- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയുടെ ഓഫീസ് വേശ്യാലയവും കള്ളക്കടത്ത് കേന്ദ്രവും ആക്കിയപ്പോൾ പ്രതികരിക്കാതെ താങ്കൾക്ക് മാധ്യമങ്ങളുടെ വായ മൂടി കെട്ടിയാലേ ഭരിക്കാനാകൂ എന്നുണ്ടെങ്കിൽ രാജിവെച്ച് ഒഴിയുകയാണ് വേണ്ടത്; ഗവർണ്ണർ രാജി വെയ്ക്കണം അല്ലെങ്കിൽ തിരിച്ചു വിളിക്കണം; ഗവർണ്ണറെ വിമർശിച്ച് ജനംടിവി മേധാവിയുടെ ലേഖനം; പൊലീസ് ആക്ടിൽ ഗവർണ്ണറെ കടന്നാക്രിച്ച് പരിവാർ ചാനൽ ചീഫ് എഡിറ്റർ
തിരുവനന്തപുരം: കേരളാ പൊലീസ് നിയമത്തിന്റെ 118 എ വകുപ്പിന് ഭേദഗതി വരുത്തിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറപ്പെടുവിച്ച ഓർഡിനൻസ് ഒരു ചോദ്യവുമില്ലാതെ അതേപടി ഒപ്പിട്ടു കൊടുത്ത ഗവർണ്ണർ മുഹമ്മദ് ആരിഫ് ഖാൻ ഇന്ത്യയിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദ്ദേഹം ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ വിശ്വാസത്തിനും ഒപ്പമല്ല പോകുന്നതെന്ന് കരുതേണ്ടിയിരിക്കുന്നുവെന്ന് പരിവാർ ചാനലായ ജനം ടിവി. ജനം ടിവിയുടെ ചീഫ് എഡിറ്ററായ ജികെ സുരേഷ് ബാബുവാണ് ഗവർണ്ണറെ കടന്നാക്രമിച്ചുള്ള ലേഖനം ജനം ടിവിയുടെ വെബ് സൈറ്റിൽ എഴുതിയത്. എബിവിപിയുടെ മുൻ നാഷണൽ കൗൺസിൽ അംഗം കൂടിയായിരുന്ന സുരേഷ് ബാബുവിന്റെ നിലപാട് ഈ വിഷയത്തിൽ ആർഎസ്എസ് നിലപാടായാണ് പൊതുവേ വിലയിരുത്തുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസ് വേശ്യാലയവും കള്ളക്കടത്ത് കേന്ദ്രവും ആക്കിയപ്പോൾ പ്രതികരിക്കാതെ നിസ്സംഗനായിരുന്ന, ഞാനൊന്നും അറിഞ്ഞില്ല എന്നുപറഞ്ഞ താങ്കൾക്ക് മാധ്യമങ്ങളുടെ വായ മൂടി കെട്ടിയാലേ ഭരിക്കാനാകൂ എന്നുണ്ടെങ്കിൽ താങ്കൾ രാജിവെച്ച് ഒഴിയുകയാണ് വേണ്ടത്. ജനാധിപത്യത്തിനും ഭരണഘടനയ്ക്കും തീരാശാപമാണ് ഈ ഓർഡിനൻസ് എന്ന് ഒരിക്കൽ കൂടി പറയട്ടെ.-ഇങ്ങനെ അതിനിശതമായ വിമർശനമാണ് ജികെ സുരേഷ് ബാബു ലേഖനത്തിൽ ഗവർണ്ണർക്കെതിരെ ഉയർത്തുന്നത്.
ഗവർണ്ണറെ കടന്നാക്രമിക്കുന്നതാണ് ലേഖനം. സി എ എ വിരുദ്ധ കലാപകാലത്ത് രാഷ്ട്രവിരുദ്ധ വാർത്തകൾ സംപ്രേഷണം ചെയ്തതിന്റെ പേരിൽ ഏഷ്യാനെറ്റിന്റെയും മീഡിയാ വണിന്റെയും സംപ്രേഷണം തടഞ്ഞുകൊണ്ട് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് ഏഷ്യാനെറ്റ് മാപ്പപേക്ഷ നൽകിയതിനെ തുടർന്ന് പിൻവലിക്കുകയുണ്ടായി. മാപ്പപേക്ഷ നൽകിയിട്ടില്ലെന്നൊക്കെ സാമൂഹ്യ മാധ്യമങ്ങളിൽ ഞെളിഞ്ഞെങ്കിലും വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടപ്പോൾ ഏഷ്യാനെറ്റ് കൊടുത്ത കത്തും പുറത്തുവരികയുണ്ടായി.
അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ ഒരു കാര്യമുണ്ട്. മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനും കൂച്ചുവിലങ്ങിടാനും ഈ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന്. അതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്രസർക്കാരിന്റെയും കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെയും നിലപാട്. ആ നിലപാടാണ് ബഹുമാനപ്പെട്ട ഗവർണ്ണർ മുഹമ്മദ് ആരിഫ് ഖാൻ സംസ്ഥാനത്ത് നടപ്പാക്കാൻ ശ്രമിക്കേണ്ടത്. അതിനു കഴിയുന്നില്ലെങ്കിൽ അന്തസ്സായി രാജിവെച്ച് പോകുകയോ അല്ലെങ്കിൽ അദ്ദേഹത്തെ തിരിച്ചു വിളിക്കാൻ കേന്ദ്രസർക്കാർ നിലപാട് എടുക്കുകയാണ് ചെയ്യേണ്ടത്-സുരേഷ് ബാബു ലേഖനത്തിൽ പറയുന്നു
ജികെ സുരേഷ് ബാബുവിന്റെ ലേഖനത്തിന്റെ പൂർണ്ണരൂപം
ഗവർണ്ണർ രാജി വെയ്ക്കണം, അല്ലെങ്കിൽ തിരിച്ചു വിളിക്കണം
സത്യമപ്രിയം - ജി കെ സുരേഷ് ബാബു
കേരളാ പൊലീസ് നിയമത്തിന്റെ 118 എ വകുപ്പിന് ഭേദഗതി വരുത്തിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറപ്പെടുവിച്ച ഓർഡിനൻസ് ഒരു ചോദ്യവുമില്ലാതെ അതേപടി ഒപ്പിട്ടു കൊടുത്ത ഗവർണ്ണർ മുഹമ്മദ് ആരിഫ് ഖാൻ ഇന്ത്യയിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദ്ദേഹം ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ വിശ്വാസത്തിനും ഒപ്പമല്ല പോകുന്നതെന്ന് കരുതേണ്ടിയിരിക്കുന്നു. സി എ എ വിരുദ്ധ കലാപകാലത്ത് രാഷ്ട്രവിരുദ്ധ വാർത്തകൾ സംപ്രേഷണം ചെയ്തതിന്റെ പേരിൽ ഏഷ്യാനെറ്റിന്റെയും മീഡിയാ വണിന്റെയും സംപ്രേഷണം തടഞ്ഞുകൊണ്ട് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് ഏഷ്യാനെറ്റ് മാപ്പപേക്ഷ നൽകിയതിനെ തുടർന്ന് പിൻവലിക്കുകയുണ്ടായി. മാപ്പപേക്ഷ നൽകിയിട്ടില്ലെന്നൊക്കെ സാമൂഹ്യ മാധ്യമങ്ങളിൽ ഞെളിഞ്ഞെങ്കിലും വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടപ്പോൾ ഏഷ്യാനെറ്റ് കൊടുത്ത കത്തും പുറത്തുവരികയുണ്ടായി. അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ ഒരു കാര്യമുണ്ട്. മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനും കൂച്ചുവിലങ്ങിടാനും ഈ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന്. അതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്രസർക്കാരിന്റെയും കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെയും നിലപാട്. ആ നിലപാടാണ് ബഹുമാനപ്പെട്ട ഗവർണ്ണർ മുഹമ്മദ് ആരിഫ് ഖാൻ സംസ്ഥാനത്ത് നടപ്പാക്കാൻ ശ്രമിക്കേണ്ടത്. അതിനു കഴിയുന്നില്ലെങ്കിൽ അന്തസ്സായി രാജിവെച്ച് പോകുകയോ അല്ലെങ്കിൽ അദ്ദേഹത്തെ തിരിച്ചു വിളിക്കാൻ കേന്ദ്രസർക്കാർ നിലപാട് എടുക്കുകയാണ് ചെയ്യേണ്ടത്.
