- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരപ്പനങ്ങാടിയിൽ കാലിന് അസുഖമുള്ള സർക്കാർ ഉദ്യോഗസ്ഥയെ ഓഫീസിലേക്ക് കൊണ്ടുവിടാൻ പോയ ഭർത്താവിന് മർദ്ദനം; മഞ്ചേരിയിൽ പരിശോധന കഴിഞ്ഞ് വരുന്ന കോവിഡ് രാഗിയുടെ വാഹനം കസ്റ്റഡിയെടുത്തു; വാണിയമ്പലത്ത് 22 കാരനെ മർദ്ദിച്ച് പൊലീസ് സംഘം; ട്രിപ്പിൾ ലോക്ഡൗണിൽ മലപ്പുറത്ത് പൊലീസ് രാജ്
മലപ്പുറം: സംസ്ഥാനത്ത് ട്രിപ്പിൾ ലോക്ഡൗൺ നിലനിൽക്കുന്ന ഏക ജില്ലയാണ് ഇപ്പോൾ മലപ്പുറം. എന്നാൽ ലോക്ഡൗൺ നിയനന്ത്രണങ്ങളുടെ പേരിൽ മലപ്പുറത്ത് ഇപ്പോൾ സംഭവിച്ച് കൊണ്ടിരിക്കുന്നത് മനുഷ്യാവകാശങ്ങളുടെ നഗ്നമായ ലംഘനവും പൊലീസ് രാജുമാണ്. മലപ്പുറത്ത് ട്രിപ്പിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം നിയന്ത്രണങ്ങളെന്ന പേരിൽ പൊലീസ് പലയിടത്തും നടുറോഡിലിട്ട് വീട്ടിൽ നിന്നും പുറത്തിറങ്ങുന്നവരെ കാരണം പോലും ചോദിക്കാതെ ക്രൂരമായി മർദ്ദിക്കുകയാണ്.
പലയിടത്തും എന്തിനാണ് പുറത്തിറങ്ങിയത് എന്ന കാരണം ചോദിക്കുക പോലും ചെയ്യുന്നതിന് മുമ്പ് തന്നെ മർദ്ദനം ആരംഭിക്കുന്നു. അടിച്ചതിന് ശേഷമാണ് കൈയിൽ രേഖകളുണ്ടോ മെഡിക്കൽ ആവശ്യത്തിന് പുറത്തിറങ്ങിയതാണോ എന്നെല്ലാം അന്വേഷിക്കുന്നത് പോലും. പൊലീസിന്റെ ഇത്തരം നടപടികൾക്കെതിരെ വ്യപാകമായ പ്രതിഷേധമാണ് ജില്ലയുടെ പലമേഖലകളിൽ നിന്നും ഉയരുന്നത്.
മഞ്ചേരി പൊലീസിനെതിരെയാണ് ഏറ്റവും കൂടുതൽ പരാതി ലഭിച്ചിട്ടുള്ളത്. മഞ്ചേരി നഗരത്തിൽ പരിശോധന നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥർ കോവിഡ് പരിശോധന കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന പരിശോധനയിൽ കോവിഡ് പോസീറ്റിവായ രോഗിയെ റോഡിൽ തടഞ്ഞ് നിർത്തി വാഹനം കസ്റ്റെഡിയിലെടുത്തുകൊണ്ടുപോവുന്ന അവസ്ഥയുണ്ടായിരുന്നു. താൻ കോവിഡ് പോസിറ്റിവായ വ്യക്തിയാണ്, പരിശോധന കഴിഞ്ഞ് വീട്ടിലേക്ക് പോവുകയാണെന്ന് പറയുകയും രേഖകൾ കാണിച്ച് കൊടുക്കുകയും ചെയ്തെങ്കിലും പൊലീസ് അത് കേൾക്കാൻ തയ്യാറായില്ല.
