കൽപ്പറ്റ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ച കേസിൽ മുത്തശിയുടെ രണ്ടാം ഭർത്താവായ വയോധികന് ഒരുവർഷം കഠിനതടവും പിഴയും. രാജൻ (67)എന്നയാളെയാണ് പോക്സോ കോടതി ജഡ്ജി അയൂബ്ഖാൻ ശിക്ഷിച്ച് വിധിപ്രസ്താവിച്ചത്. 10,000 രൂപ പിഴയടയ്ക്കാനും ഉത്തരവിലുണ്ട്.

രാത്രികാലങ്ങളിൽ പെൺകുട്ടിയെ തോണ്ടിയും അശ്ളീലം പറഞ്ഞും തുടർച്ചയായി ശല്യപ്പെടുത്തിയെന്നാണ് പരാതി. ഐ.പി.സി. പ്രകാരം ഒരു വർഷം കഠിനതടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. ഇതിനു പുറമെ പോക്സോ ആക്ട് പ്രകാരവും തത്തുല്യമായ പിഴയും തടവുമുണ്ട്. രണ്ടു വകുപ്പുകളിലും പിഴ അടച്ചില്ലെങ്കിൽ രണ്ടു മാസം കൂടി ജയിൽശിക്ഷ അനുഭവിക്കണം. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. പിന്നാക്ക സമുദായത്തിൽപെട്ട പ്ലസ്വൺ വിദ്യാർത്ഥിനിയാണ് പരാതിക്കാരി.

ഇവർക്കുണ്ടായ ശരീരിക, മാനസിക പീഡനങ്ങളും തുടർപഠനത്തിനുണ്ടായ ബുദ്ധിമുട്ടുകളും പരിഗണിച്ച് സർക്കാരിൽ നിന്ന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും വിധിയിൽ പറയുന്നു. പ്രോസിക്യുഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ ജോസഫ് സഖറിയാസ് ഹാജരായി.