- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അർധരാത്രി വീട്ടുമുറ്റത്ത് നിന്ന യുവാവിന് പൊലീസ് മർദനം; വീട്ടുകാരോടും മോശമായി പെരുമാറി; മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നൽകി യുവാവ്
പുന്നയൂർക്കുളം: സ്വന്തം വീട്ടുമുറ്റത്ത് കാറ് നിർത്തി പുറത്ത് നിന്ന യുവാവിനെ വടക്കേക്കാട് എസ്‌ഐ മർദ്ദിച്ചെന്ന് പരാതി. ചെറായി കെട്ടുങ്ങൽ സ്വദേശിയായ യുവാവിനാണ് മർദ്ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് യുവാവ് മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നൽകി.
ശനിയാഴ്ച രാത്രി 12ഓടെയാണ് സംഭവം. ദൂരയാത്ര കഴിഞ്ഞ് കാർ വീട്ടിലേക്ക് കയറ്റിയിട്ട് ഗേറ്റിനരികിൽ നിൽക്കുകയായിരുന്ന യുവാവിനെ ഇതുവഴി എത്തിയ പൊലീസ് പെട്രോളിങ് സംഘം ചോദ്യം ചെയ്യുകയായിരുന്നു. സ്വന്തം വീടാണെന്നും ഗേറ്റ് അടക്കുകയായിരുന്നുവെന്നു പറഞ്ഞെങ്കിലും പൊലീസ് വിശ്വസിച്ചില്ല. ഇപ്പോൾ വന്നതാണെന്നു ഉറപ്പാക്കാൻ വണ്ടിക്ക് ചൂട് ഉണ്ടോ എന്നു പരിശോധിക്കണമെന്നും വണ്ടിയുടെ അകത്ത് എന്തെങ്കിലും ഉണ്ടോ എന്നു നോക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.
ശബ്ദം കേട്ട് പുറത്തുവന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള വീട്ടുകാരോടും അസഭ്യവാക്കുകളോടെ പൊലീസ് മുറയിലായിരുന്നു ചോദ്യങ്ങൾ. ഇതിനിടെ വണ്ടി പരിശോധിക്കുന്നില്ലേ എന്നു ചോദിച്ചതിനെ തുടർന്ന് അഡീഷനൽ എസ്‌ഐ. സന്തോഷ് യുവാവിന്റെ ചെവിയിൽ അടിക്കുകയായിരുന്നു. പോടാ എന്നു പറഞ്ഞ് കഴുത്തിനു തള്ളി പൊലീസുകാർ സ്ഥലം വിട്ടു.
എസ്‌ഐക്ക് പുറമെ ഡ്രൈവറും ദ്രുതകർമ്മ സേന അംഗവുമാണ് ഉണ്ടായിരുന്നതെന്ന് ഇവർ പറഞ്ഞു. രണ്ട് മാസം മുൻപ് കൊച്ചന്നൂരിൽ വയോധികനെ മർദ്ദിച്ച കേസിൽ ഇതേ എസ്‌ഐക്കെതിരെ അന്വേഷണം നിലവിലുണ്ട്. എന്നാൽ യുവാവിനെ മർദ്ദിച്ചുവെന്നത് വാസ്തവമല്ലെന്നും വീടിനു പുറത്ത് നിൽക്കുന്നത് കണ്ടപ്പോൾ വിവരങ്ങൾ ചോദിച്ചറിയുക മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നുമാണ് എസ്‌ഐ പ്രതികരണം.
മറുനാടന് മലയാളി ബ്യൂറോ