വാഹനത്തിന്റെ നമ്പർ ബോർഡ് ശരിയല്ലെന്ന് പറഞ്ഞാണ് കോവിഡ് രോഗിയെ പൊലീസ് മഞ്ചേരി നഗരത്തിൽ തടഞ്ഞുനിർത്തി വാഹനം കസ്റ്റഡിയിലെടുത്തത്. താൻ കോവിഡ് രോഗിയാണെന്നും പനിയും തലവേദനയുമടക്കമുണ്ടെന്ന് രോഗി പറഞ്ഞെങ്കിലും കേട്ടാലറക്കുന്ന തെറി പറയുകയാണ് പൊലീസ് ചെയ്തത്. പിന്നീഡ് ഡിവൈഎഫ്ഐ പ്രവർത്തകെത്തിയാണ് രോഗിയെ വീട്ടിലേക്ക് കൊണ്ടുപോയത്. സമാനമായ മറ്റൊരു സംഭവവും മഞ്ചേരിയിലുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം ജോലിക്കായി മലപ്പുറത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ജീവനക്കാരനെയും നേരത്തെ കോവിഡ് രോഗിയെ തടഞ്ഞുനിർത്തിയ അതേ പൊലീസ് സംഘം മഞ്ചേരി നഗരത്തിൽ തടഞ്ഞുനിർത്തി.
താൻ കെഎസ്ആർടിസി ജീവനക്കാരനാണെന്നും മലപ്പുറത്തേക്ക് പോവുകയാണെന്നും പറഞ്ഞ് രേഖകൾ കാണിച്ചെങ്കിലും പൊലീസ് ഇയാളുടെ വാഹനം കസ്റ്റഡിയിലെടുത്തുകൊണ്ടുപോയി. മാത്രവുമല്ല താൻ നടന്നപോയാൽ മതിയെന്നും നടന്നുപോവുന്നതിനടിയൽ താൻ മരിച്ചു വീണാലും ഞങ്ങൾക്ക് പ്രശ്നമില്ലെന്നും പൊലീസുകാർ കെഎസ്ആർടിസി ജീവനക്കാരനോട് പറഞ്ഞു. മഞ്ചേരി നഗരത്തിൽ തളർന്ന് അവശനായി ഇരുന്ന കെഎസ്ആർടിസി ജീവനക്കാരനെ പിന്നീട് സന്നദ്ധ പ്രവർത്തകരെത്തിയാണ് വീട്ടിലേക്ക് അയച്ചത്.
മലപ്പുറത്തെ പൊലീസ് ക്രൂരതയുടെ മറ്റൊരു അനുഭവം പരപ്പനങ്ങാടിയിൽ നിന്നാണ്. ഇന്നലെയാണ് പരപ്പനങ്ങാടി സിഐ ഹണി കെദാസിന്റെ നേതൃത്വത്തിൽ കാലിന് അസുഖമുള്ള സർക്കാർ ഉദ്യോഗസ്ഥയായ ഭാര്യയെ ഓഫീസിലേക്ക് പോകാൻ സഹായിച്ച ഭർത്താവിനെ നടുറോഡിലിട്ട് ക്രൂരമായി മർദ്ദിച്ചത്.അയ്യപ്പൻകാവ് സ്വദേശി പ്രമോദിനാണ് മർദ്ദനമേറ്റത്. പ്രമോദ് ഭാര്യ ലേഖയെ ഓഫീസിലേക്ക് കൊണ്ടാക്കാൻ വേണ്ടി വാഹനത്തിനടുത്തേക്ക് കൊണ്ടുപോയ സമയത്താണ് മർദ്ദനമേറ്റത്.
കാലിന് അസുഖമുള്ള ലേഖയെ സർക്കാർ വാഹനം വന്ന് കൊണ്ടുപോയ ഉടൻ തന്നെ അവിടെയുണ്ടായിരുന്ന പ്രമോദിനെ കാരണം അന്വേഷിക്കുക പോലും ചെയ്യാതെ ഓടിയെത്തി മർദ്ദിക്കുകയായിരുന്നു. കാലിന് അസുഖമുള്ള ഭാര്യയെ വാഹനത്തിലേക്ക് കയറാൻ സഹായിക്കുന്നതിനാണ് വന്നത് എന്ന് പറഞ്ഞെങ്കിലും പൊലീസ് അത് കേൾക്കാൻ തയ്യാറായില്ല. പ്രമോദും ഭാര്യ ലേഖയും കാലിന് അസുഖമുള്ള വ്യക്തികളാണ്. ലേഖ റവന്യൂ വകുപ്പ് ജീവനക്കാരിയാണ്. ലേഖയുടെ വീടിനടുത്തുള്ള കയറ്റമുള്ള റോഡ് കയറാനും വാഹനത്തിലേക്ക് കയറാനും ലേഖയെ സഹായിക്കാനാണ് പ്രമോദ് പുറത്തിറങ്ങിയത്. ഓഫീസിൽ നിന്നും വാഹനമെത്തി ലേഖ വാഹനത്തിൽ കയറി പോയ ഉടൻ തന്നെ പൊലീസ് വാഹനമെത്തുകയും തിരിച്ച് പോകാനൊരുങ്ങിയ പ്രമോദിനെ മർദ്ദിക്കുകയുമായിരുന്നു.
