തൃശൂർ: കോടികൾ കട്ടു മുടിക്കുന്നവനെയും കൊള്ളയും കൊലയും നടത്തിയവനെയും ഒന്നു തൊടാൻ പോലും കഴിയാതെ നാട്ടിൽ വിലസുമ്പോൾ പൊലീസിന്റെ തെമ്മാടിത്തരത്തിന് എതിരെ ശബ്ദം ഉയർത്തിയാൽ ആ നിമിഷം പിടിച്ച് അകത്തിടുമെന്ന് കേരള പൊലീസ് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. ഓട്ടോയുടെ മുൻ സീറ്റിൽ ഇരുന്നതിന്റെ പേരിൽ 300 രൂപ പിഴയിട്ട പൊലീസിനെതിരെ ലൈവ് സംപ്രേഷണം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തതു മാത്രം മതി പൊലീസിന്റെ ക്രൂര വിനോദത്തിന് ഉദാഹരണമായി. ഭീകരവാദിയെ പോലെ അറസ്റ്റ് ചെയ്ത് ഉടുപ്പിന് പിടിച്ച് ജീപ്പിൽ ഇട്ടുകൊണ്ടുപോയി എന്ന് മാത്രമല്ല അത് ലൈവ് സംപ്രേഷണം ചെയ്തുമാണ് പൊലീസ് പ്രതികാരം തീർത്തത്.

കോടതിയെ പഴിചാരി പൊലീസ് തെമ്മാടിത്തരത്തിന് ന്യായീകരണം കണ്ടെത്തുകയാണ് എന്നു വ്യക്തമാണ്. ലൈവ് സംപ്രേഷണം ചെയ്ത യുവാവിനെ പൊലീസ് നേരിട്ട് അറസ്റ്റ് ചെയ്താൽ അത് വിവാദം ആകുമെന്നു ഭയന്നാണ് കൃത്യനിർവ്വഹണത്തിന് തടസ്സം ഉണ്ടാക്കി എന്നും ഭീഷണിപ്പെടുത്തി എന്നും പറഞ്ഞു പൊലീസ് അറസ്റ്റ് ആവശ്യപ്പെട്ടു കോടതിയെ സമീപിച്ചത്. പൊലീസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ കോടതി അങ്ങനെ അനുവദിക്കുക പതിവാണ്. യുവാവിനെ ക്രൂരമായി പീഡിപ്പിക്കാൻ വേണ്ടി പൊലീസ് കോടതിയെ തെറ്റിദ്ധരിപ്പിക്കുക ആയിരുന്നു എന്നു വേണം കരുതാൻ.

അകാരണമായി പൊലീസ് ഫൈൻ ഇട്ടതിന് ഫെയ്സ് ബുക്കിൽ ലൈവിട്ട് പ്രതിഷേധിച്ച യുവാവിനെയാണ് ചാലക്കുടി ടൗണിൽ നിന്നും തീവ്രവാദിയെ എന്നതുപോലെ മഫ്തിയിൽ വന്ന് പൊലീസ് ഷർട്ടിന് കുത്തിപ്പിടിച്ച് അറസ്റ്റ് ചെയ്തുകൊണ്ടുപോയത്. പുറത്ത് വിലസി നടക്കുന്ന കാട്ടുകള്ളന്മാരെപ്പോലും ഒരു നോക്കുകൊണ്ടുപോലും വേദനിപ്പിക്കാത്ത തരത്തിൽ പെരുമാറുന്ന പൊലീസ് സാധാരണക്കാരനായ ഒരു ഓട്ടോ ഡ്രൈവറെ ഇത്തരത്തിൽ കൈകാര്യം ചെയ്തത് വലിയ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയർത്തുന്നത്. നിർത്തിയിട്ടിരുന്ന ഓട്ടോ റിക്ഷയുടെ ഫ്രണ്ട്‌സീറ്റിലിരുന്നതിന് 300 രൂപ പിഴയീടാക്കിയപ്പോൾ പൊലീസിന്റെ ഈ ദുഷ്‌ചെയ്ത് സമൂഹമാധ്യമത്തിലൂടെ ലൈവായി ജനങ്ങളെ അറിയിച്ചു എന്നതാണ് പൊലീസിനെ ചൊടിപ്പിച്ചത്. ഇതോടെ പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് അറസ്റ്റിന് നീക്കം നടത്തുകയായിരുന്നു. ഇതിനുശേഷം ഈ അറസ്റ്റ് ദൃശ്യങ്ങൾ അവർതന്നെ പ്രചരിപ്പിക്കുകയും ചെയ്തു.