സാമൂഹ്യമാധ്യമങ്ങൾക്കും സാമൂഹ്യമാധ്യമങ്ങളിലെ പദപ്രയോഗങ്ങൾക്കും വാർത്തകൾക്കും നിയന്ത്രണം ഏർപ്പെടുത്താനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം ഓൺലൈൻ മാധ്യമങ്ങളെ മാത്രമല്ല, എല്ലാ മാധ്യമങ്ങളെയും ലക്ഷ്യമിട്ടിട്ടുള്ള ഒരു വല തന്നെയാണ്. മാധ്യമസ്ഥാപനങ്ങളെയും മാധ്യമ പ്രവർത്തകരെയും ലക്ഷ്യമിടില്ല എന്നും സാമൂഹ്യമാധ്യമത്തിലെ അവഹേളനത്തിന് എതിരെയാണ് ഓർഡിനൻസ് കൊണ്ടുവരാൻ പോകുന്നതെന്നും നിയമമന്ത്രി ഏ കെ ബാലനും മുഖ്യമന്ത്രിയുമൊക്കെ പറഞ്ഞെങ്കിലും ഇത് ഇടതു മുന്നണിയുടെ ഘടകകക്ഷിയായ സിപിഐക്കു പോലും ബോദ്ധ്യപ്പെട്ടിട്ടില്ല.
സിപിഐയുടെ ഒദ്യോഗിക പ്രസിദ്ധീകരണമായ ജനയുഗത്തിൽ എഴുതിയ മുഖപ്രസംഗം ഇങ്ങനെ പറയുന്നു, ''സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള കുറ്റകൃത്യങ്ങൾ തടയാൻ കേരള പൊലീസ് ആക്ടിൽ 118 എ വകുപ്പ് കൂട്ടിച്ചേർത്ത് ഓർഡിനൻസ് പുറപ്പെടുവിക്കുന്നതിന് കഴിഞ്ഞ ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗം തീരുമാനിക്കുകയുണ്ടായി. സാമൂഹ്യമാധ്യമങ്ങൾ വഴിയുള്ള കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്നത് സംസ്ഥാനത്ത് ഉൽക്കണ്ഠാജനകമായ സ്ഥിതിവിശേഷമാണ് സൃഷ്ടിച്ചിട്ടുള്ളത്. പെൺകുട്ടികളും സ്ത്രീകളുമാണ് സ്വകാര്യതയിലേക്കുള്ള ഇത്തരം കടന്നുകയറ്റങ്ങളുടെ ഇരകൾ ഏറെയും. സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള ഇത്തരം കുറ്റകൃത്യങ്ങൾ ഫലപ്രദമായി തടയുന്നതിനോ പരാതികളിന്മേൽ സത്വരവും കാര്യക്ഷമവുമായ നടപടി സ്വീകരിക്കുന്നതിനോ പൊലീസ് സംവിധാനത്തിന് വേണ്ടത്ര കഴിയുന്നില്ലെന്ന് അനുഭവങ്ങൾ തെളിയിക്കുന്നു. പരാതികളിന്മേൽ നടപടി സ്വീകരിക്കുന്നതിൽ നിയമപാലകർ പരാജയപ്പെടുന്നിടത്ത് നിയമം കയ്യിലെടുക്കാൻ ഇരകൾതന്നെ നിർബന്ധിതമായ സംഭവം അടുത്തകാലത്ത് കേരളത്തിൽ സൃഷ്ടിച്ച കോളിളക്കം ഇനിയും കെട്ടടങ്ങിയിട്ടില്ല. ഈ പശ്ചാത്തലത്തിൽ ഓർഡിനൻസ് വഴി പൊലീസ് നിയമം ഭേദഗതി ചെയ്യാൻ മന്ത്രിസഭ കൈക്കൊണ്ട തീരുമാനം പൊതുവെ സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. എന്നാൽ നിർദ്ദിഷ്ട ഓർഡിനൻസ് നിയമവൃത്തങ്ങളിലും മനുഷ്യാവകാശ പ്രവർത്തകർക്കിടയിലും മാധ്യമലോകത്തും അനല്പമായ ആശങ്കകൾ സൃഷ്ടിച്ചിരിക്കുന്നുവെന്നത് അവഗണിക്കാനാവാത്ത യാഥാർത്ഥ്യമാണ്. നിർദ്ദിഷ്ട ഓർഡിനൻസ് നീതിന്യായ നിരൂപണത്തിനു മുന്നിൽ നിലനിൽക്കില്ലെന്ന് നിയമവൃത്തങ്ങൾ മുൻകാല സുപ്രീംകോടതി വിധികളുടെ വെളിച്ചത്തിൽ വിലയിരുത്തുന്നു.''
