കൃത്യമാമിടവേളകളിൽ തെറ്റാതെ വന്നെത്തി
ഹൃദ്യമായി ചിലതു പറയുന്നവയുണ്ട്.
ഹൃത്തടത്തിലവയൊക്കെ ചില നേർത്ത
കിനാവിലെ രാക്കിളി പാട്ടു പോലെയാർദ്ര
മായലിഞ്ഞു മറയുന്ന വർത്തമാനവേഗങ്ങൾ!

ആതിരകളങ്ങനെ, അമ്മയുടെ കൈപ്പുണ്യം
കറിയായ കുത്തരിച്ചോറിലപ്പൊതിയിലങ്ങനെ.
പെങ്ങളാൾരൂപമാർന്നോരൻപു പഴമുറക്കോണിൽ
കരുതിയ മുളകും കടുകുമിറമ്പിലെ മണ്ണുമങ്ങനെ.

നാക്കിലമേലുരുളവച്ചതിൽ പൂവിട്ടു കൈകൊട്ടി
യപ്പൂപ്പനെ വിളിച്ചൂട്ടിയബാല്യത്തിൻ നന്മയുമങ്ങനെ.
പൊട്ടിയോരോട്ടു പാത്രത്തിൽ കൊച്ചുകുളം
തീർത്തതിൽ വളർത്തിയ മാനത്തുകണ്ണിയുമങ്ങനെ.

ഗോക്കളെല്ലാം ഗതകാല സ്മരണകളവ
യിളവേറ്റ ഹരിത തൃണമൃദുകമ്പളവുമങ്ങനെ.
ഗോപാലനാമച്ഛനുമ്മറക്കോലായിലരവിൽ
ഗൃഹ പാഠത്തിനു കൂട്ടിരുന്നതുമങ്ങനെ.

കാറ്റിന്റെ തോളിലേറി വന്നെത്തി വിളിക്കുന്ന
പിച്ചകപ്പൂ വാസന ഭൂതത്തിൻ ബാക്കിപത്രം.
ആദ്യമായ് പൊട്ടിച്ച കുപ്പിവളച്ചിൽപ്പളുങ്ക്
കുത്തിപ്പൊടിഞ്ഞ നിണം നക്കവേ ചിരിച്ച കണ്ണുകൾ.

പിന്നെയവൾ രഹസ്യമായ് തന്ന 'ഉമ്മാച്ചു'
വിനുള്ളിലെ പെൻസിലിന്നെഴുത്തുകൾ
ഒന്നിച്ചു രാമായണ താളുകൾക്കിടയിൽ
സൂക്ഷിച്ച മയിൽപ്പീലിപ്പിഞ്ചുകുഞ്ഞുങ്ങൾ.

കൊല്ലത്തിലെപ്പോഴും ഓണത്തിനെത്തുന്ന
പുത്തനുടുപ്പും നിറവയറത്താഴവും
പാടത്തെ പൊന്മകൾ, വഴയിലക്കുട,
അന്തിക്ക് കാവിൽ തെളിയുന്ന തിരിയിൽ
നാഗയക്ഷികൾ, അതുകണ്ടു ഭയന്നു
പനിച്ചുകിടക്കവേ കിട്ടിയ ശർക്കരക്കാപ്പി.

ഒക്കെയും കൃത്യമാമിടവേളകളിൽ വന്നെത്തി
ഹൃദ്യമായ് ചിലതു പറയുന്നുണ്ട് മൂകം.
മുറ തെറ്റാതെയവയെന്റെ നഷ്ടങ്ങളിടക്കിടെ
യോർമ്മിപ്പിച്ചു വരണ്ടകണ്ണുകാക്കാൻ
നനവു പകരുന്നുണ്ട്.
ഇടനെഞ്ചിലുടുക്ക് കൊട്ടുന്നുണ്ട്.
അടിതെറ്റുമുള്ളത്തിനത്താണിയായെന്റെ
നഷ്ടങ്ങൾ വിരുന്നുവന്നുപോമോർമ്മയിൽ
ഞാനൊരു നഷ്ടമാൾരൂപമാർന്നതെന്നറിയാതെ