കോഴിക്കോട്: ശബരിമലയിലെ സോഷ്യൽ മീഡിയ പ്രചരണങ്ങളിൽ പൊലീസ് കരുതലോടെ അന്വേഷണം തുടരുകയാണ്. നേരത്തെ ഐജി മനോജ് എബ്രഹാമിനെതിരെ പോസ്റ്റിട്ടവർക്കെതിരെ നേരത്തെ പൊലീസ് അതിശക്തമായ നടപടി എടുത്തിരുന്നു. ഐജിയെ വർഗ്ഗീയ പരമായി അപമാനിച്ചവർക്കെതിരെ കേസെടുത്തു. പലരേയും അറസ്റ്റ് ചെയ്തു. സമാന രീതിയിൽ സോഷ്യൽ മീഡിയ അരിച്ചു പെറുക്കി കേസെടുക്കൽ തുടരുകയാണ് പൊലീസ്. സൈബർ ഡോമിന്റെ സേവനവും ഇതിനായി ഉപയോഗിക്കുന്നുണ്ട്.

ശബരിമലയിൽ സ്ത്രീ പ്രവേശനത്തിനുള്ള സുപ്രീംകോടതി വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ച സാഹചര്യത്തിൽ ക്ഷേത്രത്തിന് മതിയായ സുരക്ഷ നൽകണമെന്ന് കേന്ദ്ര സർക്കാരും നിർദ്ദേശിച്ചിരുന്നു. സോഷ്യൽ മീഡിയയെ നിരീക്ഷിക്കണമെന്നും കർശന നടപടിയെടുക്കണമെന്നും നിർദ്ദേശിച്ചു. ഈ സാഹചര്യത്തിലാണ് സോഷ്യൽ മീഡിയയെ നിരീക്ഷിക്കുന്നതെന്നാണ് പൊലീസ് നൽകുന്ന സൂചന. ചെറിയ കമന്റുകൾക്ക് പോലും നടപടി വരും. കലാപത്തിനോ അക്രമത്തിനോ ആഹ്വാനം ചെയ്തുള്ള പരോക്ഷ പ്രസ്താവന പോലും ഗൗരവമായി എടുക്കുന്നതിന്റെ സൂചനകളാണ് പുറത്തു വരുന്നത്. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിർദ്ദേശ പ്രകാരമാണ് ഇത്.

ഫേസ്‌ബുക്കിലൂടെ മുഖ്യമന്ത്രിക്കുനേരേ വധഭീഷണി മുഴക്കുകയും അസഭ്യം പറയുകയും ചെയ്ത വലിയപൊയിൽ ഉമ്മണത്തെ കെ.സി.രഞ്ജിത്തിനെതിരേ ചീമേനി പൊലീസ് കേസെടുത്തത് ഇതിന്റെ ഭാഗമായാണ്. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് 26-ന് മറ്റൊരാളുടെ ഫേസ്‌ബുക്ക് പോസ്റ്റിലാണ് രഞ്ജിത്ത് പൊതുവാൾ എന്ന് ഫേസ്‌ബുക്കിൽ പേര് നൽകിയിട്ടുള്ള ഇയാൾ പ്രകോപനപരമായ കുറിപ്പിട്ടത്. മുഖ്യമന്ത്രിയെ കൊന്നിട്ടായാലും ശബരിമല സ്ത്രീപ്രവേശനം തടയുമെന്നാണ് കുറിപ്പിട്ടത്. ഡിവൈഎഫ്ഐ. ബ്ലോക്ക് സെക്രട്ടറി രജീഷ് വെള്ളാട്ടിന്റെ പരാതിയിലാണ് കേസെടുത്തത്. പരാതി കിടിയില്ലെങ്കിലും നടപടി എടുക്കുമെന്ന് പൊലീസ് വിശദീകരിക്കുന്നുമുണ്ട്.

ശബരിമലയിൽ നിരവധി ഗ്രൂപ്പുകളിൽ ചർ്ച്ചകൾ സജീവമാണ്. ഇതിലെ കമന്റുകൾ പോലും പൊലീസ് പരിശോധിക്കുന്നുണ്ട്. ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് പോസ്റ്റിടുന്നവരുടെ കമന്റുകൾ സൈബർ ഡോം പരിശോധിക്കുന്നുണ്ട്. ചെറിയ പരാമർശം പോലൂം ഗൗരവത്തോടെ എടുക്കും. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഒപ്പം പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ പരാതിയും പരിശോധിക്കും. ശബരിമല ദർശനത്തിന് ശ്രമിച്ച യുവതികൾക്കെതിരേയും വധഭീഷണിയുണ്ട്. ഈ പരാതികളിലും പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുന്നുണ്ട്.

ശബരിമല സംഘർഷവുമായി ബന്ധപ്പെട്ട് സംസ്ഥാനത്താകെ ഇതുവരെ അറസ്റ്റിലായത് 3557 പേരാണ്. കഴിഞ്ഞദിവസം മാത്രം 52 പേരെ അറസ്റ്റ് ചെയ്തു. 531 കേസുകളിലായാണ് ഇത്രയും അറസ്റ്റ്. സംഘർഷത്തിൽ ഉൾപ്പെട്ട 210 പേരുടെ ചിത്രങ്ങൾകൂടി പൊലീസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇതോടെ പുറത്തുവിട്ട ചിത്രങ്ങളുടെ എണ്ണം 420 ആയി. നാനൂറോളം പേരെ ഇനിയും പിടികൂടാനുണ്ടെന്ന് പൊലീസ് കണക്കാക്കുന്നു. ഇതിൽ 350 പേർ ഒളിവിലാണെന്നാണ് പൊലീസ് നിഗമനം. സംഘർഷത്തിൽ ഉൾപ്പെട്ടവരെയും അക്രമങ്ങൾ നടത്തിയവരെയും അടുത്ത ദിവസങ്ങളിൽതന്നെ അറസ്റ്റ് ചെയ്യാൻ നിർദ്ദേശമുണ്ട്.

ഇതിനായി പുറത്തുവിട്ട ചിത്രങ്ങൾ വിവിധ ജില്ലാ പൊലീസ് മേധാവിമാർക്ക് കൈമാറി. ഇതിൽ ചിലർ വിദേശത്തേക്ക് കടന്നെന്ന സൂചനകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. കൂടുതൽ പേർ വിദേശത്തേക്ക് കടക്കാതിരിക്കാൻ വിമാനത്താവള അധികൃതർക്കും ചിത്രങ്ങളും വിവരങ്ങളും കൈമാറും. പിടിയിലായവരെയെല്ലാം മണ്ഡലകാലത്തും നിരീക്ഷിക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. അതിനിടെ ബിജെപിയുടെ ഐജി ഓഫിസ് മാർച്ചിൽ ഐജിക്കെതിരെ ബിജെപി നേതാവിന്റെ പരാമർശം വിവാദമായി.

മനോജ് ഏബ്രഹാം എന്നു പറയുന്ന പൊലീസ് നായയാണ് വാസ്തവത്തിൽ ശബരിമലയിൽ അക്രമമുണ്ടാക്കിയതെന്നും അയാളെ വെറുതെ വിടില്ലെന്നുമാണ് ബിജെപി സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണൻ പറഞ്ഞത്. ഇതും പൊലീസ് പരിശോധിക്കുന്നുണ്ട്. ഗോപാലകൃഷ്ണനെതിരേയും കേസ് എടുത്തേക്കും.