ഇവിടെ ഏറ്റവും പ്രസക്തമായ കാര്യം പൗരന്റെ മൗലികാവകാശവും വ്യക്തിസ്വാതന്ത്ര്യവുമാണ്. 2000 ത്തിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന ഐ ടി നിയമത്തിലെ 66 എ വകുപ്പും 2011 ലെ കേരളാ പൊലീസ് നിയമത്തിലെ 118 ഡി വകുപ്പും സുപ്രീംകോടതി റദ്ദാക്കിയിരുന്നു. സുപ്രീംകോടതി റദ്ദാക്കിയ 118 ഡി വകുപ്പിലെ അതേ കാര്യങ്ങൾ തന്നെയാണ് സംസ്ഥാന സർക്കാർ കൊണ്ടുവരുന്ന ഓർഡിനൻസിൽ ഉള്ളത്. കുറ്റകൃത്യങ്ങൾ തടയാൻ നിയമമില്ലാത്തതല്ലല്ലോ ഇവിടത്തെ പ്രശ്നം. സ്ത്രീധനം മുതൽ പുകവലി വരെ നിരോധിച്ചു കൊണ്ട് കേരളത്തിൽ കൊണ്ടുവന്ന നിയമങ്ങൾക്ക് ചരമഗീതം ഒരുക്കിയത് മുഖ്യമന്ത്രി പിണറായി വിജയൻ ആലോചിക്കണം.
ഇവിടെയാണ് ഗവർണ്ണർ അദ്ദേഹത്തിന്റെ ഭരണഘടനാ അനുസൃതമായ അധികാരങ്ങൾ വേണ്ട രീതിയിൽ ഉപയോഗിച്ചില്ലെന്ന് മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കും മാത്രമല്ല, കേരളത്തിലെ പൊതു പ്രവർത്തകർക്കു പോലും തോന്നാൻ കാരണം. ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയനുമായി തല്ലുകൂടണമെന്നോ സ്ഥിരമായി സംഘർഷത്തിലാകണമെന്നോ അല്ല പറഞ്ഞതിനർത്ഥം. ഭരണഘടനയും ജനാധിപത്യവും ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളെ സംരക്ഷിക്കാനും നിലനിർത്താനും പരിപാലിക്കാനുമുള്ള ബാധ്യത ഗവർണ്ണർക്കുണ്ട്. പഴയ കോൺഗ്രസ്സ് ഭരണകാലത്തെ ഗവർണ്ണർമാരെ പോലയല്ല ആരിഫ് മുഹമ്മദ് ഖാൻ. അടിയന്തിരാവസ്ഥയ്ക്ക് എതിരെ പോലും ശബ്ദമുയർത്തുകയും അതിനെതിരെ പ്രതികരിക്കുകയും ചെയ്ത ആരിഫ് മുഹമ്മദ് ഖാൻ ഭാരതീയ ജനാധിപത്യ സംവിധാനത്തെ സസൂക്ഷ്മം വിലയിരുത്തുന്നവരുടെ ഒരു പ്രതീക്ഷ തന്നെയായിരുന്നു. ഷഹബാനു കേസിൽ സുപ്രീംകോടിതി വിധി അട്ടിമറിച്ചതിനെതിരെ നിലപാടെടുത്ത ആരിഫ് മുഹമ്മദ് ഖാനെയാണ് കേരളം രാജ്ഭവനിൽ പ്രതീക്ഷിക്കുന്നത്. അല്ലാതെ അടിച്ചും വെട്ടിയും കൊന്നും ഭീഷണിപ്പെടുത്തിയും ഏതാനും എം എൽ എമാരെ വിജയിപ്പിച്ചെടുത്ത് അതിന്റെ ബലത്തിൽ എന്ത് ജനാധിപത്യ ധ്വംസനവും നടത്താൻ കച്ചകെട്ടിയിറങ്ങിയ ഒരു മര ഊളയോ മരപ്പാഴോ (ശ്രീജിത് പണിക്കരോട് കടപ്പാട്) കൊണ്ടു കൊടുക്കുന്ന എന്ത് കടലാസും ഓർഡിനൻസ് ആക്കി തുല്യം ചാർത്തി