്‌സോ കേസുകൾ ഉപയോഗിക്കുന്ന സംഭവങ്ങളും വർദ്ധിക്കുന്നുണ്ട്. കുട്ടികൾക്കെതിരെയുള്ള ലൈംഗിക പീഡനം തടയുന്നതിനുള്ള പോക്‌സോ നിയമം സംസ്ഥാനത്തെ കുടുംബ കോടതികളിൽ വലിയ തോതിൽ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും ഇതിനെതിരെ കോടതികൾ ജാഗ്രത പുലർത്തണമെന്നും 2019 മെയ് മാസത്തിൽ ഹൈക്കോടതി കുടുംബ കോടതികൾക്ക് നിർദ്ദേശം നൽകിയിരുന്നു. പക്ഷേ വ്യാജ പോക്സോ കേസുകൾക്ക് യാതൊരു കുറവുമില്ല.
കുടുംബ ബന്ധം വേർപ്പെടുത്താനായി ഭാര്യ കേസ് ഫയൽ ചെയ്യുമ്പോൾ പ്രായപൂർത്തിയാകാത്ത കുട്ടികളെ പിതാവിന് വിട്ടുകൊടുക്കാതിരിക്കാനുള്ള നീക്കത്തിന് ബലം കിട്ടാനാണ് വ്യാജ പോക്‌സോ കേസുകൾ നൽകുന്നത്. കുടുംബ കോടതികളിൽ ഫയൽ ചെയ്യപ്പെടുന്ന പോക്‌സോ കേസുകളിൽ വലിയൊരു ശതമാനവും വ്യാജമാണ്. സംസ്ഥാനത്ത് പോക്‌സോ കേസുകളിൽ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം വളരെ കുറയുന്നതിനുള്ള പ്രധാന കാരണവും ഈ വ്യാജന്റെ കളിയാണ്. 2015 മുതൽ 2019 വരെ 6939 പോക്‌സോ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ കേവലം 312 പേർ മാത്രമാണ് ശിക്ഷിക്കപ്പെട്ടതെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു. അതായത് മൊത്തം പോക്‌സോ കേസുകളിൽ കേവലം 4.49 ശതമാനം മാത്രമാണ് തെളിയിക്കപ്പെട്ടിട്ടുള്ളത്.
പോക്‌സോ കേസുകളുടെ വലിയ തോതിലുള്ള ദുരുപയോഗമാണ് കുടുംബ കോടതികളിൽ നടക്കുന്നതെന്ന് നിയമരംഗത്തുള്ളവരും ചൂണ്ടിക്കാട്ടുന്നു. വിവാഹ മോചനക്കേസുകളിൽ തീർപ്പായാൽ സാധാരണഗതിയിൽ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ സംരക്ഷണം ഭാര്യക്കും ഭർത്താവിനുമായി നൽകുകയാണ് കോടതി ചെയ്യാറുള്ളത്. നിശ്ചിത ദിവസം അമ്മയ്ക്കും നിശ്ചിത ദിവസം അച്ഛനും എന്നരീതിയിൽ കുട്ടികളുടെ കസ്റ്റഡി വീതിച്ചു നൽകുകയാണ് ചെയ്യാറുള്ളത്. തീരെ ചെറിയ കുട്ടികളാണെങ്കിൽ കുട്ടിയുടെ സംരക്ഷണം അമ്മയെ ഏൽപ്പിച്ച് അച്ഛന് നിശ്ചിത ഇടവേളകളിൽ കുട്ടിയെ കാണാനുള്ള അനുവാദം നൽകും. വിവാഹ ബന്ധം വേർപിരിഞ്ഞാലും കുട്ടികളുടെ സംരക്ഷണത്തിന്റെ കാര്യത്തിൽ അച്ഛനും അമ്മയും പരസ്പര വിശ്വാസത്തോടെ നീങ്ങണമെന്നാണ് കോടതി നിർദ്ദേശം നൽകുക.
എന്നാൽ പിതാവോ മാതാവോ കുട്ടിയെ ലൈംഗികമായോ മറ്റ് തരത്തിലോ ഉപദ്രവിക്കുന്ന ആളാണെന്ന് കണ്ടെത്തിയാൽ കുട്ടിയുടെ സംരക്ഷണം ഇയാളെ ഏൽപ്പിക്കരുതെന്നാണ് നിയമം. അപ്പോൾ സംരക്ഷണ ചുമതല ഒരാൾക്ക് മാത്രമായി നൽകും. ഇതിന്റെ മറപിടിച്ചാണ് കുട്ടികളെ കാണാൻപോലും ഭർത്താവിനെ അനുവദിക്കാൻ പാടില്ലെന്ന് വാശിപിടിക്കുന്ന ഭാര്യയോ അവരുടെ ബന്ധുക്കളോ വിവാഹ മോചനക്കേസുകളിൽ ഭർത്താവിനെതിരെ വ്യാജ പോക്‌സോ കേസ് നൽകുന്നത്.
