തിരുവനന്തപുരം: സോളാർ കേസിൽ ആരോപണ വിധേയരായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരാണ് എഡിജിപിമാരായ പത്മകുമാറും അജിത് കുമാറും. ഇതിൽ വിജിലൻസ് ഡറക്ടറായിരുന്ന അജിത് കുമാർ സ്വപ്‌നാ സുരേഷിനെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന കേസിൽ വിവാദത്തിലായി. ഇതോടെ ആ പദവി പോയി. എന്നാൽ അധിക കാലം ആ വേദന ഉണ്ടായില്ല. ആംഡ് പൊലീസ് എഡിജിപിയായി മാറുകയാണ് അജിത് കുമാർ. എഡിജിപിയായ പത്മകുമാർ പൊലീസ് ആസ്ഥാനത്തും എത്തുന്നു. രണ്ടും സുപ്രധാന കസേരകൾ. ഇതോടെ സോളാർ കേസിൽ ചർച്ചയായ പൊലീസുകാരുടെ കഷ്ടകാലം മാറുന്നുവെന്നതാണ് വസ്തുത.

സോളാർ കേസിലെ വിവാദ നായിക ഇന്ന് സർക്കാരിന് ഒപ്പമാണ്. പിസി ജോർജിന്റെ അറസ്റ്റ് വരെ ഇത് അടിവരയിട്ട് തെളിയിച്ച കാര്യമാണ്. ഈ സാഹചര്യത്തിലാണ് ഈ രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടേയും പുതിയ പദവികൾ ചർച്ചയാകുന്നത്. ഏറ്റവും കൂടുതൽ കാലം ഡിജിപി സേവനം അനുഷ്ഠിക്കാൻ സാധ്യതയുള്ള മനോജ് എബ്രഹാമിന് എഡിജിപി ആയിരിക്കുമ്പോഴേ ആഭ്യന്തര വകുപ്പിലെ രണ്ടാമത്തെ മികച്ച പദവി കിട്ടുന്നു. ഇത് അടുത്ത പൊലീസ് ഡിജിപി ആരായിരിക്കുമെന്ന സൂചനകളാണ് നൽകുന്നത്. അങ്ങനെ മനോജ് എബ്രഹാമിന്റേയും പത്മകുമാറിന്റേയും അജിത് കുമാറിന്റേയും പദവികൾ പൊലീസിൽ ആരോടെല്ലാമാണ് സർക്കാരിന് ഈ ഘട്ടത്തിൽ കൂടുതൽ താൽപ്പര്യമെന്ന് വ്യക്തമാക്കുന്നു.

ആരും പ്രതീക്ഷിക്കാത്ത അഴിച്ചു പണിയാണ് നടന്നത്. മുഖ്യമന്ത്രിയുടെ പൊളിട്ടിക്കൽ സെക്രട്ടറിയായ പി ശശിയുടെ തീരുമാനപ്രകാരമാണ് എല്ലാം നടന്നത്. ആംഡ് പൊലീസ് ബറ്റാലിയൻ എഡിജിപിയായിരുന്ന കെ.പത്മകുമാറിനെ പൊലീസ് ആസ്ഥാനത്തെ എഡിജിപിയായി നിയമിച്ചത് ഏവരേയും അത്ഭുതപ്പെടുത്തി. പൊലീസ് ആസ്ഥാനത്ത് എഡിജിപിയായിരുന്ന മനോജ് എബ്രഹാമിനെ വിജിലൻസിന്റെ ചുമതലയുള്ള എഡിജിപിയായും നിയമിച്ചു. ക്രൈം റെക്കോർഡ്‌സ് ബ്യൂറോ എഡിജിപി യോഗേഷ് ഗുപ്തയെ ബവ്‌റിജസ് കോർപറേഷന്റെ എംഡിയാക്കി. ബവ്‌റിജസ് കോർപറേഷന്റെ എംഡി സ്ഥാനം എഡിജിപി സ്ഥാനത്തിനു തത്തുല്യമാക്കി ഉയർത്തിയാണ് നിയമനം. ആകെ 17 ഐപിഎസ് ഉദ്യോഗസ്ഥർക്കാണ് സ്ഥാനചലനം.

ഷാജ് കിരൺ വിവാദത്തിൽ വിജിലൻസ് എഡിജിപി സ്ഥാനത്തുനിന്ന് ഒഴിവാക്കിയ എം.ആർ.അജിത്കുമാറിനെ വീണ്ടും സ്ഥലംമാറ്റി. പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്‌സ് എഡിജിപിയായിരുന്ന അദ്ദേഹത്തിന് ആംഡ് പൊലീസ് ബറ്റാലിയൻ എഡിജിപിയായിട്ടാണ് നിയമനം. സെക്യൂരിറ്റി ഐജിയായിരുന്ന തുമല വിക്രത്തെ നോർത്ത് സോൺ ഐജിയായി നിയമിച്ചു. നോർത്ത് സോൺ ഐജിയായിരുന്ന അശോക് യാദവിനെ സെക്യൂരിറ്റി ഐജിയായും ബവ്‌റിജസ് കോർപറേഷൻ എംഡിയായിരുന്ന എസ്.ശ്യാംസുന്ദറിനെ ക്രൈം ഡിഐജിയായും നിയമിച്ചു.

കോഴിക്കോട് റൂറൽ പൊലീസ് മേധാവി ഡോ.എ.ശ്രീനിവാസിനെ സ്‌പെഷൽ ബ്രാഞ്ച് (സെക്യൂരിറ്റി) എസ്‌പിയായി നിയമിച്ചു. എറണാകുളം റൂറൽ എസ്‌പി കെ.കാർത്തിക് കോട്ടയം എസ്‌പിയാകും. കൊല്ലം സിറ്റി കമ്മിഷണറായിരുന്ന ടി.നാരായണൻ പൊലീസ് ആസ്ഥാനത്ത് അഡിഷനൽ ഐജിയാകും. പൊലീസ് ആസ്ഥാനത്ത് എസ്‌പിയായിരുന്ന മെറിൻ ജോസഫാണ് പുതിയ കൊല്ലം കമ്മിഷണർ.

ഇടുക്കി എസ്‌പി കറുപ്പുസ്വാമിയെ കോഴിക്കോട് റൂറൽ എസ്‌പിയായി നിയമിച്ചു. വയനാട് എസ്‌പി അരവിന്ദ് സുകുമാർ കെഎപി അഞ്ചാം ബറ്റാലിയൻ കമാൻഡന്റാകും. കോട്ടയം എസ്‌പിയായിരുന്ന ഡി.ശിൽപയെ വനിതാ സെൽ എസ്‌പിയായി നിയമിച്ചു. ഇവർക്ക് വനിതാ ബറ്റാലിയൻ കമാൻഡന്റിന്റെ അധിക ചുമതലയും ഉണ്ടാകും. പൊലീസ് ആസ്ഥാനത്തെ അഡിഷനൽ എഐജി ആർ.ആനന്ദിനെ വയനാട് എസ്‌പിയായും നിയമിച്ചിട്ടുണ്ട്.