തിരുവനന്തപുരം : സംസ്ഥാന പൊലീസിൽ സുപ്രധാന ചുമതലകളിലുള്ള ആറു ഡിവൈ.എസ്‌പിമാർ നിരീക്ഷണത്തിൽ. പൊലീസ് സേനയുടെ താൽപര്യങ്ങൾക്കു വിരുദ്ധമായി പ്രവർത്തിക്കുന്നതിന്റെ പേരിലാണ് ഇവരുടെ സർവീസ് പശ്ചാത്തലവും പൊതുജനങ്ങളോടുള്ള ഇപ്പോഴത്തെ ഇടപെടലും പരിശോധിക്കുന്നത്.

തിരുവനന്തപുരത്തെ രണ്ടും പത്തനംതിട്ട, പാലക്കാട്, എറണാകുളം റൂറൽ, തൃശൂർ എന്നിവിടങ്ങളിലെ ഒന്നു വീതവും ഡിവൈ.എസ്‌പിമാരാണു നിരീക്ഷണത്തിലുള്ളത്. ഇതിൽ തിരുവനന്തപുരത്തുള്ളവരെ ഡിജിപി നേരിട്ട് വിളിച്ച് ശാസിച്ചതയാണ് സൂചന. എറണാകുളത്തെ ഡിവൈഎസ്‌പിക്ക് മോൻസൺ മാവുങ്കലുമായും അടുത്ത ബന്ധമുണ്ട്. ഈ ആറു ഡിവൈഎസ് പിമാരും ക്രമസമാധാന ചുമതലയാണ് വഹിക്കുന്നത്.

അഴിമതിക്കാരായ ഉദ്യോഗസ്ഥരെ ജനങ്ങളുമായി നേരിട്ടു സമ്പർക്കമുള്ള ചുമതലകളിൽ നിയമിക്കരുതെന്ന് സർക്കാർ ഡി.ജി.പി. അനിൽകാന്തിനു നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനൊപ്പമാണ് അഴിമതിക്കാരായ ഉദ്യോഗസ്ഥരെ നിരീക്ഷിക്കാനും ആഭ്യന്തരവകുപ്പ് നിർദേശിച്ചത്. നേരത്തെ ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇരുപതോളം ഉദ്യോഗസ്ഥരെ നിർണായക സ്ഥാനങ്ങളിൽനിന്ന് മാറ്റിനിയമിച്ചിരുന്നു.

പുരാവസ്തു തട്ടിപ്പുകാരൻ മോൻസൻ മാവുങ്കലുമായി അനഭിലഷണീയമായ ബന്ധം പുലർത്തിയതിന്റെ പേരിൽ ഐ.ജി: ജി. ലക്ഷ്മണയെ സസ്പെൻഡ് ചെയ്തതിനു പുറമേയാണ് പ്രധാന സ്ഥാനങ്ങളിലുള്ള ഉദ്യോഗസ്ഥരുടെ ബന്ധങ്ങൾ പരിശോധിക്കുന്നത്. ഇവർ വ്യക്തിപരമായി ഉപയോഗിക്കുന്ന ഫോണുകളിൽനിന്നുള്ള കോളുകളുടെ വിശദാംശങ്ങൾ ഇനി ശേഖരിക്കും. മംഗളത്തിൽ എസ് നാരായണനാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.

ആരോപണവിധേയരാകുന്ന ഡിവൈ.എസ്‌പി, എ.സി.പി, സിഐ. റാങ്കിലുള്ള ഉദ്യോഗസ്ഥരെ കർശനമായി നിരീക്ഷിക്കാനാണു തീരുമാനം. ഇതിന് പ്രത്യേക സംവിധാനം ഏർപ്പെടുത്തും. ഇപ്പോൾ സംശയ നിഴലിലുള്ളവരെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റാനാണ് നീക്കം. എന്നാൽ ഇവർക്ക് അതിശക്തമായ രാഷ്ട്രീയ ബന്ധങ്ങളുണ്ട്. അതുകൊണ്ട് തന്നെ ഡിജിപിക്ക് ഒറ്റയ്ക്ക് തീരുമാനം എടുക്കാനാകില്ല.

അതിനാൽ ഈ ആറു ഉദ്യോഗസ്ഥർക്കും സ്ഥലം മാറ്റം മാത്രമേ ഉണ്ടാകാനിടയുള്ളൂ. കേന്ദ്ര ഏജൻസികളും ഇക്കാര്യത്തിൽ ഇടപെടൽ തുടങ്ങി കഴിഞ്ഞു. അവരും ഈ പൊലീസുകാരെ നിരീക്ഷണത്തിലാക്കും.