പോക്‌സോ കേസുകൾ നൽകിയാൽ തന്റെ നിരപരാധിത്വം തെളിയിച്ചെടുക്കുകയെന്നത് പിതാവിനെ സംബന്ധിച്ചിടത്തോളം എളുപ്പമല്ല. പ്രത്യേകിച്ച് പതിനഞ്ച് വയസിന് താഴെയുള്ള കുട്ടികളാകുമ്പോൾ. കുട്ടികളുടെ മൊഴികളും മറ്റും പോക്‌സോ കേസുകളിൽ നിർണ്ണായകമാണ്. കുട്ടി അമ്മയുടെ സംരക്ഷണത്തിലാണെങ്കിൽ കുട്ടിയെ പ്രലോഭിപ്പിച്ചോ ഭീഷണിപ്പെടുത്തിയോ വ്യാജമൊഴി കൊടുപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തും. പരാതി വ്യാജമാണെങ്കിൽ വലിയൊരു അഗ്നിപരീക്ഷയാണ് ഇക്കാലയളവിൽ പിതാവിന് നേരിടേണ്ടിവരിക. തന്റെ നിരപരാധിത്വം തെളിയിക്കുന്നത് വരെ സമൂഹത്തിന് മുന്നിൽ മക്കളെ പീഡിപ്പിച്ചവനെന്ന അപമാനഭാരം പേറി നിൽക്കേണ്ടിവരും.
കുടുംബ കോടതികളിൽ വ്യാജ പോക്‌സോ കേസുകൾ ധാരാളമായി വരുന്നുണ്ടെന്നും അതിന്റെ സത്യാവസ്ഥ തെളിയിക്കുക എളുപ്പമല്ലെന്നും പൊലീസ് ഉദ്യേഗസ്ഥർ പറയുന്നു. പരാതി വ്യാജമാണെന്ന് അന്വേഷണത്തിൽ പ്രാഥമികമായി കണ്ടെത്തിയാൽ ഭാര്യയുടെ വീട്ടുകാർ പൊലീസിനെതിരെ തിരിയുകയും പ്രതിയെ സംരക്ഷിക്കുന്നുവെന്ന് കാണിച്ച് ബാലാവകാശ കമ്മീഷനിൽ അടക്കം പരാതി നൽകുന്ന സ്ഥിതിയുണ്ടാകും. അല്ലെങ്കിൽ പല രീതിയിലും പൊലീസിനെ സ്വാധീനിക്കാൻ ശ്രമിക്കും. ഇത്തരം വിഷയങ്ങൾ ഉള്ളതിനാൽ തന്നെ പലപ്പോഴും പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് സത്യസന്ധമായിക്കൊള്ളണമെന്നില്ല. ഇത്തരം സന്ദർഭങ്ങളിൽ ആരോപണ വിധേയൻ പെട്ടുപോകുക തന്നെ ചെയ്യും. വസ്തുതകൾ വിലയിരുത്തി കോടതി നീതിപൂർവ്വകമായ തീരുമാനം എടുത്താൽ മാത്രമേ രക്ഷയുള്ളൂ. അല്ലെങ്കിൽ സ്വന്തം കുട്ടിയെ പിന്നീട് കാണാൻ പോലും പറ്റാത്ത അവസ്ഥയുണ്ടാകുകയും അപമാനം ജീവിതകാലം മുഴുവൻ സഹിക്കേണ്ടി വരികയും ചെയ്യും.
വ്യാജ പോക്സോ പരാതികൾ തടയാൻ പ്രാഥമിക അന്വേഷണത്തിനുശേഷം മാത്രം കേസ് രജിസ്റ്റർ ചെയ്താൽ മതിയെന്നു സർക്കാർ നിർദ്ദേശമുണ്ടായിരുന്നെങ്കിലും ഇത് അത്രത്തോളം പ്രാവർത്തിമായിരുന്നില്ല. . പരാതികൾ ആദ്യം ജില്ലാ ശിശു സംരക്ഷണ യൂണിറ്റുകൾക്കും (ഡിസിപിയു) പിന്നീട് ജില്ലാ ശിശുസംരക്ഷണ സമിതിക്കും (സിഡബ്ല്യുസി) കൈമാറി അവരുടെ പരിശോധനകൾക്കു ശേഷമേ നിയമനടപടികളിലേക്കു നീങ്ങാവൂ എന്നായിരുന്നു സർക്കാർ നിർദ്ദേശം. പക്ഷേ പ്രാഥമിക അന്വേഷണംകൊണ്ട് മാത്രം പരാതിയുടെ നിജസ്ഥിതി വ്യക്തമാകാത്ത സാഹചര്യമാണ് പലപ്പോഴും. പരാതികൾ ലഭിച്ചയുടൻ റിപ്പോർട്ട് ചെയ്ത് കേസ് രജിസ്റ്റർ ചെയ്യുന്നതും വാർത്തയാകുന്നതും കുട്ടികളുടെ സ്വകാര്യതയെയും ബാധിക്കുന്നുണ്ട്. പലപ്പോഴും കുട്ടികൾ കുടുംബത്തിൽ നിന്നു വേർപിരിഞ്ഞുകഴിയേണ്ടിവരുന്നുവെന്നുമാണ് സർക്കാരിന്റെ വിലയിരുത്തൽ.
