പാടാം... പാടാം...അഴിമതി സൂക്തങ്ങൾ പാടാം...

അഴിമതി മന്നരെ തോളിലേറ്റാൻ വായൊ... വായൊ...
അഴിമതി പുണ്യനാറികളെ ചുമന്നാലും സുഗന്ധം
അഴിമതി നാരീനരന്മാർ തൻ ചെഞ്ചുണ്ടിൽ
അർപ്പിക്കാം... ആയിരമായിരം ചൂടുചുംബനങ്ങൾ

അവർക്കായ് നെഞ്ചത്തടിച്ച് അലമുറയിട്ട് കരയാം...
നെഞ്ചിലേറ്റി താലോലിക്കാം പൊന്നോമനകളെ
അഴിമതി നാഥരുടെ വീരഗാഥകൾ പാടാൻ
അഴിമതി വീരസൂര പരാക്രമികൾക്കായ്
പടവാളെടുക്കാൻ കുത്തി വീഴ്‌ത്താൻ
വേണ്ടി വന്നാൽ ആത്മാഹുതി പൂകാൻ വായൊ.. വായൊ..

കോടതിവിധിയെ പിച്ചിച്ചീന്തി നെഞ്ചിലിടിച്ച്
ആക്രോശിച്ച് തേങ്ങികരഞ്ഞ് എതിരാളികൾ തൻ
കോലങ്ങൾ എരിതീയിൽ കത്തിക്കാൻ വായൊ.. വായൊ..
ബന്തുകൾ ഹർത്താലുകൾ അരങ്ങിലേറ്റാം
വേണ്ടിയാൽ കല്ലെടുത്തു വീശാം കുറുവടിക്ക് അടിക്കാം...
അഴിമതി മന്നരാണ് നമ്മൾ തൻ ദൈവങ്ങൾ... ആൾ ദൈവങ്ങൾ...
ഏഴൈതോഴരെ തോളിലേറ്റും സജ്ജനങ്ങൾ

അഴിമതി ശ്രേഷ്ഠരാം പൂജിത പുണ്യ ജന്മങ്ങൾ
ജനത്തിനെന്നും ആരാധ്യരാം ദിവ്യാത്മാക്കൾ
അവർതൻ ദിവ്യമാസ്മരശക്തിയാണ്
ഭരണീയരാം ജനത്തിനെന്നും നൽവഴി നേർവഴി
പാടാം... പാടാം... പാടി പുകഴ്‌ത്തിടാമെന്നുമെന്നും
അഴിമതിയാം പുണ്യതീർത്ഥത്തിൽ ദേഹീദേഹം
ആവോളം മുങ്ങിക്കുളിച്ച ദിവ്യദേവാ ദേവതെ
നിൻ തൃപ്പാദങ്ങൾ അടിയങ്ങൾ ചുംബിക്കുന്നേൻ
മുത്തമിട്ട് തൊട്ടുനമിപ്പേൻ നിത്യനിതാന്തം...

അഴിക്കുള്ളിലായാലും ദിവ്യദർശനം തരണെ...
അഴിമതി വീര ദിവ്യ ജനനായകാ. നായകി..ദായകാ.. ദായകി..
സർക്കാർ കോടതി കണ്ണിൽ ചോരയില്ലാതെ തുറുങ്കിലിട്ടാലും
ജനകീയ കോടതിയാം ഞങ്ങളുണ്ട് ദൃഡം
ജനപക്ഷമാം ഞങ്ങൾ ജയിൽ തല്ലിയുടക്കും...
അഴിമതി വീരരെ വീരാത്മാക്കളെ.. ആൾ ദൈവങ്ങളെ..

കൊണ്ടും കൊടുത്തും വാരിക്കൂട്ടിയും
കട്ടും വെട്ടിച്ചും മോഷ്ടിച്ചും പൂഴ്‌ത്തിയും
അഴിമതി പുണ്യ നീർക്കയത്തിൽ നീന്താം..
കൊന്നും, കൊല്ലിച്ചും, കൊലവിളിച്ചും ജയിച്ചു കേറാം..
അഴിമതി വീരാധിവീരരെ നിങ്ങൾ തൻ...
പാദാരവിന്ദങ്ങളിൽ അഞ്ജലീ ബദ്ധരായ് കുമ്പിടാം...
നമിക്കാം.. ഏഴൈ തോഴരാം ആയിരങ്ങൾ.. പതിനായിരങ്ങൾ..
ശാരോമിലെ സുഗന്ധം പേറും പുണ്യ സുഗന്ധവാഹികളാം...
അഴിമതി ചോലയിലെ രാജാക്കളെ... രാജ്ഞികളെ...

ഉരുവിടാം ... അഴിമതി സൂക്തങ്ങൾ ആയിരം വട്ടം.
പാവമാം ഞങ്ങളെ ഭരിക്കൂ... ഭരിച്ചു തരൂ... നയിക്കൂ രക്ഷിക്കൂ..
കൈതൊഴാം ഞങ്ങളെ കാക്കുമാറാകണെ.. നാഥരേ...

കവരൂ... കവർന്നെടുക്കൂ ഞങ്ങൾ തൻ... പൊതുസ്വത്ത്
നിങ്ങൾ തൻ അഴിമതികൾ തൻ പൂവാടികൾ അലങ്കരിക്കൂ...
നിങ്ങളെറിയും എല്ലിൻ കഷണങ്ങൾക്കായ് നോക്കിയിരിക്കുമീ പ്രജകൾ
അഴിമതിയാൽ കോടികൾ കവരൂ.. എറിഞ്ഞു തരൂ.. മണക്കാൻ..നക്കാപിച്ചകൾ