അടിച്ചതിന് ശേഷമാണ് പൊലീസ് കാരണമന്വേഷിച്ചത്. എങ്കിലും കാരണം ഉൾക്കൊള്ളാൻ പൊലീസ് തയ്യാറായില്ല. പ്രമോദിനെതിരെ ലോക്ഡൗൺ ലംഘനത്തിന് കേസെടുക്കുകയും ചെയ്തു. മറ്റൊരു സംഭവം ഉണ്ടായിരിക്കുന്നത് മലപ്പുറം വടക്കേമണ്ണയിലാണ്. അവശ്യ വസ്തുക്കളുമായി വന്ന ചരക്കുലോറിയിലെ ജോലിക്കാരനെ പൊലീസ് വാഹനത്തിൽ നിന്നും പിടിച്ചിറക്കി റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു. ലോറി ഹോണടിച്ചു എന്ന കാരണം പറഞ്ഞാണ് പൊലീസ് ലോറിയിലെ ജീവനക്കാരനുമായി വാക്കു തർക്കത്തിലേർപ്പെട്ടത്.
എന്നാൽ മുന്നിലുണ്ടായിരുന്ന സ്കൂട്ടറുകാരനോട് വഴി മാറിത്തരാൻ വേണ്ടിയണ് ഹോണടിച്ചത് എന്ന് പറഞ്ഞിട്ടും പൊലീസ് അത് കേൾക്കാൻ തയ്യാറായില്ല. മലപ്പുറം ടൗൺ എസ്ഐ ജീവനക്കാരനെ ലോറിയിൽ നിന്നും പിടിച്ചിറക്കി റോഡിലൂടെ വലിച്ചിഴച്ച് ജീപ്പിലേക്ക് കയറ്റുകയായിരുന്നു. ഈ സമയത്ത് ലോറി ജീവനക്കാരൻ ഉറക്കെ കരയുകയും ചെയ്തെങ്കിലും പൊലീസ് ഇയാളെ ബലം പ്രോയഗിച്ച് ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഏറ്റവുമൊടുവിൽ വണ്ടൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഇന്ന് ട്രിപ്പിൾ ലോക്ഡൗണിന്റെ മറവിലുള്ള ക്രൂരത അരങ്ങേറിയത്.
വാണിയമ്പലത്ത് വെച്ച് മതിയായ രേഖകളില്ലാതെ പുറത്തിറങ്ങിയെന്ന കാരണത്താലാണ് വണ്ടൂർ ചെട്ടിയാറമ്മമ്മൽ സ്വദേശി മുഹമ്മദ് ബാദുഷയെയാണ് വണ്ടൂർ പൊലീസ് നടുരോഡിലിട്ട് ക്രൂരമായി മർദ്ദിച്ചത്. മർദ്ദിച്ച് അവശനാക്കിയതിന് ശേഷം ബലംപ്രയോഗിച്ച് വാഹനത്തിൽ കയറ്റി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ഇത്തരത്തിൽ ജില്ലയിലാകെ പൊലീസ് ട്രിപ്പിൾ ലോക്ഡൗണിന്റെ പേരിൽ ക്രൂരമായ മർദ്ദനങ്ങളാണ് അഴിച്ചുവിടുന്നത്. കഴിഞ്ഞ ദിവസം ജോലിക്കെത്തിയ മാധ്യമ പ്രവർത്തകരെയും പൊലീസ് മർദ്ദിച്ചിരുന്നു. ഞായറാഴ്ച അടിയന്തിര മെഡിക്കൽ സേവനങ്ങൾ മാത്രമെ അനുവദിക്കുകയൊള്ളു എന്ന് പറഞ്ഞ് ് മാധ്യമ പ്രവർത്തകരുടെ സംഘത്തിന് നേരെ പൊലീസ് മർദ്ദനം അഴിച്ചുവിട്ടത്.