എന്നാൽ ഇതിന് മറ്റൊരു വശം കൂടിയുണ്ട്. തിരിച്ചും ചില കേസുകൾ വരാറുണ്ട്. ഭാര്യ ദുർനടപ്പുകാരിയാണെന്ന് വ്യാജ പരാതി നൽകി കുട്ടിയുടെ സംരക്ഷണം പൂർണ്ണമായും തട്ടിയെടുക്കുന്നതിന് ഭർത്താവും ശ്രമിക്കാറുണ്ട്. എന്നാൽ ഇത് തെളിയിക്കുന്നത് എളുപ്പമല്ലാത്തതിനാൽ ഈ നീക്കം കോടതിയിൽ പൊളിഞ്ഞുപോകുകയാണ് പതിവ്. കിളിമാനൂരിൽ അമ്മയ്‌ക്കെതിരെ മകനെ കൊണ്ട് പീഡന പരാതി കൊടുത്തത് ഈ പശ്ചാത്തലത്തിലാണ്. ഈ കേസ് തന്നെ പിന്നീട് കോടതി എഴുതി തള്ളി.
ദമ്പതികൾ തമ്മിൽ വേർപിരിയുന്നത് കുട്ടികളിൽ കടുത്ത മാനസിക പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുക. ഇതിനൊപ്പം വ്യാജ പോക്‌സോ കേസ് കൂടി വന്നാൽ കുട്ടികൾ പെട്ടുപോകും. പ്രലോഭനവും ഭീഷണിയും അതിനൊപ്പം പിതാവിനെ നഷ്ടപ്പെട്ടുപോകുമെന്ന ഭീതിയുമെല്ലാം കൂട്ടികളെ ശരിക്കും തകർത്തു കളയുകയും വിഷാദ രോഗികളോ, അക്രമ വാസനയുള്ളവരോ ആയി മാറ്റുകയും ചെയ്യുമെന്ന് ചൈൽഡ് കൗൺസിലർമാർ പറയുന്നു.
ഇതേത്തുടർന്ന്, കേരളത്തിൽ പോക്‌സോ കേസുകൾ അന്വേഷിക്കാൻ ഇനി മുതൽ പ്രത്യേക പൊലീസ് സംഘത്തെ തയ്യാറാക്കാൻ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഓരോ ജില്ലയിലും ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തിലാകും പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുക. പോക്‌സോ സംഘത്തിലേക്ക് ക്രമസമാധാന ചുമതലയിൽ നിന്നും 44 സ്റ്റേഷൻ ഹൗസ് ഓഫീസർമാരെ പുനർവിന്യസിക്കാനും തീരുമാനമായിട്ടുണ്ട്.
സംസ്ഥാനത്ത് പോക്‌സോ കേസുകളിൽ വർധനവ് ഉണ്ടാകുന്നുണ്ടെന്നും ഇത്തരം കേസുകളിലെ അന്വേഷണം ഊർജിതമാക്കേണ്ട സാഹചര്യത്തിലാണ് ഇത്തരത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാൻ ഒരുങ്ങുന്നത്. സുപ്രീം കോടതിയും ഒരു വർഷം മുമ്പ് ഇത്തരത്തിലൊരു നിർദ്ദേശം മുന്നോട്ട് വച്ചിരുന്നു. പോക്‌സോ കേസുകളിൽ കുറ്റപത്രവും വിചാരണയുമെല്ലാം വൈകുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീം കോടതിയുടെ നിർദ്ദേശം.
സിഐ റാങ്കിലുള്ള സ്റ്റേഷൻ ഹൗസ് ഓഫീസർമാരാണ് നിലവിൽ പോക്‌സോ കേസുകൾ അന്വേഷിക്കുന്നത്. എന്നാൽ ഇവർക്ക് ക്രമസമാധാന ചുമതലക്ക് ഒപ്പം കിട്ടുന്ന ഈ അധിക ചുമതല കുറ്റപത്രം സമർപ്പിക്കുന്നതിലെ കാലതാമസത്തിന് കാരണമാകുന്നുണ്ട്. വിചാരണ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകും. ഈ കാലയളവിൽ പ്രതികൾ സാക്ഷികളെ സ്വാധീനിക്കാനും ശ്രമിക്കും. ഈ സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രസക്തി. പോക്‌സോ കേസുകൾ അന്വേഷിക്കാൻ ഓരോ ജില്ലയിലും പ്രത്യേക സംഘത്തെ രൂപീകരിക്കണം. ഇതു സംബന്ധിച്ച് ക്രൈം ബ്രാഞ്ച് എഡിപിജി റിപ്പോർട്ട് നൽകി.
മറുനാടന് മലയാളി ബ്യൂറോ