കൊടുക്കാനാണ് ഗവർണ്ണർ പദവി എങ്കിൽ, കാർട്ടൂണിസ്റ്റ് അബു വരച്ചുകാട്ടിയ, അടിയന്തിരാവസ്ഥ പുറപ്പെടുവിച്ച വിജ്ഞാപനത്തിന് ബാത്ത് ടബ്ബിൽ കിടന്നുകൊണ്ട് തുല്യം ചാർത്തിയ അന്നത്തെ രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദിനെയാണ് ഗവർണ്ണർ ഓർമ്മിപ്പിക്കുന്നത്. കേരളത്തിൽ തലയിൽ അത്യാവശ്യം ആൾത്താമസമുള്ള പലരും ഗവർണ്ണറെ നേരിൽ കണ്ട് ഇക്കാര്യം പറഞ്ഞതാണ്. സാമൂഹ്യ മാധ്യമങ്ങളിൽ നിരന്തരം എഴുതിയതാണ്. പക്ഷേ, ഇതൊന്നും വകവെയ്ക്കാതെ, യാതൊരു സുരക്ഷിതത്വവുമില്ലാതെ കേരളത്തിലെ പൊതു ജനങ്ങളെ അഭിനവ കിം ജോങ് ഉന്നിന് മുന്നിലേക്ക് എറിഞ്ഞു കൊടുക്കുന്നതിന് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനും ഉത്തരവാദിയാണ്. എങ്ങനെയാണ് താങ്കളുടെ സ്വാതന്ത്ര്യബോധവും വിജ്ഞാനവും പിണറായി വിജയനെ പോലുള്ള ഒരു ഏകാധിപതിക്ക് അടിമപ്പെട്ടതെന്ന് ഞങ്ങൾക്ക് മനസ്സിലാകുന്നില്ല ബഹുമാന്യനായ ഗവർണ്ണർ!
ഗവർണ്ണർക്ക് ഉള്ളതിനേക്കാൾ വിവേകം സി പി എമ്മിന്റെ കേന്ദ്ര നേതൃത്വത്തിന് ഉണ്ടായി എന്നുള്ളതുകൊണ്ടാണ് ഞായറാഴ്ച രാത്രിയിലെങ്കിലും ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം വിലക്കുന്ന നിയമം പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് സി പി എം കേന്ദ്ര കമ്മിറ്റി ഔദ്യോഗികമായി ട്വീറ്റ് ചെയ്തത്. ഈ നിയമം നരേന്ദ്ര മോദിയാണ് കൊണ്ടുവന്നിരുന്നതെങ്കിൽ എന്താകുമായിരുന്നു സി പി എമ്മിന്റെ നിലപാട്? ഇന്ത്യയിലെ ഓൺലൈൻ മാധ്യമങ്ങളിൽ ഒരു വിഭാഗമെങ്കിലും ഒരു നിയന്ത്രണവുമില്ലാത്ത രീതിയിൽ രാഷ്ട്രവിരുദ്ധ ഇസ്ലാമിക കമ്യൂണിസ്റ്റ് നിലപാട് പുലർത്തുന്നവരാണ്. അവർ കൊണ്ടുവരുന്ന വാർത്തകളിൽ പലതും അർദ്ധസത്യങ്ങളും അസത്യങ്ങളും മാത്രമല്ല, ഈ രാജ്യത്ത് വിഘടനവാദം ഉയർത്താനും ജാതിമത വിഭാഗങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമായ വാർത്തകളാണ്. സുപ്രീംകോടതി നിർദ്ദേശമനുസരിച്ച് ഓൺലൈൻ മാധ്യമങ്ങളുടെ നിയന്ത്രണം കേന്ദ്രസർക്കാരിൽ നിക്ഷിപ്തമാക്കിക്കൊണ്ട് വന്ന മന്ത്രിസഭാ തീരുമാനത്തിന് എതിരെ പോലും രംഗത്തെത്തിയത് ഇടതുപക്ഷമാണ്. അവരാണ് ഈ ഭേദഗതി കൊ്ണ്ടുവന്നിരിക്കുന്നത്.
