കോട്ടയം : കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമക്കേസുകളിൽ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം കുറയുന്നുവെന്ന് റിപ്പോർച്ച്. പ്രത്യേക കോടതികളില്ലാത്തതും വിചാരണകൾ അനന്തമായി നീളുന്നതുമാണ് ഇരകൾക്കു നീതി നിഷേധിക്കപ്പെടാൻ കാരണമെന്ന് മംഗളം റിപ്പോർട്ട് ചെയ്യുന്നു.

ഓരോ ജില്ലയിലും കുട്ടികളുടെ കേസുകൾ മാത്രം കൈകാര്യം ചെയ്യാൻ പ്രത്യേക കോടതി വേണമെന്നാണു നിയമം. എന്നാൽ സംസ്ഥാനത്ത് കുട്ടികൾക്കു മാത്രമായി കോടതി പ്രവർത്തനം ആരംഭിച്ചതു തിരുവനന്തപുരം ജില്ലയിൽ മാത്രമാണ്. നിലവിലെ സംവിധാനത്തിൽ മാറ്റമുണ്ടായാൽ മാത്രമേ ഇരകൾക്കു നീതി ഉറപ്പാക്കാൻ സാധിക്കുകയുള്ളുവെന്നു സംസ്ഥാന ബാലാവാകാശ സംരക്ഷണ കമ്മിഷൻ അധ്യക്ഷ ശോഭാ കോശിയും പറയുന്നു.

കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ തടയാനുള്ള പോക്സോ നിയമം 2012ൽ നിലവിൽ വന്ന ശേഷം സംസ്ഥാനത്തു രജിസ്റ്റർ ചെയ്തത് 8,192 കേസുകളാണ്. സെപ്റ്റംബർ 31 വരെയുള്ള പൊലീസിന്റെ കണക്കാണിത്. ജുവെനെൽ ജസ്റ്റിസ് നിയമപ്രകാരം വേറെയും കേസുകളുണ്ട്. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെ കണക്കു പ്രകാരം 2012 മുതൽ 2015 വരെ കോടതിയിലെത്തിയതു 3,711 കേസുകളാണ്. തീർപ്പു കാൽപ്പിച്ചത് 261 കേസുകളിൽ മാത്രം. 7.07 ശതമാനം.

വിചാരണ വേളയിൽ പ്രതികളിൽ ചിലർ മരിച്ചതടക്കമുള്ള കാരണങ്ങളാൽ 11 കേസുകൾ െഹെക്കോടതി റദ്ദു ചെയ്തു. തീർപ്പാക്കിയ കേസുകളിൽ ശിക്ഷിക്കപ്പെട്ടത് 53 പ്രതികൾ മാത്രം. 197 പേർ കുറ്റവിമുക്തരായി. വിചാണ യഥാസമയത്തു നടക്കാത്തതാണു പ്രതികളിൽ ഭൂരിഭാഗവും ശിക്ഷിക്കപ്പെടാതെ പോകാനുള്ള കാരണം.

അഞ്ചു വർഷത്തിനിടെ പോക്സോ നിയമപ്രകാരം ഏറ്റവും കൂടുതൽ കേസെടുത്തത് തിരുവനന്തപുരത്താണ്-915. കൊല്ലം, മലപ്പുറം (801) രണ്ടാമതും കോഴിക്കോട് (727) മൂന്നാമതുമുണ്ട്. പത്തനംതിട്ടയിലാണ് ഏറ്റവും കുറവ് കേസ്- 278.