ലണ്ടൻ: ഇന്ത്യക്കാരടക്കം ബ്രിട്ടനിലെ ഏഷ്യൻ വംശജരുടെ വീടുകളിൽ അർധരാത്രി പൊലീസ് നടത്തുന്ന വീടുകയറിയുള്ള പരിശോധന ജനങ്ങൾക്ക് തലവേദനയാകുന്നു. ഏ്ഷ്യൻ വംശജരായ ചില വ്യക്തികളെ ബാലപീഡകരായും കൊലപാതകികളായും ക്രിമിനലുകളായും ചിത്രീകരിക്കുന്ന വ്യാജപ്രചാരണമാണ് പൊലീസിന്റെ നടപടിക്ക് പിന്നിൽ. അമേരിക്കയിൽ പിറവിയെടുത്ത വ്യാജ ട്രോളാണ് ഈ അന്വേഷണത്തിലേക്് പൊലീസിനെ നയിച്ചത്.

ആളുകളെ ബന്ദിയാക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നുവെന്ന സൂചനകൾക്ക് പിന്നാലെയെത്തുന്ന പൊലീസ് അർധരാത്രിയിൽ വീടുകളുടെ വാതിലുകൾ തകർന്ന് അകത്ത് പ്രവേശിക്കുകയും പരിശോധന നടത്തുകയുമാണ്. അർധരാത്രിയിലെ പൊലീസ് നടപടി വീടുകളിലെ കുട്ടികളുടെയും പ്രായമായവരുടെയും ഉറക്കം കെടുത്തുന്ന അവസ്ഥയിലായിട്ടുണ്ട്. കനത്ത പ്രതിഷേധമാണ് ഇതിനെതിരേ ഉയരുന്നത്.

അമേരിക്കയിലുള്ള ഒരു സ്ത്രീ നടത്തുന്ന പ്രചാരണമാണ് ഇത്തരം അന്വേഷണത്തിലേക്ക പൊലീസിനെ തിരിച്ചുവിടുന്നതെന്ന് പൊലീസ് അധികൃതർ മാഞ്ചസ്റ്റർ ഈവനിങ് ന്യൂസിനോടുപറഞ്ഞു. ഈ സ്ത്രീയുടെ വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. സോഷ്യൽ മീഡിയയിൽ വ്യാജ പ്രൊഫൈലുകളുണ്ടാക്കിയും 999 നമ്പരിലേക്ക് വിളിച്ച് തെറ്റായ കാര്യങ്ങളറിയിച്ചുമാണ് ഇവർ പരിഭ്രാന്തി സൃഷ്ടിക്കുന്നത്.

കിട്ടുന്ന വിവരങ്ങൾ പരിശോധിച്ച് ഉറപ്പിക്കുകയല്ലാതെ പൊലീസിന് വേറെ മാർഗമില്ലാത്തതിനാൽ പലപ്പോഴും നിരപരാധികളാണ് കുടുങ്ങുക. അർധരാത്രിയിൽ ലഭിക്കുന്ന സന്ദേശങ്ങൾക്ക് പിന്നാലെ പോകുന്ന പൊലീസ് വീടുകയറി പരിശോധന നടത്താൻ നിർബന്ധിതരാവുകയാണ്. ഒരുവര്ഷത്തോളമായി ഈ അമേരി്കൻ യുവതി മാഞ്ചസ്റ്റർ പൊലീസിന്റെ ഉറക്കം കെടുത്തുകയാണ്.

സോഷ്യൽ മീഡിയയിൽനിന്ന് ഏഷ്യൻ വംശജരുടെ ചിത്രങ്ങളെടുത്ത് അവരെ കൊലപാതകികളായി ചിത്രീകരിക്കുന്ന ട്രോളുകൾ നിർമ്മിച്ചാണ് ഇവർ പൊലീസിനെ തെറ്റിദ്ധരിപ്പിക്കുന്നത്. പലപ്പോഴും സായുധരായ പൊലീസ് സേന വീടുവളയുന്ന സന്ദർഭങ്ങൾ വരെയുണ്ടായിട്ടുണ്ട്. ജീവിതം ദുഷ്‌കരമാക്കുന്ന ഇത്തരം പൊലീസ് പരിശോധനകൾക്കെതിരെ രംഗത്തുവരാനാണ് ഇവിടങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാരടക്കമുള്ളവരുടെ തീരുമാനം.

ഇന്റർനെറ്റിലൂടെ ഇവർ നടത്തുന്ന ആരോപണങ്ങൾക്ക് പിന്നാലെയാണ് പൊലീസ് എത്തുന്നതെന്ന് ഇത്തരമൊരു അന്വേഷണത്തിന് ഇരയായ രംഗ്‌സീബ് നസീർ പറയുന്നു. അർധരാത്രിയിൽ 17 സായുധ പൊലീസ് കാറുകളാണ് രംഗ്‌സീബിന്റെ വീടുവളഞ്ഞത്. 18-ഉം 21-ഉം വയസ്സുള്ള രണ്ട് മക്കളും 70 പിന്നിട്ട മാതാപിതാക്കളുമായി ജീവിക്കുന്ന വീട്ടിലേക്ക് സായുധ പൊലീസ് അർധരാത്രിയിലെത്തിയാലുള്ള അവസ്ഥ എന്തായിരിക്കുമെന്നും രംഗ്‌സീബ് ചോദിക്കുന്നു.

കുട്ടികളെ പീഡിപ്പിക്കുന്നുവെന്നും ആളുകളെ ബന്ദിയാക്കി കൊലപ്പെടുത്തുന്നുവെന്നുമൊക്കെയുള്ള പരാതികളാണ് ഇവർ രംഗ്‌സീബിനെതിരേ ഉയർത്തിയിരുന്നത്. അന്വേഷണത്തിന്റെ ഭാഗമായി രണ്ടുതവണ പൊലീസ് സംഘം രംഗ്‌സീബിന്റെ വീട്ടിലെത്തി. 15-ഓളം തവണ ഫോണിലൂടെ ചോദ്യം ചെയ്യലിന് വിധേയനായെന്നും അദ്ദേഹം പറയുന്നു. സമാനമായ അനുഭവത്തിന് ഇരയായ വേറെയും കുടുംബങ്ങൾ മാഞ്ചസ്റ്ററിലുണ്ട്.