കോഴിക്കോട്: 16 വയസ്സുള്ള വിദ്യാർത്ഥിയെ പീഡിപ്പിച്ചതിന് ശേഷം ഒളിവിൽ കഴിഞ്ഞുവരികയായിരുന്ന പ്രതി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. കോഴിക്കോട് കാക്കൂർ പുല്ലാളൂർ ചൊവ്വഞ്ചേരി പറമ്പിൽ കോയിപറമ്പത്ത് ബാബു(58) ആണ് കീഴടങ്ങിയത് ഹൈക്കോടതിയിൽ നിന്നും ജാമ്യം ലഭിക്കാത്തിനെ തുടർന്നാണ് ബാബു കാക്കൂർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.

മൂന്നാഴ്ച മുമ്പാണ് ബാബു 16 വയസ്സുള്ള വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയത്. പീഡനത്തിനിരയായ വിദ്യാർത്ഥി വീട്ടിൽ ആരോടും സംസാരിക്കാതെ മൂകനായി ഇരിക്കുന്നത് ശ്രദ്ധയിൽ പെട്ട രക്ഷിതാക്കളാണ് കുട്ടിയുടെ പെരുമാറ്റത്തിൽ പന്തികേടുള്ളതായി സമീപത്തെ അംഗനവാടിയിൽ അറിയിച്ചത്. അംഗനവാടി ജീവനക്കാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചൈൽഡ് ലൈൻ പ്രവർത്തകർ നൽകിയ കൗൺസിലിംഗിലാണ് പീഡനത്തിനിരയായ കാര്യം വിദ്യാർത്ഥി പുറത്തുപറഞ്ഞത്.

ചൈൽഡ് ലൈൽ പ്രവർത്തകർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാക്കൂർ പൊലീസ് കേസ് രജിസറ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നതിനിടയിൽ പ്രതി ഒളിവിൽ പോവുകയായിരുന്നു. ഒളിവിൽ കഴിഞ്ഞുകൊണ്ട് തന്നെ ബാബു ഹൈക്കോടതിയിൽ ജാമ്യത്തിന് ശ്രമിച്ചിരുന്നു. ജാമ്യം ലഭിക്കാത്തതിനെ തുടർന്നാണ് ബാബു പൊലീസിൽ കീഴടങ്ങിയത്.

സംഭവം കഴിഞ്ഞ് മൂന്നാഴ്ച പിന്നിട്ടിട്ടും പ്രതിയെ പിടികൂടാൻ കഴിയാത്തത് പൊലീസിന്റെ അനാസ്ഥയാണെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർക്കിടയിൽ നിന്നും കനത്ത പ്രതിഷേധം ഉയർന്നിരുന്നു. പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ പ്രതിയെ അറസ്റ്റ് ചെയ്ത് കോഴിക്കോട് പോക്സോ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.