സ്വാതന്ത്ര്യത്തിനു മുൻപ് ഭരണാധികാരികൾക്ക് എതിരെ എഴുതിയതിന് സ്വദേശാഭിമാനിയെ നാട് കടത്തിയിരുന്നു. പത്രങ്ങളെ നിയന്ത്രിക്കാനും മാധ്യമങ്ങളുടെ വായ പൂട്ടാനും എല്ലാകാലത്തും ശ്രമങ്ങളുണ്ടായിട്ടുണ്ട്. സി ആർ എൻ പിഷാരടിയെ ലോക്കപ്പിൽ അടച്ചിട്ടുണ്ട്. മാതൃഭൂമി റിപ്പോർട്ടറായിരുന്ന കെ ജയചന്ദ്രനെ പൊലീസ് ജീപ്പിൽ കയറ്റി ഭേദ്യം ചെയ്ത് ജയിലിൽ അടച്ചിട്ടുണ്ട്. അടിയന്തിരാവസ്ഥയ്ക്ക് എതിരെ, കമ്യൂണിസ്റ്റുകാർ പോലും പൊത്തിലൊളിച്ചപ്പോൾ ഇന്ദിരയുടെ അടിയന്തിരം എന്ന ലഘുലേഖയിറക്കി അറസ്റ്റു വരിച്ച മാതൃഭൂമിയിലെ പത്രപ്രവർത്തകൻ പി രാജൻ 19 മാസം ജയിലിൽ കിടന്നിട്ടുണ്ട്. ശബരിമലയിൽ ആചാരാനുഷ്ഠാനങ്ങൾ തകർത്ത് ടൂറിസം കേന്ദ്രമാക്കി മാറ്റാനുള്ള പിണറായി സർക്കാരിന്റെ നയത്തിനെതിരെ ഭക്തർക്കൊപ്പം എന്ന നിലപാട് എടുത്തതിന് മാധ്യമങ്ങളെ ശബരിമലയിൽ കയറ്റാതിരിക്കാൻ ശ്രമിച്ചപ്പോൾ ജനം ടി വി ചീഫ് എഡിറ്ററാണ് ഹൈക്കോടതിയിൽ പോയി അനുമതി വാങ്ങിയത്. ആറുമാസം പോലും കാലാവധിയില്ലാത്ത ഈ സർക്കാർ അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമർത്താൻ ശ്രമിച്ചാൽ അതിനെതിരെ ജയിലിൽ പോകാൻ നിരവധി മാധ്യമപ്രവർത്തകർ ഉണ്ടാകും എന്ന കാര്യം പിണറായി വിജയനെ ഓർമ്മിപ്പിക്കുന്നു. ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ ബ്രണ്ണൻ കോളേജിൽ താങ്കൾ നടന്നു എന്നവകാശപ്പെടുന്നത് പുളുവാണെന്നും അന്ന് ബ്രണ്ണൻ കോളേജിൽ എ ബി വി പി ഉണ്ടായിരുന്നില്ലെന്ന് അതേ കോളേജിൽ വിദ്യാർത്ഥിയായിരുന്ന കെ സുധാകരൻ സാക്ഷ്യപ്പെടുത്തിയതും ചരിത്രമാണ്.
ഒരു മേനിക്ക് ഇരട്ടച്ചങ്കനാണ് എന്നുപറയുന്ന താങ്കൾ കേരളം കണ്ട ഏറ്റവും വലിയ ഭീരുവായ മുഖ്യമന്ത്രിയാണ്. അല്പമെങ്കിലും ധൈര്യമോ കരളുറപ്പോ ഉണ്ടെങ്കിൽ മാധ്യമങ്ങളെയും സാമൂഹ്യമാധ്യമങ്ങളെയും വരുതിക്ക് നിർത്തി വായടപ്പിച്ച് സംസ്ഥാനം ഭരിക്കാമെന്ന് കരുതുമോ? മുഖ്യമന്ത്രിയുടെ ഓഫീസ് വേശ്യാലയവും കള്ളക്കടത്ത് കേന്ദ്രവും ആക്കിയപ്പോൾ പ്രതികരിക്കാതെ നിസ്സംഗനായിരുന്ന, ഞാനൊന്നും അറിഞ്ഞില്ല എന്നുപറഞ്ഞ താങ്കൾക്ക് മാധ്യമങ്ങളുടെ വായ മൂടി കെട്ടിയാലേ ഭരിക്കാനാകൂ എന്നുണ്ടെങ്കിൽ താങ്കൾ രാജിവെച്ച് ഒഴിയുകയാണ് വേണ്ടത്. ജനാധിപത്യത്തിനും ഭരണഘടനയ്ക്കും തീരാശാപമാണ് ഈ ഓർഡിനൻസ് എന്ന് ഒരിക്കൽ കൂടി പറയട്ടെ.
മറുനാടന് മലയാളി ബ്യൂറോ