മാഡ്രിഡ്: പ്രായപൂർത്തിയാകാത്ത മൂന്ന് പെൺമക്കളുടെ നഗ്നഫോട്ടോകൾ വിറ്റ് കാശാക്കിയ നാല്പത്തൊന്നുകാരിയായ അമ്മയെ സ്പാനിഷ് പൊലീസ് അറസ്റ്റ് ചെയ്തു. ഇന്റർനെറ്റ് വഴി വർഷങ്ങളായി മക്കളുടെ നഗ്നചിത്രങ്ങൾ വിറ്റ് പണം നേടിയിരുന്ന അമ്മയെ അറസ്റ്റ് ചെയ്തത് 15കാരിയായ മകളുടെ പരാതിയിന്മേലാണ്.

സെപ്റ്റംബറിലാണ് പതിനഞ്ചുകാരിയും കാമുകനും ചേർന്ന് സെവില്ലെ പ്രൊവിൻസിലെ ഒരു പൊലീസ് സ്‌റ്റേഷനിൽ പെൺകുട്ടിയുടെ അമ്മയ്‌ക്കെതിരേ കേസ് കൊടുക്കുന്നത്. തന്റേയും ഏഴും എട്ടും പ്രായമുള്ള സഹോദരിമാരുടേയും നഗ്നചിത്രങ്ങളും വീഡിയോയും എടുത്ത് വിൽക്കുന്നുവെന്ന് പെൺകുട്ടി പൊലീസിൽ മൊഴി നൽകുകയായിരുന്നു. ഇവരെ മൂന്നു പേരെയും കൂടാതെ ഇവരുടെ മറ്റൊരു ബന്ധുവായ പെൺകുട്ടിയുടേയും ഫോട്ടോകൾ ഇത്തരത്തിൽ എടുക്കുകയായിരുന്നു പതിവെന്ന് 15കാരി വ്യക്തമാക്കി.

ഫാഷൻ ഷോ മേഖലയിലേക്കാണ് ഫോട്ടോകൾ വേണമെന്നു പറഞ്ഞാണ് തങ്ങളുടെ നഗ്നചിത്രങ്ങൾ അമ്മ നിർബന്ധിപ്പിച്ച് എടുത്തിരുന്നത്. അടിവസ്ത്രങ്ങളുടെ അളവിന് നഗ്നചിത്രങ്ങൾ തന്നെ വേണമെന്നാണ് അമ്മ കുട്ടികളോട് പറഞ്ഞിരുന്നത്. എന്നാൽ ഒരു ഡേറ്റിങ് സൈറ്റ് മുഖേന അമ്മ ഫോട്ടോകൾ വിറ്റു കാശാക്കുകയാണെന്ന് പിന്നീട് മുതിർന്ന പെൺകുട്ടി മനസിലാക്കുകയായിരുന്നു. അതേസമയം ഫോട്ടോകൾക്ക് പോസ് ചെയ്തില്ലെങ്കിൽ അമ്മയുടെ മർദനം തങ്ങൾക്ക് ഏൽക്കേണ്ടി വന്നിരുന്നതായും പെൺകുട്ടി വെളിപ്പെടുത്തി. ഫോട്ടോകൾ വിറ്റിരുന്ന പുരുഷന്മാരുടെ പക്കൽ പണം വാങ്ങാൻ പെൺകുട്ടിയെ വിട്ടിരുന്നതായും വെളിപ്പെട്ടിട്ടുണ്ട്.

കുട്ടികളുടെ ഫോട്ടോകൾ അടങ്ങിയ കമ്പ്യൂട്ടറും ഒരു മൊബൈൽ ഫോണും 15കാരി പൊലീസിന് കൈമാറിയിട്ടുണ്ട്. പെൺകുട്ടിയുടെ പരാതിയിൽ രണ്ടാഴ്ച മുമ്പ് പൊലീസ് അമ്മയെ അറസ്റ്റ് ചെയ്തു. ഇവരുടെ പക്കൽ നിന്നും ഫോട്ടോകൾ വാങ്ങിയ 49-കാരനും അറസ്റ്റിലായിട്ടുണ്ട്.  കേസ് അന്വേഷണം പുരോഗമിക്കുന്നതിനാൽ കുട്ടികളുടെ സമീപത്തു നിന്ന് മാറിത്താമസിക്കാൻ പൊലീസ് ഉത്തരവിട്ടിട്ടുണ്ട്.