മലപ്പുറം: സ്‌കൂളിലെ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച മലപ്പുറം എം.എസ് പി ഹയർസെക്കന്ററി സ്‌കൂൾ അദ്ധ്യാപകൻ അറസ്റ്റിൽ. പുല്പറ്റ തൃപ്പനച്ചി മേൽപ്പള്ളി മനക്കൽ നാരായണൻ (44) ആണ് പിടിയിലായത്. പിടിയിലായ പ്രതിയെ മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി റിമാന്റ് ചെയ്തു.

മലപ്പുറം എം എസ് പി ഹയർസെക്കന്ററി സ്‌കൂളിൽ സംസ്‌കൃതം അദ്ധ്യാപകനാണ് പ്രതി. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് പരാതിക്കാരി. മൂന്നു വർഷം മുമ്പ് പരാതിക്കാരി ആറാംക്ലാസിൽ പഠിക്കുമ്പോൾ അദ്ധ്യാപകൻ തനിക്ക് മാനഹാനി വരുത്തിയെന്നാണ് പരാതി. പത്തു വർഷമായി ഈ സ്‌കൂളിൽ അദ്ധ്യാപകനാണ് പ്രതി. രഹസ്യ വിവരത്തെ തുടർന്ന് മലപ്പുറം വനിതാ പൊലീസ് എസ് ഐ സന്ധ്യാദേവി സ്‌കൂളിലെത്തുകയും ഡെപ്യൂട്ടി ഹെഡ് മിസ്ട്രസ് സീതയുടെ സാന്നിദ്ധ്യത്തിൽ കുട്ടിയുടെ മൊഴിയെടുക്കുകയുമായിരുന്നു. ചൂരലുമെടുത്ത് റോന്ത് ചുറ്റുന്ന വല്യ കാർക്കശ്യക്കാരനായ ഈ അദ്ധ്യാപകൻ വടി കൊണ്ട് പാവാടയ്ക്കടിയിൽ പരിശോധന, നടത്തിയെന്നും കുപ്പായം പൊക്കി നോക്കിയെന്നും കൈമുട്ടിന് ഇടയിലൂടെ കൈ ഇട്ടുവെന്നുമൊക്കെയാണ് പരാതി

തുടർന്ന് അറസ്റ്റിലായ പ്രതി അഭിഭാഷകൻ മുഖേന കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. വിദ്യാർത്ഥികൾ തമ്മിൽ വഴക്കുണ്ടാക്കിയപ്പോൾ തടഞ്ഞതിലുള്ള വിരോധമാണ് പരാതിക്ക് പിന്നിലെന്നായിരുന്നു വാദം. എന്നാൽ പ്രതിക്ക് ജാമ്യം നൽകുന്നതിനെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഐഷ പി ജമാൽ ശക്തമായി എതിർക്കുകയും പ്രതിക്ക് ജാമ്യം നൽകുന്ന പക്ഷം കുട്ടിയെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് കോടതിയെ ബോധ്യപ്പെടുത്തുകയുമായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് സ്വതന്ത്രമാധ്യമപ്രവർത്തകയായ ശരണ്യ എം ചാരു സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നത്:

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ശശിമാർ ആവർത്തിക്കപ്പെടുകയാണ്, പേരുകൾ മാത്രമേ മാറുന്നുള്ളൂ... മലപ്പുറം എംഎസ് പി സ്‌കൂളിലെ സംസ്‌കൃതം അദ്ധ്യാപകൻ നാരായണൻ മാഷിനെതിരെ 15 ൽ കൂടുതൽ കുട്ടികൾ ചൈൽഡ് ലൈനിൽ കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു.എന്താണോ കഴിഞ്ഞ 30 വർഷമായി ശശികുമാർ സെന്റ് ജമ്മാസിലെ കുട്ടികളോട് കാണിച്ചത് അതിന് സമാനമായ കാര്യങ്ങൾ തന്നെയാണ് ഇവിടെയും നടന്നിരിക്കുന്നത് എന്ന് കുട്ടികളുടെ പരാതിയിൽ നിന്ന് വ്യക്തം.

ആറിലും ഏഴിലും എട്ടിലും ഒമ്പതിലും പഠിക്കുന്ന കുട്ടികളുടെ ഡ്രെസ് പൊക്കി നോക്കുക, ഡ്രെസ്സിനകത്തേക്ക് വടി കുത്തുക തുടങ്ങി ശശികുമാറിന്റെ മറ്റൊരു അവതാരമാണ് ഇയാൾ എന്നാണ് അറിയാൻ സാധിച്ചത്. നിരന്തരം ഈ മാഷിൽ നിന്നും ശാരീരികമായ ഉപദ്രവം നേരിട്ട ചില കുട്ടികൾ അത് നേരത്തെ തന്നെ വീട്ടിൽ പറഞ്ഞിട്ടുണ്ട് എന്ന് അറിയാൻ കഴിഞ്ഞു. എന്നാൽ രക്ഷിതാക്കൾ കുട്ടികളെ ശകാരിക്കുകയും മാഷ് അങ്ങനെ ചെയ്യില്ലെന്നും മേലാൽ ഇനിയിത് ഒരാളോടും പറയരുത് എന്നും ഭീഷണിപ്പെടുത്തുകയായിരുന്നുവത്രെ.

