പോക്കിമോൻ ഗെയിമിന് നിയന്ത്രണം ഏർപ്പെടുത്തുവാൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. ഗെയിമിൽ മുഴുകിയിരിക്കുന്ന പലരും അപകടങ്ങളിൽ ചെന്നുവീഴുന്നത് വർധിച്ച സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. പുതിയ തീരുമാനം അനുസരിച്ച് ഗവൺമെന്റ് സ്ഥാപനങ്ങളുടെ പരിസരത്തോ സൈനിക കേന്ദ്രങ്ങളുടെ സമീപത്തോ, സുരക്ഷാ പ്രദേശങ്ങളിലോ വച്ച് പോക്കിമോൻ ഗെയിം കളിക്കരുത്. മാത്രമല്ല, പള്ളികൾ, ഷോപ്പിങ് മാളുകൾ, തുടങ്ങിയ പ്രധാന പ്രദേശങ്ങളിലും ഗെയിം കളിക്കുവാൻ പാടില്ല. നിയമലംഘനം നടത്തുന്നവരെ പ്രോസിക്യൂഷന് വിധേയരാക്കുമെന്ന് ആഭ്യന്തരമന്ത്രാലയം അധികൃതർ വ്യക്തമാക്കി.

നാം നിൽക്കുന്ന സ്ഥലത്ത് വച്ച് ഗെയിം നടക്കുന്നുവെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ നിർമ്മിച്ചിരിക്കുന്ന ഗെയിമാണ് പോക്കിമോൻ ഗോ. സ്മാർട്ട് ഫോൺ ക്യാമറയിലൂടെ നാം സഞ്ചരിക്കുന്ന സ്ഥലങ്ങളിലൂടെയെല്ലാം ഗെയിം കളിക്കുന്നത് ഫോണിന്റെ സ്‌ക്രീനിൽ കാണാൻ കഴിയുന്നതാണ് ഈ ഗെയിം. സ്ഥലങ്ങളിൽ വ്യത്യാസം വരുന്നതിനനുസരിച്ച് പോക്കിമോനുകളിലും വ്യത്യാസം ഉണ്ടാകും.

ഗെയിം കളിക്കുന്നവരെ കൂടുതൽ സഞ്ചരിക്കുവാനും ലോകത്തെ അറിയുവാനും പ്രേരിപ്പിക്കുന്നതാണിത്. പോക്കിമോനുകളുടെ വ്യത്യസ്തത നേടി നടക്കുന്നവർ പലപ്പോഴും അപകടങ്ങളിൽ ചെന്നു ചാടുന്നതാണ് ഇപ്പോൾ ഗെയിം ആരാധകർക്ക് വിനയായത്. ഗെയിം കളിച്ച് നടന്നവർ കുഴിയിൽ വീണതും മറിഞ്ഞു വീണതും ട്രെയിൻ കയറാതെ ഗെയിം കളിച്ചവരും നിരവധിയുണ്ടെന്നാണ് വിവരങ്ങൾ ലഭിക്കുന്നത്.

കൂടാതെ ഗെയിമിങ് കമ്പനിക്ക് യൂസർമാരുടെ ഗൂഗിൾ അക്കൗണ്ടിലേക്ക് നുഴഞ്ഞുകയറാനാകുമെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. ഗെയിം കുട്ടികളുടെ ജീവനായിരിക്കും കൂടുതൽ ഭീഷണി ഉയർത്തുക. പോക്കിമോനെ തേടിയലഞ്ഞ് കുട്ടികൾ പുഴയിലും കുളത്തിലും അറിയാതെ ചെന്ന് ചാടുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.