- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യലഹരിയിൽ സ്റ്റേഷനിൽ അഴിഞ്ഞാടി പടക്കം പൊട്ടിച്ച് സ്റ്റേഷനെ വിറപ്പിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; പൊലീസ് സഹകരണസംഘം തെരഞ്ഞെടുപ്പിൽ തന്റെ പാനൽ ജയിച്ചത്തിന്റെ ആഹ്ലാദം പങ്കിട്ട പൊലീസുകാരനെതിരെ നിസാര വകുപ്പിട്ട് കേസെടുത്തു; പ്രതിയെ ഹാജരാക്കാൻ കോടതി ഉത്തരവ്
തിരുവനന്തപുരം: മദ്യലഹരിയിൽ പൊലീസ് സ്റ്റേഷനിൽ അഴിഞ്ഞാടി പടക്കം പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഛർദിച്ച് കിടന്നുറങ്ങിയ സീനിയർ സിവിൽ പൊലീസോഫീസറെ ഹാജരാക്കാൻ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു. തിരുവനന്തപുരം സിറ്റി പൊലീസിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ കോലിയക്കോട് സ്വദേശി ജി.ബി. ബിജുവിനെ ഡിസംബർ 1ന് ഹാജരാക്കാനാണുത്തരവ്. ഇയാൾ മദ്യപിച്ച് സ്റ്റേഷനിലെത്തി പടക്കം പൊട്ടിക്കുകയും സ്റ്റേഷനെ വിറപ്പിക്കുകയും റോഡിലും സ്റ്റേഷനിലും ബഹളം വയ്ക്കുകയും ചെയ്ത സംഭവത്തിലാണ് കോടതി ഇയാളെ ഹാജരാക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
2019 ജൂൺ 27 രാത്രിയിലാണ് കേസിനാസ്പദമായ പൊലീസ് അഴിഞ്ഞാട്ടം നടന്നത്. ഇയാൾ ബഹളമുണ്ടാക്കുന്നതിന്റെയും മദ്യലഹരിയിൽ സ്റ്റേഷനിൽ വീഴുന്നതിന്റെയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. പൊലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പിൽ താൻ അനുകൂലിക്കുന്ന പാനൽ വിജയിച്ചതിന്റെ ആഹ്ലാദം പങ്കിടാനാണ് ബിജു ജോലി ചെയ്യുന്ന സിറ്റി പൊലീസ് സ്റ്റേഷനിലെത്തിയത്. തിരഞ്ഞെടുപ്പ് കഴിഞ്ഞാണ് ഇയാൾ സ്റ്റേഷനിലെത്തിയത്. തുടർന്ന് കാറിൽ സൂക്ഷിച്ചിരുന്ന പടക്കങ്ങളെടുത്ത് സ്റ്റേഷനിൽ വച്ച് കത്തിച്ചു പൊട്ടിച്ചു. സ്റ്റേഷനിൽ അഴിഞ്ഞാടി ബഹളമുണ്ടാക്കി സ്റ്റേഷൻ വിറപ്പിച്ച ഇയാൾ മറ്റു പൊലീസുകാരെ വെല്ലുവിളിക്കുകയും ചെയ്തു. തിരിച്ചു വന്ന് വീണ്ടും കാറിലിരുന്ന് മദ്യപിച്ച ഇയാൾ വനിതാ പൊലീസുകാരെയും വെറുതെ വിട്ടില്ല.
തുടർന്ന് വീണ്ടും വാഹനമെടുത്ത് ബസ് സ്റ്റോപ്പിൽ എത്തിയതോടെ കാർ റോഡിന് കുറുകെ നിന്നു. ഇതോടെ ഇരുഭാഗത്തും വാഹനക്കുരുക്കായി. വാഹനങ്ങളിലെത്തിയവർ വാഹനം മാറ്റാനാവശ്യപ്പെട്ടതോടെ ഇയാൾ ഇവരെ അസഭ്യവാക്കുകൾ വിളിച്ചു പറഞ്ഞു. പൊലീസുകാരനാണെന്ന് കണ്ടതോടെ നാട്ടുകാർ കൂടി.തുടർന്ന് പൊലീസെത്തി ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടു പോയി. എന്നാൽ സ്റ്റേഷനിൽ എത്തിയപ്പോഴേക്കും ഇയാൾ വീണ്ടും ബഹളമുണ്ടാക്കുകയും തറയിൽ കിടന്ന് ഉരുളുകയും ചെയ്തു.ഇതോടെ പൊലീസുകാർ ബിജുവിന്റെ വീട്ടുകാരെ പൊലീസ് വാഹനം അയച്ച് വിളിച്ചു വരുത്തി. തുടർന്ന് സ്റ്റേഷന് സമീപം പടക്കം പൊട്ടിച്ചുവെന്ന നിസ്സാര വകുപ്പിട്ട് കേസെടുത്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു.
2019 ഒക്ടോബർ 1ന് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 286 ( സ്‌ഫോഫോടക പദാർത്ഥം സംബന്ധിച്ച ഉപേക്ഷാ പൂർവ്വകമായ പെരുമാറ്റം) , സ്‌ഫോടക വസ്തു നിയമത്തിലെ വകുപ്പ് 9 ബി 1 (ബി) എന്നീ വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്. അതേ സമയം സ്റ്റേഷൻ ഡ്യൂട്ടിടിയിലുള്ള പൊലീസുദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിന് ചുമത്തേണ്ട ജാമ്യമില്ലാ വകുപ്പായ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 353 , വനിതാ പൊലീസുകാരുടെ മാനത്തെ അധിക്ഷേപിച്ചതിന് ചുമത്തേണ്ട ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 354 , പൊതുസ്ഥലത്ത് മദ്യപിച്ചതിനുള്ള വകുപ്പ് 15 (സി) അബ്കാരി ആക്റ്റ് , മദ്യപിച്ച് വാഹനമോടിച്ചതിനുള്ള മോട്ടോർ വാഹന നിയമത്തിലെ വകുപ്പ് 184 , 185 , അശ്രദ്ധമായും ഉദാസീനമായും മനുഷ്യജീവന് ആപത്തു വരത്തക്കവിധം വാഹനമോടിച്ചതിനുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 279 എന്നിവ ചേർത്ത് പ്രതിക്കെതിരെ കേസെടുക്കുകയോ കുറ്റപത്രത്തിൽ ആ വകുപ്പുകൾ ചുമത്തുകയോ ചെയ്തിട്ടില്ല.