- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടുക്കിയിലെ എസ്എഫ്ഐ പ്രവർത്തകന്റെ കൊലപാതകം: യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലി പിടിയിൽ; കസ്റ്റഡിയിലെടുത്തത് ബസിൽ യാത്ര ചെയ്യവേ; കുത്തിയത് നിഖിലാണെന്നാണ് പ്രാഥമിക നിഗമനമെന്ന് എസ്പി; ഇരുകൂട്ടരും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു; രാഷ്ട്രീയ കൊലപാതകമാണോ എന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്നും പൊലീസ്
ഇടുക്കി: എസ്എഫ്ഐ പ്രവർത്തകൻ ധീരജനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് പിടിയിൽ. ധീരജിനെ കുത്തിയതായി കരുതുന്ന നിഖിൽ പൈലിയാണ് പിടിയിലായിരിക്കുന്നത്. ബസിൽ യാത്ര ചെയ്യവെയാണ് നിഖിലിനെ പൊലീസ് പിടികൂടിയത്. നിഖിൽ പൈലിയാണ് കുത്തിയതെന്നാണ് പ്രാഥമിക നിഗമനമെന്നും അന്വേഷണം ആരംഭിച്ചതായും എസ്പി പറഞ്ഞു. രാഷ്ട്രീയ കൊലപാതകമാണോ എന്നതിനെക്കുറിച്ച് നിലവിൽ പറയാൻ സാധിക്കില്ല. ഇരുകൂട്ടരും തമ്മിൽ സംഘർഷം ഉണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. രാഷ്ട്രീയ കൊലപാതകമാണോ എന്നതിനെക്കുറിച്ച് അന്വേഷിക്കുമെന്നും എസ്പി പറഞ്ഞു.
അതേസമയം, കുത്തേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിൽ എത്തിക്കാൻ പൊലീസ് സഹായിച്ചില്ലെന്ന് എസ്എഫ്ഐ പ്രവർത്തകർ ആരോപിച്ചു. കുത്തേറ്റ കാര്യം പറഞ്ഞപ്പോൾ അവിടെക്കിടക്കട്ടേയെന്ന് പൊലീസ് പറഞ്ഞതായി ധീരജിന്റെ സുഹൃത്തുക്കൾ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ വിദ്യാർത്ഥികൾ തന്നോട് പരാതിയൊന്നും പറഞ്ഞിട്ടില്ലെന്നാണ് എസ്പിയുടെ നിലപാട്.
അതേസമയം ഇടുക്കി എൻജിനീയറിങ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രനെ കുത്തിക്കൊന്ന യൂത്ത് കോൺഗ്രസ് നേതാവ് മണിയാറംകുടി സ്വദേശി നിഖിൽ പൈലി ഉന്നത കോൺഗ്രസ് ബന്ധമുണ്ടെന്നാണ് ആരോപണം. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ എന്നിവരുടെ അടുത്ത അനുയായിയാണ് നിഖിൽ പൈലിയെന്നാണ് സിപിഎം അനുഭാവികൾ പ്രചരിപ്പിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. നിരവധി കോൺഗ്രസ് നേതാക്കൾക്കൊപ്പം നിഖിൽ നിൽക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റാണ് നിഖിൽ.
ധീരജിനെ കൊന്ന ശേഷം നിഖിൽ പൈലി ഓടി പോകുന്നത് കണ്ടെന്ന് ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗം കെ ജി സത്യൻ വെളിപ്പെടുത്തിയത്. കുത്തേറ്റ ധീരജിനെ ആശുപത്രിയിലെത്തിച്ചത് സത്യന്റെ കാറിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് ഇടുക്കി എൻജിനീയറിങ് കോളേജിൽ ധീരജിനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുത്തിക്കൊന്നത്. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജീനിയറിങ് എഴാം സെമസ്റ്റർ വിദ്യാർത്ഥിയാണ് തളിപ്പറമ്പ് പാൽകുളങ്ങര രാജേന്ദ്രന്റെ മകൻ ധീരജ്. കുത്തേറ്റ അഭിജിത് ടി സുനിൽ, അമൽ എ എസ് എന്നിവർ ചികിത്സയിൽ കഴിയുകയാണ്. ധീരജിന്റെ നെഞ്ചിലാണ് കുത്തേറ്റത്. ക
ുത്തി വീഴ്ത്തിയ ഉടൻ നിഖിൽ പൈലിയും കൂടെയുണ്ടായിരുന്നവരും ഓടി രക്ഷപെടുകയായിരുന്നു.അതേസമയം, കേസുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ജെറിൻ ജോജോയാണ് കസ്റ്റഡിയിലായത്. സംഭവശേഷം ഓടി രക്ഷപ്പെടുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.'കലാപം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ അനുവദിക്കില്ല'
ഇടുക്കി എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥിയും എസ്.എഫ്.ഐ പ്രവർത്തകനുമായ ധീരജ് രാജേന്ദ്രന്റെ കൊലപാതകം അങ്ങേയറ്റം ദുഃഖകരവും അപലപനീയവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കലാലയങ്ങളിൽ കലാപം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ ഒരു കാരണവശാലും അനുവദിക്കില്ല. ധീരജിന്റെ കൊലപാതകികളെ എത്രയും പെട്ടെന്ന് നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന നിർദ്ദേശം പൊലീസിനു നൽകിയിട്ടുണ്ട്. ധീരജിന്റെ കുടുംബാംഗങ്ങളുടേയും സഹപാഠികളുടേയും സുഹൃത്തുക്കളുടേയും ദുഃഖത്തിൽ പങ്കു ചേരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെപിസിസി അധ്യക്ഷനായി കെ സുധാകരൻ വന്ന ശേഷം കോൺഗ്രസ് പ്രവർത്തകരെ അക്രമത്തിലേക്ക് തള്ളി വിടുകയാണ് ചെയ്യുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പ്രകോപന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. അതിന്റെ ഭാഗമാണ് ഇടുക്കിയിൽ നടന്ന സംഭവമെന്നും അക്രമങ്ങളിലൂടെ കേരളത്തിന്റെ സമാധാനന്തരീക്ഷം തകർക്കാൻ ശ്രമിക്കരുതെന്നും കോടിയേരി ആവശ്യപ്പെട്ടു. കോളേജ് തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന് ഉറപ്പായപ്പോൾ പുറത്തുനിന്ന് സംഘടിച്ചെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് വിദ്യാർത്ഥികളെ ആക്രമിച്ചത്. ഇങ്ങനെയാണ് സുധാകരന്റെ സെമി കേഡറെങ്കിൽ കേരളത്തിന്റെ അവസ്ഥ എന്താകുമെന്ന് ജനങ്ങൾ ആലോചിക്കണമെന്നും ധീരജിന്റേത് കോൺഗ്രസ് നേതൃത്വം അറിഞ്ഞ് നടത്തിയ കൊലപാതകമാണെന്നും കോടിയേരി വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