സ്വന്തം കുഞ്ഞിന്റെ ജീവനോളം വലുതല്ല മുന്നിൽ നിൽക്കുന്ന ഏതെങ്കിലും ഒരുത്തന്റെ പ്രിവിലേജ് എന്ന് എന്നാണ് ഇനി നമ്മുടെ നാട്ടിലെ രക്ഷിതാക്കൾ തിരിച്ചറിയുന്നത്. സ്വന്തം കുഞ്ഞുങ്ങൾ ഇത്തരമൊരു കാര്യത്തിൽ അമ്മയച്ഛന്മാരോട് കള്ളം പറയുമെന്ന് എന്തിന്റെ അടിസ്ഥാനത്തിൽ ആണ് ഇവരൊക്കെ വിശ്വാസിക്കുന്നത്. വീട്ടുകാരുടെ ഇത്തരത്തിലുള്ള പ്രതികരണം കൊണ്ടാകണം കഴിഞ്ഞ ദിവസം ചൈൽഡ് ലൈൻ പ്രവർത്തകർ സ്‌കൂളിൽ എത്തിയപ്പോൾ കുട്ടികൾ ആദ്യം പരാതി പറയാൻ തയ്യാറായിരുന്നില്ല പോലും. എങ്ങനെ പറയാൻ ആണ് സ്വന്തം വീട്ടിൽ പറഞ്ഞപ്പോ വായടക്കി മിണ്ടാതിരിക്കാൻ പറഞ്ഞാ പിന്നെ പിള്ളേര് മറ്റാരോട് ആണ് ഇതൊക്കെ വിശ്വസിച്ചു പറയുന്നത്.

എന്നാൽ ഒരു കുട്ടി വെള്ളക്കടലാസിൽ പരാതി എഴുതി നൽകിയതിനെ ചുറ്റിപ്പറ്റി നടന്ന അന്വേഷണം മറ്റ് കുട്ടികളിലേക്ക് വ്യാപിക്കുകയും ഇതിന് ശേഷം ചൈൽഡ് ലൈൻ പ്രവർത്തകരുടെ നിരന്തര ശ്രമങ്ങൾക്ക് ഒടുവിൽ 15 ൽ കൂടുതൽ കുട്ടികൾ സംഭവങ്ങൾ തുറന്ന് പറയുകയുമായിരുന്നു.പരാതിയിൽ ഒപ്പിട്ട് നൽകിയ കുട്ടികളെ സ്‌കൂൾ ഹെഡ് മിസ്‌ട്രെസ്സ് ആദ്യ ഘട്ടം മുതൽ പിന്തിരിക്കാൻ ശ്രമിച്ചതായും, ആരോടും പറയരുത് ഞങ്ങൾ പരിഹരിച്ചോളാം എന്ന് പറഞ്ഞതായുമാണ് വിവരം.

എന്താണോ സെന്റ് ജമ്മാസിൽ വർഷങ്ങളായി നടന്നത് അത് തന്നെ ഇവിടെയും ആവർത്തിക്കാൻ ശ്രമിച്ചു.അപ്പോഴും എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാകാത്ത ഒരു കാര്യം ഇത്രയും കൂടുതൽ കുട്ടികളോട് മോശമായി പെരുമാറിയ ഒരാളെ സംരക്ഷിക്കാൻ ശ്രമിക്കുന്ന ഇത്തരമാളുകളുടെ മനോനിലയാണ്.എന്തിന് വേണ്ടിയായിരിക്കും ഇവരൊക്കെ ഇങ്ങനെ എപ്പോഴും പീഡകർക്ക് ഒപ്പം നിൽക്കുന്നത്. ഏറ്റവും ചെറിയ പ്രായത്തിൽ കുട്ടികൾക്കുണ്ടാകുന്ന ശാരീരികവും മാനസികവുമായ ഒരിക്കലും മറക്കാൻ കഴിയാത്ത മെന്റൽ ട്രോമയ്ക്ക് ആര് സമാധാനം പറയും.

കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഇയാളെ കഴിഞ്ഞ ദിവസം തന്നെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെങ്കിലും ഇത്രയും കുട്ടികൾ ഒരുമിച്ചു പരാതിപ്പെട്ട പോക്‌സോ കേസ് ആയിട്ട് കൂടി ആരൊക്കെയോ ചേർന്ന് ഈ വിഷയം രഹസ്യമാക്കി വയ്ക്കുകയാണ്.അതിന്റെ ആവശ്യമില്ലെന്നും, തെറ്റ് ചെയ്തവൻ ശിക്ഷിക്കപ്പെടണമെന്നും, പരസ്യമായി നാണം കെടണമെന്നും തന്നെയാണ് എന്റെ പക്ഷം. അതോണ്ടാണ് ഞാൻ മനസ്സിലാക്കിയ വിഷയങ്ങൾ ഞാൻ ഇവിടെ പരസ്യപ്പെടുത്തുന്നത്.

കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവും കാലം നീണ്ടു പോയ പീഡന പരമ്പരയിലെ മഹാൻ അന്തസായിട്ട് നിയമത്തിൽ നിന്ന് ഊരി വന്ന് വീട്ടിലിരിക്കുന്ന ഈ നാട്ടിൽ നിന്ന് കൊണ്ട് ഇത്തരത്തിൽ പ്രതിഷേധിക്കാനേ നിലവിൽ കഴിയൂ...ഇവിടത്തെ നിയമം കുറെ കൂടി ശക്തമാക്കാതെ, പരാതിക്കാർക്ക് എത്രയും വേഗത്തിൽ നീതി ഉറപ്പാക്കാതെ മുന്നോട്ട് പോകാൻ തന്നെയാണ് നമ്മൾ ഇനിയും ഉദ്ദേശിക്കുന്നതെങ്കിൽ തീർച്ചയായും നമ്മളതിനൊക്കെ ഇതിൽ കൂടുതൽ വില കൊടുക്കേണ്ടി വരും.

സമാനമായ മറ്റൊരു കേസിൽ റിമാന്റിലായ മലപ്പുറം സെന്റ് ജമ്മാസ് സ്‌കൂൾ അദ്ധ്യാപകൻ ശശികുമാറിന് ഇക്കഴിഞ്ഞ എട്ടിനാണ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. താൻ പഠിപ്പിച്ച സ്‌കൂൾ കുട്ടികളെ പീഡനത്തിനിരയാക്കിയ കേസിൽ അറസ്റ്റിലായ മലപ്പുറത്തെ മൂൻ അദ്ധ്യാപകനും സി.പി,എം മലപ്പുറം നഗരസഭാ കൗൺസിലറുമായിരുന്ന പ്രതിക്ക് കഴിഞ്ഞ ദിവസം കോടതി ജ്യം അനുവദിച്ചിരുന്നു.

മലപ്പുറം സെന്റ്ജെമ്മാസ് സ്‌കൂളിൽ വിദ്യാർത്ഥികളെ ലൈംഗിക പീഡനത്തിന് വിധേയരാക്കിയെന്ന പരാതിയിൽ റിമാന്റിൽ കഴിയുന്ന അദ്ധ്യാപകനാണ് മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി ജാമ്യം അനുവദിച്ചിരുന്നത്. മലപ്പുറം ഡിപിഒ റോഡിൽ രോഹിണിയിൽ കിഴക്കെവെള്ളാട്ട് ശശികുമാർ (56)നാണ് ജഡ്ജി കെ ജെ ആർബി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 50000 രൂപയുടെ രണ്ടാൾ ജാമ്യം, എല്ലാ ശനി, തിങ്കൾ ദിവസങ്ങളിലും രാവിലെ 9 നും 11 നും ഇടയിൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം. ഇരകളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ല, സമാനമായ കേസുകളിൽ ഉൾപ്പെടരുത്, അന്വേഷണവുമായി സഹകരിക്കണം എന്നീ ഉപാധികളിലാണ് ജാമ്യം. അഞ്ചു ദിവസത്തിനുള്ളിൽ പാസ്പോർട്ട് കോടതിയിൽ സറണ്ടർ ചെയ്യണമെന്ന് ഉപാധി വെച്ചെങ്കിലും പ്രതിക്ക് പാസ്പോർട്ട് ഇല്ലെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു.

രണ്ടു കേസുകളിലാണ് പ്രതിക്ക് ഇപ്പോൾ കോടതി ജാമ്യം നൽകിയത്. 2012 ജൂൺ മുതൽ 2013 മാർച്ച് വരെയുള്ള കാലയളവിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ പലതവണ ക്ലാസ് മുറിയിൽ വെച്ച് ലൈംഗികാതിക്രമത്തിന് വിധേയയാക്കിയെന്നതാണ് ഒരു കേസ്. ഈ കേസിൽ 2022 മെയ് 13ന് പൊലീസ് അറസ്റ്റ് ചെയ്ത പ്രതി മഞ്ചേരി സബ്ജയിലിൽ കഴിഞ്ഞു വരികയാണ്. 2013 ജൂൺ മുതൽ 2014 മാർച്ച് 31 വരെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചുവെന്നതാണ് രണ്ടാമത്തെ കേസ്. ഈ കേസിൽ മെയ് 24ന് പ്രതിയെ ജയിലിൽ വെച്ച് പൊലീസ് ഫോർമൽ അറസ്റ്റ് ചെയ്യുകയായിരുന്നു. 38 വർഷം അദ്ധ്യാപകനായിരുന്ന പ്രതിക്കെതിരെ കൂടുതൽ വിദ്യാർത്ഥികൾ പരാതിയുമായി എത്തുമെന്ന് സൂചനയുണ്ട്.