കണ്ണൂർ: സ്വന്തം മകളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച പ്രവാസിയായ പിതാവിനെ മകനും ഭാര്യയുടെ ബന്ധുക്കളും തല്ലിച്ചതച്ചു. ഒടുവിൽ പിതാവിനെ മകനും ബന്ധുക്കളും കൈകാര്യം ചെയ്ത സംഭവം അന്വേഷിക്കാനെത്തിയ പൊലീസ് മർദ്ദന കാരണമറിഞ്ഞ് പിതാവിനെതിരേ പോക്സോ വകുപ്പിൽ കേസെടുത്തു.

മയ്യിൽ സ്റ്റേഷൻ പരിധിയിലാണ് അസാധാരണ സംഭവമുണ്ടായത്. പ്രായപൂർത്തിയാകാത്ത മകളെ പ്രവാസിയായ പിതാവ് പീഡിപ്പിക്കാൻ ശ്രമിച്ചതാണ് മകന്റെ നേതൃത്വത്തിൽ ബന്ധുക്കളെത്തി മർദ്ദിച്ചതിന് കാരണമായത്. പെൺകുട്ടി മാതാവിനോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത് മാതാവ് വിവരമറിയിച്ചതിനെ തുടർന്ന് മകനും ബന്ധുക്കളും പിതാവിനെ കൈകാര്യം ചെയ്യാനായി വീട്ടിലെത്തുകയായിരുന്നു. തന്നെ മകനും കൂട്ടരും മർദ്ദിച്ചുവെന്ന പിതാവിന്റെ പരാതിയിൽ കേസെടുക്കാനെത്തിയ മയ്യിൽ പൊലീസ് വിവരമറിഞ്ഞ് അന്വേഷണം പരാതിക്കാരനെതിരെ നടത്തുകയായിരുന്നു.

പെൺകുട്ടിയുടെ മൊഴിയെടുത്ത പൊലീസ് പോക്സോ നിയമപ്രകാരം പിതാവിനെതിരേ കേസെടുക്കുകയും ചെയ്തു.ഏറെക്കാലം വിദേശത്തായ മധ്യവയസ്‌കനായ പ്രതി രണ്ടുവർഷം മുമ്പ് വിദേശത്തേക്ക് പോകുന്നതിനിടയിലാണ് മാതാവിന്റെ സാന്നിധ്യമില്ലാത്ത രാത്രിയിൽ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. അന്നേ ദിവസം ഭയന്നു വിറച്ച പെൺകുട്ടി പിന്നീട് കടുത്ത മനോവിഷമത്തിലായിരുന്നു. വീണ്ടും പിതാവ്‌നാട്ടിലേക്ക് വരുന്നുണ്ടെന്നറിഞ്ഞതോടെ ഭയന്ന പെൺകുട്ടി മാതാവിനോട് വിവരം പറയുകയായിരുന്നു ഇതിനെ.

തുടർന്ന് നാട്ടിലെത്തിയ പ്രവാസിയെ മകൻ ഉൾപ്പെടെ ഭാര്യയുടെ ബന്ധുക്കളും ചേർന്ന് കൈകാര്യം ചെയ്യുകയായിരുന്നു. മയ്യിൽ ഇൻസ്പെക്ടർ പി.ആർ മനോജിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്ത പ്രതിയെ പോക്‌സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.