കോഴിക്കോട്:അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചു വിലങ്ങിടുന്ന പൊലീസ് ആക്ട് ഭേദഗതി ഓർഡിനൻസ് പിൻവലിക്കാതെ നടപ്പിലാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ശുദ്ധ തട്ടിപ്പാണെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ പ്രസ്താവനയിൽ പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങൾ ഉൾപ്പടെയുള്ള സ്വതന്ത്ര പ്ലാറ്റ്ഫോമുകൾക്ക് നിയന്ത്രണമെർപ്പെടുത്തിയുള്ള പൊലീസ് ആക്ടിലെ ഭേദഗതി 118 എ ജനാധിപത്യ വിരുദ്ധവും പൗരാവകാശ ലംഘനവുമാണ്.

വിവിധ തുറകളിൽ നിന്നും പ്രതിഷേധമുയർന്നപ്പോൾ, തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള വെറുംവാക്ക് മാത്രമാണ് ഭേദഗതി നടപ്പിലാക്കില്ലെന്ന പിണറായിയുടെ പ്രസ്താവന. ജനാധിപത്യ സമൂഹം ഈ തട്ടിപ്പിൽ വീഴരുത്. നിലവിൽ ഗവർണർ ഒപ്പ് വെച്ച് പ്രാബല്യത്തിൽ വന്ന നിയമമാണ് പൊലീസ് ആക്ട് ഭേദഗതി 118 എ. അത് പിൻവലിക്കുകയാണ് വേണ്ടത്. അത് ചെയ്യാതെ നടപ്പിലാക്കില്ല എന്ന പൊതു പ്രസ്താവനക്ക് നിയമപരമായ നിലനിൽപ്പില്ല. പൊലീസ് ആക്ട് ഭേദഗതി പിൻവലിക്കുന്നത് വരെ പ്രതിഷേധം തുടരേണ്ടതുണ്ട്.

എതിർസ്വരങ്ങളും പ്രതിപക്ഷവും ഇല്ലാത്ത ഏകാധിപത്യ ഭരണം ലക്ഷ്യമിടുന്ന നരേന്ദ്ര മോദിയുടെ പാത തന്നെയാണ് പിണറായി വിജയനും പിന്തുടരുന്നത് എന്നതിന്റെ തെളിവാണിത്. തീവ്ര വിദ്വേഷ പ്രചാരകരായ സംഘപരിവാർ നേതാക്കൾക്കെതിരെ തെളിവുകൾ സഹിതം നിരവധി തവണ പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാൻ സിപിഎം സർക്കാർ തയ്യാറായിട്ടില്ല. അതേസമയം വ്യാജ പരാതികളുടെ മേൽ മുസ്ലിം പണ്ഡിതന്മാർക്കും പ്രഭാഷകർക്കും എതിരേ ധ്രുതഗതിയിൽ നടപടി എടുക്കുകയും ചെയ്തിട്ടുണ്ട്. പുതിയ നിയമ ഭേദഗതിയും സിപിഎമ്മിന്റെ ഹിന്ദുത്വ വർഗീയതക്ക് ആയുധമാക്കാൻ ലക്ഷ്യമിടുന്നതാണെന്ന് ഇതിൽ നിന്ന് വ്യക്തമാണെന്നും എ അബ്ദുൽ സത്താർ പ്രസ്താവനയിൽ പറഞ്ഞു.