ഇതോടെ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടന്നതെന്ന് വ്യക്തമാക്കി നിരവധി പേരാണ് യുവാവിന് അനുകൂലമായി ആയിരങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ പ്രതികരിക്കുന്നത്. ചാലക്കുടി പൊലീസ് സ്റ്റേഷൻ പരിധിയിലാണു സംഭവം നടന്നത്. യുവാവ് പോസ്റ്റ് ചെയ്ത ലൈവ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. നിർത്തിയിട്ടിരുന്ന ഓട്ടോ റിക്ഷയുടെ മുൻ സീറ്റിൽ ഇരുന്നതിനാണ് 300 രൂപ പിഴ ഈടാക്കിയതെന്ന് വീഡിയോയിൽ യുവാവ് വിശദീകരിക്കുന്നു. 183ാം റൂൾ അനുസരിച്ചാണ് പിഴ ഈടാക്കിയിരിക്കുന്നത്. ഇതിന്റെ റെസീറ്റ് അടക്കം ഉയർത്തിക്കാണിച്ചാണ് പൊലീസ് ജീപ്പിനു മുന്നിൽനിന്ന് യുവാവ് വീഡിയോ പോസ്റ്റ് ചെയ്തത്.വീഡിയോ പോസ്റ്റ് ചെയ്തതിന് കോടതിയിൽ നിന്ന് അനുമതി വാങ്ങിയാണ് പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഇന്നലെയാണ് കോടതി അനുമതി വാങ്ങിയ ശേഷമാണ് ശ്രീകുമാറിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് മറുനാടൻ മലയാളിയോട് വ്യക്തമാക്കി. കേരള പൊലീസ് ആക്റ്റ് 117ഇ 120 എന്നീ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. 117 ഇ ഒരു പൊലീസ് ഉദ്യോഗസ്ഥനെ ഏതെങ്കിലും കൃത്യനിർവ്വഹണത്തിൽ നിന്നും തടയണമെന്ന പ്രത്യക്ഷമായ ഉദ്ദേശത്തോടെ ഭീഷണിപ്പെടുത്തുകയോ തടയുകയോ കയ്യേറ്റം ചെയ്യുകയോ ചെയ്യുന്നതിന് ചുമത്തുന്ന വകുപ്പാണ്. അപകടകരമായ രീതിയിൽ വാഹനമോടിക്കുന്നതിനും ട്രാഫിക് നിയമങ്ങൾ തെറ്റിക്കുന്നതിനുമാണ് കെ പി ആക്റ്റ് 120 ചുമത്തുന്നത്.

ചാലക്കുടി എന്നത് അത്യാവശ്യം തിരക്കുള്ളതും ജനക്കൂട്ടമുള്ളതുമായ ഒരു ചെറു പട്ടണമാണ്. ഇവിടെ നിന്നും യുവാവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത് വലിയ ക്രിമിനൽ കുറ്റം ചെയ്ത ഒരാളെ പിടികൂടുന്നതിന് സമാനമായാണ് എന്ന വിമർശനമാണ് ഉയരുന്നത്. മഫ്തിയിൽ രണ്ട് പൊലീസുകാർ ശ്രീകുമാറിനെ കുത്തിന് പിടിച്ച ശേഷം പൊലീസ് ജീപ്പിലേക്ക് കയറ്റുകയാണ്. ഇതോടെ ഇതിനെതിരെ ഇപ്പോൾ ഐ സപ്പോർട് ശ്രീകുമാർ എന്ന ഹാഷ് ടാഗിൽ സോഷ്യൽ മീഡിയയിൽ ക്യാമ്പയിനും ആരംഭിച്ചിട്ടുണ്ട്.വലിയ വിമർശനമാണ് ഇതിന്റെ പേരിൽ ഇപ്പോൾ പൊലീസ് നേരിട്ടുകൊണ്ടിരിക്കുന്നത്. തെറ്റ് ചെയ്തുവെങ്കിൽ പോലും ഒരാളെ ഇത്തരത്തിൽ അറസ്റ്റു ചെയ്തത് ന്യായീകരിക്കാനാവില്ലെന്ന ആക്ഷേപവും ഉയരുന്നു.

അതേ സമയം കൃത്യ നിർവഹണത്തിന് തടസ്സം നിന്നതുകൊണ്ട് മാത്രമാണ് അറസ്റ്റ് ചെയ്തതെന്നും ചാലക്കുടി സബ് ഇൻസ്പെക്ടർ മറുനാടൻ മലയാളിയോട് പറഞ്ഞു. ശ്രീകുമാറിന്റെ പേരിൽ മുൻപും ഈ സ്റ്റേഷനിൽ കേസുകളുണ്ടെന്നും 2014ൽ രണ്ട് തല്ല് കേസുകളാണ് ഇയാൾക്കെതിരെ ഇതിന് മുൻപ് ചുമത്തിയിട്ടുള്ളതെന്നും പൊലീസ് പറയുന്നു. യുവാവിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടുവെന്നാണ് പൊലീസിന്റെ വാദം. 

എന്തിനാണു നിങ്ങൾ ഫൈൻ അടിച്ചതെന്ന് യുവാവ് ജീപ്പിലിരിക്കുന്ന പൊലീസുകാരനോട് ആദ്യം പോസ്റ്റ് ചെയ്ത ലൈവ് വീഡിയോയിൽ ചോദിക്കുന്നുണ്ട്. സാർ ഇതൊന്നു വിശദീകരിക്കണമെന്നാണ് യുവാവ് ആവശ്യപ്പെടുന്നത്. എനിക്ക് നിങ്ങളോടു സംസാരിക്കേണ്ട ആവശ്യമില്ലെന്നാണ് ഡ്രൈവിങ് സീറ്റിലിരിക്കുന്ന പൊലീസുകാരൻ മറുപടി നല്കുന്നത്.യുവാവ് നിർബന്ധിച്ചപ്പോൾ മുൻസീറ്റിൽ ആളെയിരുത്തി ഓടിച്ചതിനാണ് ഫൈൻ എന്നു പൊലീസുകാരൻ പറയുന്നു. എന്നാൽ എവിടെയാണ് തങ്ങൾ ഓടിച്ചതെന്നു യുവാവ് വീണ്ടും ചോദിക്കുന്നു. അപ്പോൾ പൊലീസുകാരന് ഉത്തരമില്ല. യൂണിഫോം ഇടാതെ ഓട്ടോ ഓടിച്ചെന്ന ആരോപണമാണ് തുടർന്ന് പൊലീസുകാരൻ ഉന്നയിക്കുന്നത്. നിങ്ങൾ എന്തിനാണ് ഫൈൻ അടച്ചതെന്നും പൊലീസുകാരൻ ചോദിക്കുന്നുണ്ട്.